21 May 2024, Tuesday

Related news

May 21, 2024
May 19, 2024
May 19, 2024
May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024

ആരുമില്ലാത്ത യുവതിക്ക് തുണയായി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
December 8, 2021 4:53 pm

ഭര്‍ത്താവും വീട്ടുകാരും കൈയൊഴിഞ്ഞ പെണ്‍കുട്ടി. അഭയമില്ലാതെ അലഞ്ഞ അവർക്ക് തുണയായി ഹൈക്കോടതി. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ലീഗല്‍ സര്‍വീസസ് സബ് ജഡ്ജിയും വനിതാ ശിശു സംരക്ഷണ സമിതി അംഗങ്ങളും വനിതാകമ്മീഷന്‍ അംഗങ്ങളും സംഭവസ്ഥലത്തെത്തി പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പെണ്‍കുട്ടിയെ കാക്കനാടുള്ള സഖിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റും. കോടതിയില്‍ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങിയതിനു ശേഷം ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കും.

ഭര്‍തൃവീട്ടില്‍ നിന്ന് വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. മൂന്ന് മാസം ഗര്‍ഭിണി ആയിരുന്ന തനിക്ക് ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിച്ചു. അടിവയറ്റില്‍ ചവിട്ട് കിട്ടിയതിനെ തുടര്‍ന്നാണ് ഗര്‍ഭഛിദ്രം സംഭവിച്ചതെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു. ലീഗല്‍ സര്‍വീസ് സബ് ജഡ്ജി യുവതിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.ആരുമില്ലാത്ത കായംകുളം സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് ആശ്രയംതേടി കൊച്ചി നഗരത്തില്‍ അലഞ്ഞത്.

ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അവര്‍ക്ക് നിയമപരമായി അവകാശമുണ്ട്. പക്ഷേ അതിന് കഴിയുന്നില്ല. ഭര്‍ത്താവായ, കലൂര്‍ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടില്‍ ഓസ്വിന്‍ വില്യം കൊറയയും കുടുംബവും വീടുപൂട്ടി സ്ഥലംവിടുകയായിരുന്നു. രണ്ടു വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. രണ്ടുപേര്‍ക്കും പെണ്‍കുട്ടിയെ വേണ്ടെന്നായപ്പോള്‍ അമ്മൂമ്മ വളര്‍ത്തി. അമ്മൂമ്മയുടെ മരണം ഈ കുട്ടിയെ അനാഥയാക്കി. പ്ലസ് ടു കഴിഞ്ഞ് ജോലിക്ക് കൊച്ചിയില്‍ എത്തി. എല്ലാ ജോലികളും ചെയ്തു. കോവിഡു കാലത്ത് ഓണ്‍ലൈന്‍ ഡെലിവറിയും. ഇതിനിടെയാണ് പ്രണയ ചതിയില്‍ വീണത്. ഇത് ജീവിതം ദുസഹമാക്കി.

ഓസ്വിന്‍ വില്യം കൊറയയെന്നായിരുന്നു ആയാളുടെ പേര്. സൗഹൃദം നടിച്ച്‌ കൂടെക്കൂടിയ ഇയാള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പറയുന്നത്. പൊലീസില്‍ പരാതിപ്പെടുമെന്നായപ്പോള്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. ഇതാണ് ജീവിതം കുട്ടിച്ചോറാക്കിയത്. കേസൊഴിവാക്കിയ ഭര്‍ത്താവ് പിന്നീട് പതിയെ ഒഴിവാക്കി. വിവാഹത്തെ തുടര്‍ന്ന് ആലുവ എടത്തലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടകവീട്ടില്‍ ശാരീരിക പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി പറയുന്നു. ജോലിചെയ്ത് സമ്പാദിച്ച പണവും സ്വര്‍ണവും തട്ടിയെടുത്തു. പെണ്‍കുട്ടിയുടെ പേരില്‍ ലോണുകളുമെടുത്തു. ശാരീരിക പീഡനത്തേ തുടര്‍ന്ന് ആരോഗ്യം മോശമായ പെണ്‍കുട്ടിയെ ഉപേക്ഷിച്ച്‌ സപ്റ്റംബര്‍ 23‑ന് വാടകവീട്ടില്‍ നിന്ന് ഭര്‍ത്താവ് സ്വന്തം വീട്ടിലേക്ക് പോന്നു.

തുടര്‍ന്ന് പെണ്‍കുട്ടി കോടതിയെ സമീപിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഭര്‍ത്താവിന്റെ വീട്ടില്‍ താമസിപ്പിക്കണമെന്ന് ഉത്തരവ് നല്‍കി. പ്രൊട്ടക്ഷന്‍ ഓര്‍ഡറുമായി സമീപിച്ചെങ്കിലും എറണാകുളം നോര്‍ത്ത് പൊലീസിന് താല്‍പ്പര്യമില്ല. വാടക കൊടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് തിങ്കളാഴ്ച എടത്തലയിലെ വാടകവീട്ടില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. തുടര്‍ന്ന് കലൂര്‍ ബാങ്ക് റോഡിലെ ഭര്‍ത്താവിന്റെ അടച്ചിട്ട വീടിന്റെ ടെറസിലാണ് അന്തിയുറങ്ങിയത്. ശൗചാലയം ഉപയോഗിക്കാന്‍ ചൊവ്വാഴ്ച വെളുപ്പിന് പുറത്തിറങ്ങിയതോടെ വീട്ടുകാരെത്തി ഗേറ്റ് തുറക്കാനാവാത്ത വിധം പൂട്ടി. ഇതോടെയാണ് അവള്‍ പെരുവഴിയിലായത്.

ENGLISH SUMMARY:High court helps help­less girl
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.