27 February 2026, Friday

Related news

February 27, 2026
February 26, 2026
February 25, 2026
February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 20, 2026
February 19, 2026

കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 27, 2026 10:53 am

സംസ്ഥാനത്തിന്റെ മതസൗഹാര്‍ദ്ദം സാമൂഹിക കെട്ടുറപ്പും, തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ച കേരള സ്റ്റോറി2, ഗോസ് ബിയോണ്ട് സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തിയ ഹര്‍ജിക്കാരുടെ സമയോചിതമായ ഇടപെടലിനെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത്, വിവേകബുദ്ധിയോടെ സത്യം ഉയർത്തിപ്പിടിക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. 

വിദ്വേഷം പടർത്തുന്ന ഇത്തരം വ്യാജ നിർമിതികളെ പ്രതിരോധിക്കാൻ നിയമവഴികൾ തേടിയത് മാതൃകാപരമായ പ്രവർത്തനമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ നമുക്ക് ഒറ്റക്കെട്ടായി ചെറുക്കാം മുഖ്യമന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു കേരള സ്റ്റോറി 2 സിനിമയുടെ റിലീസ് 15 ദിവസത്തേക്കാണ് ഹൈക്കോടതി തടഞ്ഞത്. ചിത്രം വെള്ളിയാഴ്‌ച തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് സ്റ്റേ. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കുന്ന ദൃശ്യങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സെൻസർ ബോർഡ് അവഗണിച്ചെന്നു വിലയിരുത്തി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇടക്കാല ഉത്തരവിട്ടത്. ടീസറിലെ ഉള്ളടക്കംതന്നെ സമുദായസൗഹാർദത്തെ ബാധിക്കുന്നതാണ്‌.

കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ ലോകമെമ്പാടും തെറ്റായി ചിത്രീകരിക്കാൻ ഇത്തരം സിനിമകൾ കാരണമായേക്കാം. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം, മതസൗഹാർദവും പൊതു ജീവിതക്രമവും തകർക്കാൻ ഉപയോഗിക്കരുതെന്ന വ്യവസ്ഥയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സെൻസർ ബോർഡിന് നൽകിയ പരാതിയിൽ രണ്ടാഴ്‌ചയ്‌ക്കകം ഉചിത തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. സിനിമ സ്റ്റേ ചെയ്തതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കാൻ ഹെെക്കോടതിയിൽ വ്യാഴം രാത്രി പ്രത്യേക സിറ്റിങ്‌ നടത്തിയിരുന്നു. വാദം പൂർത്തിയാക്കി ഡിവിഷൻ ബെഞ്ച് വിധിപറയാൻ മാറ്റി. സിനിമയുടെ റിലീസ്‌ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേ ചെയ്തതിനെതിരെ നിർമാതാവ് വിപുൽ ഷാ നൽകിയ അപ്പീൽ രാത്രിതന്നെ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ്‌ സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.