21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 14, 2024
October 25, 2024
October 21, 2024
October 14, 2024
October 14, 2024

വിദ്യാഭ്യാസവായ്പ നിഷേധിക്കരുതെന്ന് ഹെെക്കോടതി

കെ രംഗനാഥ്
തിരുവനന്തപുരം
May 31, 2023 9:23 pm

വിദ്യാഭ്യാസ വായ്പകള്‍ നിഷേധിക്കുന്ന നടപടിയില്‍ നിന്നും സംസ്ഥാനത്തെ ബാങ്കുകള്‍ ഉടനടി പിന്മാറണമെന്ന് ഹെെക്കോടതി ഉത്തരവായി. വായ്പാനിരാസം നാടിന്റെ ഭാവിവാഗ്ദാനങ്ങളോടുള്ള നീതിനിഷേധമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്തെ ബാങ്കുകള്‍ വ്യാപകമായി വിദ്യാഭ്യാസ വായ്പകള്‍ നിഷേധിക്കുന്ന കാര്യം ‘ജനയുഗ’മാണ് പുറത്തുകൊണ്ടുവന്നത്. അപേക്ഷകനൊപ്പം സഹഅപേക്ഷകരായ രക്ഷിതാക്കളുടെ വരുമാനം കുറവാണെന്നും അവര്‍ ബാങ്ക് വായ്പയെടുത്തിട്ടുണ്ടെന്നുമുള്ള കാരണങ്ങള്‍ പറഞ്ഞാണ് വായ്പകള്‍ നിഷേധിച്ചിരുന്നത്. ഇത്തരക്കാര്‍ക്ക് വരുമാന നിര്‍ണയത്തിനുള്ള ‘സിബില്‍ സ്കോര്‍’ കുറവാണെന്നും വായ്പാനിഷേധത്തിന് ബാങ്കുകള്‍ കാരണം കണ്ടെത്തിയിരുന്നു. മതിയായ കാരണങ്ങളില്ലാതെയും സിബില്‍ സ്കോര്‍ കുറവായതിനാലും വായ്പകള്‍ നിഷേധിക്കരുതെന്ന് ഹെെക്കോടതിയും സുപ്രീം കോടതിയും നേരത്തെ ഉത്തരവായിട്ടും വായ്പാനിരാസം തുടര്‍ക്കഥയാവുന്നു എന്നായിരുന്നു ‘ജനയുഗം’ റിപ്പോര്‍ട്ട്.
ബാങ്കുകളുടെ ഈ നിയമവിരുദ്ധ നടപടിക്കെതിരെ ആലുവ സ്വദേശിയായ നോയല്‍ പോള്‍ ഫ്രെഡി ഹെെക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഇന്നലത്തെ സുപ്രധാന ഉത്തരവ്. പുതിയ അധ്യയനവര്‍ഷം ഇന്ന് തുടങ്ങുന്നതോടെ വിദ്യാഭ്യാസ വായ്പകള്‍ നിഷേധിക്കുന്നത് ദരിദ്രരും ഇടത്തരക്കാരുമായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍വിദ്യാഭ്യാസം പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ‘ജനയുഗം’ പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്ക കോടതിയും പങ്കുവച്ചിരിക്കുന്നുവെന്ന് വിധിന്യായത്തില്‍ കാണാം. വിദ്യാഭ്യാസ വായ്പകള്‍ നല്കുന്നതില്‍ മനുഷ്യപ്പറ്റുള്ള സമീപനമാണ് ബാങ്കുകള്‍ സ്വീകരിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. കാരണം വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ രാഷ്ട്രനിര്‍മ്മാതാക്കളാണെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അവരാണ് ഭാവിയില്‍ രാജ്യത്തിന്റെ നിര്‍മ്മാണശക്തികള്‍. രക്ഷിതാക്കള്‍ വരുമാനം കുറഞ്ഞവരാണെന്ന കാരണത്താല്‍ വായ്പ നിരസിക്കുന്നത് ഇക്കാരണത്താല്‍ അധാര്‍മ്മികവുമാണ്.
ഹര്‍ജിക്കാരനായ നോയല്‍ പോള്‍ ഫ്രെഡി പല ബാങ്കുകളില്‍ പലതവണ ആവര്‍ത്തിച്ച് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടും വായ്പാ നിഷേധം തുടര്‍ക്കഥയായതോടെയാണ് ഹെെക്കോടതിയെ ശരണം പ്രാപിച്ചത്. ബാങ്കുകള്‍ നിര്‍ണയിച്ച സിബില്‍സ്കോറില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നും സമ്പന്നരായിരിക്കും. പാവപ്പെട്ടവരും ഇടത്തരക്കാരും എന്നും പിന്നിലായിരിക്കും. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നുവെന്ന കാരണത്താല്‍ വായ്പകള്‍ നിഷേധിക്കുക വഴി നിഷേധിക്കുന്നത് സാമൂഹിക‑സാമ്പത്തിക നീതിയാണെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിരുന്നു. ഹെെക്കോടതി വിധിയനുസരിച്ച് വിദ്യാര്‍ത്ഥി വായ്പാലഭ്യത സുഗമമാക്കാന്‍ സംസ്ഥാന ബാങ്കിങ് സമിതിയുടെ യോഗം സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി വിളിച്ചുകൂട്ടണമെന്ന ആവശ്യവും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

Eng­lish Summary;High Court should not deny edu­ca­tion loan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.