31 January 2026, Saturday

Related news

January 31, 2026
January 30, 2026
January 30, 2026
January 29, 2026
January 29, 2026
January 26, 2026
January 21, 2026
January 12, 2026
January 8, 2026
January 8, 2026

പ്രവാസികളുടെ സുരക്ഷിതത്വത്തിനായി ഉന്നതാധികാര സമിതി രൂപീകരിക്കും: മുഖ്യമന്ത്രി

നിർദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കാനായി സ്റ്റാൻഡിങ് കമ്മിറ്റി 
Janayugom Webdesk
തിരുവനന്തപുരം
January 31, 2026 10:05 pm

പ്രവാസി സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ ഉന്നതാധികാര സമിതിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ അംഗങ്ങളായ സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യും. അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ പ്രവാസികൾ ഉയർത്തിയ നിർദേശങ്ങളിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഓസ്ട്രിയയിലും ജർമനിയിലും ഭാഷാ പ്രാവീണ്യത്തിനായുള്ള എവണ്‍, എടു, ബി വണ്‍, ബിടു മോഡ്യൂളിന്റെ വ്യാജ സർട്ടിക്കറ്റുകൾ, വ്യാജ റിക്രൂട്ട്മെന്റ് എന്നിവ വ്യാപകമായിട്ടുണ്ട്. ഇത് ഗൗരവമുള്ള പ്രശ്നമാണ്. 2024 ൽ മാത്രം ഈ ഗണത്തിൽ 1300 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിനെതിരെ ബോധവൽക്കരണം നടത്തും. ഇതിന് പുറമെയാണ് സംസ്ഥാന സർക്കാർ പുതുതായി സ്ഥാപിക്കുന്ന നോർക്ക പൊലീസ് സ്റ്റേഷൻ. നോർക്ക പൊലീസ് സ്റ്റേഷനിൽ ഏത് പ്രവാസിക്കും നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാം. 

ലോക കേരള സഭയിൽ പ്രവാസികൾ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കാനായി സ്റ്റാൻഡിങ് കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ, തിരികെയെത്തിയ പ്രവാസികൾ, നോർക്ക ഡയറക്ടർമാർ എന്നിവർ അംഗങ്ങളായുള്ളതാണ് സ്റ്റാൻഡിങ് കമ്മിറ്റി. നോർക്ക വകുപ്പ് സെക്രട്ടറി ഉൾപ്പെടെ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
തിരികെ വന്ന പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണമെന്ന ആവശ്യത്തിനും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചു. നോർക്ക കെയർ പദ്ധതിയിൽ ഇക്കാര്യം ഉൾപ്പെടുത്താമോ എന്ന് പരിശോധിക്കും. ഗ്രാമപഞ്ചായത്ത്, വാർഡ് തലത്തിൽ ഡയസ്പോറ പദ്ധതികൾ പ്രവാസി മിഷൻ മുഖേന നടപ്പാക്കും. മിഷൻ ഉദ്ഘാടനം അടുത്തമാസം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം, സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കൽ എന്നിവയെല്ലാം പ്രവാസി മിഷന് കീഴിൽ പരിശോധിക്കും. 

പ്രവാസികൾക്ക് സംസ്ഥാനം മുഖ്യപരിഗണന നൽകുന്നതിന്റെ തെളിവാണ് ലോക കേരളസഭ. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം ലോകം അംഗീകരിക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം നടത്താൻ പ്രവാസികൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന ലോക കേരള സഭയിൽ 125 രാജ്യങ്ങളിൽ നിന്നുള്ള 500ൽപ്പരം പ്രവാസി പ്രതിനിധികൾ പങ്കെടുത്തു. 12 പ്രമേയങ്ങളും അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ സ്പീക്കർ എ എൻ ഷംസീർ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി എ ജയതിലക്, വ്യവസായികളായ എം എ യൂസഫലി, ഗോകുലം ഗോപാലൻ, ജെ കെ മേനോൻ, മുൻ മന്ത്രി കെ ടി ജലീൽ, പി ശ്രീരാമകൃഷ്ണൻ, നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.