24 May 2024, Friday

Related news

May 23, 2024
May 21, 2024
May 20, 2024
May 20, 2024
May 18, 2024
May 16, 2024
May 16, 2024
May 16, 2024
May 9, 2024
May 8, 2024

ഇഡിയെ കുടഞ്ഞു

സ്വന്തം ലേഖകന്‍
കൊച്ചി
August 11, 2022 11:25 pm

കിഫ്ബി കേസിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ വ്യക്തിവിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള സമൻസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) ഹൈക്കോടതി വിശദീകരണം തേടി. തോമസ് ഐസക്കിന്റെ സ്വകാര്യത മാനിക്കണമെന്ന് ഇഡിയോട് കോടതി നിർദ്ദേശിച്ചു. സ്വത്തു വിവരം ഉൾപ്പെടെയുള്ളവ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസിനെക്കുറിച്ച് പ്രതികരണം അറിയിക്കാൻ ഇഡി അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഇഡി നൽകിയ സമൻസ് ചോദ്യം ചെയ്താണ് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം നല്കിയ സമൻസിൽനിന്നു വ്യത്യസ്തമായാണ് രണ്ടാം സമൻസ് നല്കിയിരിക്കുന്നതെന്നും തന്റെ സ്വത്തു വിവരങ്ങൾ ഉൾപ്പെടെയുള്ളവ ആരാഞ്ഞിട്ടുണ്ടെന്നും തോമസ് ഐസക്ക് കോടതിയെ അറിയിച്ചു. താൻ ചെയ്ത തെറ്റ് എന്തെന്ന് നോട്ടീസിൽ പരാമർശിച്ചിട്ടില്ല. എന്തു കാര്യം വിശദീകരിക്കാനാണ് താൻ ഹാജരാവേണ്ടതെന്നും വ്യക്തമാക്കിയിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു.

വ്യക്തിയെക്കുറിച്ചല്ല, കിഫ്ബിയെക്കുറിച്ചാണ് അന്വേഷണമെന്നാണ് പറയുന്നതെങ്കിലും സമൻസ് വ്യക്തമാക്കുന്നത് മറിച്ചാണെന്നും തോമസ് ഐസക്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാർത്ഥ് ദാവെ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് എന്ത് അടിസ്ഥാനത്തിലാണ് തോമസ് ഐസക്കിനെ വിളിപ്പിച്ചതെന്ന് ഇഡിയോട് കോടതി ആരാഞ്ഞു. പ്രതിയായല്ല, സാക്ഷിയായും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് ഇഡി മറുപടി നൽകി. സാക്ഷിയായി വിളിപ്പിക്കുന്നതിന് സ്വത്തു വിവരങ്ങൾ ആരായുന്നത് എന്തിനെന്ന് ജസ്റ്റിസ് വി ജി അരുൺ ചോദിച്ചു. ആദ്യത്തെ സമൻസിൽ ഈ രേഖകളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഇതിനിടയിൽ എന്തു മാറ്റമാണ് ഉണ്ടായതെന്നും കോടതി ആരാഞ്ഞു. കക്ഷിയെ ഇരുട്ടിൽ നിർത്തിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകന്‍ ജയശങ്കർ വി നായർ മറുപടിക്കു് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഈ ഘട്ടത്തിൽ പരാതിക്കാരന്‍ പ്രതിയല്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് ബുധനാഴ്ചയിലേക്കു മാറ്റിയപ്പോൾ ഇന്നലെ ഹാജരാകാത്തതിന്റെ പേരിൽ നടപടി ഉണ്ടാകുമോയെന്ന ആശങ്ക ഐസക്കിന്റെ അഭിഭാഷകന്‍ ഉന്നയിച്ചു. അങ്ങനെയൊന്ന് ഉണ്ടാവില്ലായെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഉറപ്പു നൽകി.

ഇഡി ആവശ്യപ്പെട്ട രേഖകൾ

പാസ്പോർട്ട്, ആധാർ, പാൻകാർഡ്
പാസ്പോർട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം
തോമസ് ഐസക്കിന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും നാട്ടിലും വിദേശത്തുമുള്ള കഴിഞ്ഞ 10 വർഷത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്സ് (അവസാനിപ്പിച്ചവയടക്കം)
കുടുംബാംഗങ്ങളുടെ ഇന്ത്യയിലെയും വിദേശത്തെയും സ്ഥാവര ജംഗമ സ്വത്തുക്കളുടെ രേഖകൾ
ഡയറക്ടർ ആയി ഇരിക്കുന്ന എല്ലാ കമ്പനികളുടെയും ആസ്തി വിവരങ്ങളും വാർഷിക സ്റ്റേറ്റ്മെന്റും. രേഖകള്‍ സഹിതം
ഇന്ത്യക്ക് അകത്തും പുറത്തും കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിയ/വിറ്റ സ്വത്തുക്കളുടെ വിവരം
ഡയറക്ടറോ പാർട്ണറോ ഉടമസ്ഥനോ ആയിട്ടുള്ള കമ്പനികൾ സംബന്ധിച്ച വിശദാംശങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തെ ഐടി റിട്ടേൺ
ഡയറക്ടറോ പാർട്ണറോ ആയിരുന്നിട്ടുള്ള എല്ലാ കമ്പനികളുടെയും വാർഷിക സാമ്പത്തിക സ്ഥിതിവിവരം
കഴിഞ്ഞ പത്ത് വർഷത്തിനിടെ നടത്തിയിട്ടുള്ള വിദേശ യാത്രകൾ, അതിന്റെ ഉദ്ദേശം, അവയിൽ നിന്നും ഉണ്ടാക്കിയിട്ടുള്ള വരുമാനം
ഡയറക്ടർ ആയ കമ്പനികൾക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായിട്ടുള്ള വിദേശ വരുമാനം സംബന്ധിച്ച ബാങ്ക് അക്കൗണ്ടുകൾ, രേഖകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ
മസാല ബോണ്ട് ഇഷ്യൂ ചെയ്തതിൽ കിഫ്ബിയിലെ റോൾ

സ്വകാര്യത അവകാശം: ഹൈക്കോടതി

കക്ഷികള്‍ക്ക് സ്വകാര്യതയ്ക്ക് അവകാശമുണ്ട്. നിയമാനുസൃതമായ ഒരു നടപടിക്രമത്തിലൂടെ മാത്രമേ അത് ലംഘിക്കാൻ അവകാശമുള്ളൂ. ഈ പറഞ്ഞ രേഖകളെല്ലാം ആവശ്യപ്പെടാനുള്ള നിഗമനത്തിൽ എത്താൻ നിങ്ങളുടെ മുന്നിൽ എന്തു വസ്തുതയാണുള്ളത്? ഈ രേഖകൾ നിങ്ങൾക്ക് ആവശ്യമുണ്ടെന്നതിന് ഉത്തരം നല്കിയേ തീരൂ. ഇത്രയും സ്വകാര്യ വിവരങ്ങൾ ഒരാളോടു ലഭ്യമാക്കാൻ പറയുന്നത് എന്തിനുവേണ്ടിയെന്നു വിശദീകരിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.