മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ഹൈക്കോടതി ശരിവെച്ചു. ലയനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ലയനത്തിനെതിരെ ലീഗ് മുൻ എംഎൽഎ യു എ ലത്തീഫ് അടക്കമുള്ളവരാണ് ഹർജി നൽകിയത്. ഇവരുടെ ഹർജികൾ തള്ളി സിംഗിൾ ബെഞ്ച് ലയന നടപടി അംഗീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത് നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.ലയനവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് സ്വീകരിച്ച നിലപാടും ഡിവിഷൻ ബെഞ്ച് തള്ളി. ആദ്യം ലയനത്തിന് തത്വത്തിൽ അംഗീകാരം നൽകിയിട്ട് പിന്നീട് എന്തിനാണ് എതിർക്കുന്നത് എന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു.
ലയനത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി നിയമാനുസൃതമാണന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ലയനത്തിന് അനുകൂലമായി ഉത്തരവിട്ടത്. ഈ ഭേദഗതി അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. മലപ്പുറം ഒഴികെ മറ്റു ജില്ലാ ബാങ്കുകൾ പ്രമേയം പാസാക്കിയതോടെ സർക്കാർ 2021ൽ നിയമം ഭേദഗതി ചെയ്യുകയായിരുന്നു.
ജനുവരി 12ന് സഹകരണ സൊസൈറ്റി രജിസ്ട്രാർ ഭേദഗതി പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് മലപ്പുറം ജില്ലാ ബാങ്ക് ലയനത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് എതിരാണെന്ന വാദം കോടതി അംഗീകരിച്ചിരുന്നില്ല. പൊതുയോഗം ചേർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അനുകൂല പ്രമേയം പാസാക്കണമെന്ന കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന നിയമമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
റിസർവ് ബാങ്ക് ലൈസൻസിൽ പ്രവർത്തിക്കുന്ന ബാങ്കിന് കേന്ദ്ര നിയമം ബാധകമാണെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ ബാങ്കിങ് കാര്യങ്ങൾക്ക് മാത്രമാണ് കേന്ദ്രനിയമം ബാധകമെന്നും സഹകരണസംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമം പാലിക്കണമെന്നും അന്ന് കോടതി വിലയിരുത്തിയിരുന്നു.
English Summary: highcourt approve malappuram district bank merger with kerala bank
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.