20 May 2024, Monday

ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി ഫലങ്ങൾ പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

Janayugom Webdesk
തിരുവനന്തപുരം
May 9, 2024 3:30 pm

സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷയിൽ 78.69 ശതമാനം വിജയം. കഴിഞ്ഞവർഷം 82.95 ശതമാനമായിരുന്നു വിജയ ശതമാനം. ഇത്തവണ 4.26 ശതമാനം കുറഞ്ഞു. പരീക്ഷയെഴുതിയ 3,74,755 വിദ്യാർത്ഥികളിൽ 2,94,888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. ഇതിൽ 1,68,561 പെൺകുട്ടികളും 1,26,327 ആൺകുട്ടികളുമാണ്. 39242 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 105 പേർക്ക് മുഴുവൻ മാർക്ക് (1200) ലഭിച്ചു. 63 സ്കൂളുകൾ 100 ശതമാനം നേടി. വാർത്താസമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 

എറണാകുളത്താണ് വിജയശതമാനം കൂടുതൽ. 84.12 ശതമാനം. വയനാട്ടിലാണ് കുറവ്. 72.13 ശതമാനം. കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കൊരുക്കിയത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ. ഇവിടെ 84.83 ശതമാനമാണ് വിജയം. മലപ്പുറത്താണ് കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടിയത്. 5,659 പേർ. ഏഴ് സർക്കാർ സ്കൂളും 17 എയ്ഡഡ് സ്കൂളും 27 അൺഎയ്ഡഡ് സ്കൂളും 12 സ്പെഷ്യൽ സ്കൂളും 100 ശതമാനം നേടി. സയൻസ് വിഭാ​ഗത്തിൽ 1,60,696 പേരും (84.84 ശതമാനം) ഹ്യൂമാനിറ്റിസിൽ 51,144 പേരും (67.09ശതമാനം) കൊമേഴ്സിൽ 83,048 പേരും (76.11 ശതമാനം) വിജയിച്ചു. സർക്കാർ സ്കൂളിൽ 1,23,046 പേരും (75.06 ശതമാനം) എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ നിന്ന് 1,52,147 പേരും (82.47 ശതമാനം) അൺഎയ്ഡഡ് സ്കൂളിൽ 19,425 പേരും (74.51 ശതമാനം) ഉപരി പഠനത്തിന് യോഗ്യരായി. 

15 ടെക്നിക്കൽ സ്കൂളിൽ പരീക്ഷയെഴുതിയ 1,494 പേരിൽ 1,046 പേർ ഉപരിപഠനത്തിന് യോഗ്യരായി. 70.01 ശതമാനമാണ് വിജയം. 73 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കേരള കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്കൂളിൽ നൂറ് ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 60 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി. 

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ (വിഎച്ച്എസ്ഇ) 71.42 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 27,586 പേരിൽ 19,702 പേർ ഉപരിപഠനത്തിന് യോഗ്യരായി. കഴിഞ്ഞവർഷം 78.39 ശതമാനമായിരുന്നു വിജയം. വയനാടാണ് മുന്നിൽ. 85.21 വിജയ ശതമാനം. കാസർകോടാണ് പിന്നിൽ. 61.31 വിജയശതമാനം. 12 സ്കൂൾ നൂറുശതമാനം നേടി. ഇതിൽ എട്ട് സർക്കാർ സ്കൂളും നാല് എയ്ഡഡ് സ്കൂളുമാണ്. 251 പേർ മുഴുവൻ എ പ്ലസ് നേടി. 

Eng­lish Sum­ma­ry: High­er Sec­ondary Voca­tion­al High­er Sec­ondary Results Declared; 78.69 per­cent success

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.