
സംസ്ഥാനത്ത് ദേശീയപാത ഭൂമിയേറ്റെടുപ്പ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസുകളിൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന മുഴുവൻ ആർബിട്രേഷൻ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഭൂവുടമകളുടെ ഹർജികൾ കേട്ട് ഉത്തരവിറക്കിയത്. ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങൾക്കും നൽകിയ നഷ്ടപരിഹാരം സംബന്ധിച്ച് 20,213 പരാതികൾ ജില്ലാ കളക്ടർമാർ ആർബിട്രേറ്ററായുള്ള സംവിധാനത്തിൽ കെട്ടിക്കിടക്കുകയാണെന്നും ഒട്ടനവധി തിരക്കുകളുള്ള കളക്ടർമാർക്ക് സമയബന്ധിതമായി ഇവ തീർക്കാനാവില്ലെന്നും കോടതി വിലയിരുത്തി. ഭൂവുടമകളുടെ ആവലാതികൾ സുതാര്യമായി നീതിന്യായ സംവിധാനത്തിലൂടെ അവതരിപ്പിച്ച് വേഗത്തിൽ പരിഹാരം തേടാൻ ഉദ്ദേശിച്ചുള്ള ആർബിട്രേഷൻ നിയമത്തിലെ ലക്ഷ്യം കളക്ടർമാരിലൂടെ സാധ്യമാകില്ലെന്ന ഹർജിക്കാരുടെ പരാതി ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു.
കളക്ടർമാരുടെ നിലവിലുള്ള നടപടികൾ മരവിപ്പിച്ചില്ലെങ്കിൽ ഏറ്റെടുത്ത ഭൂമിയുടെയും സ്ഥാവരസ്വത്തുക്കളുടെയും നഷ്ടപരിഹാരം നിശ്ചയിച്ചതിലെ ഗുരുതരമായ പിഴവുകളും അപാകതകളും സംബന്ധിച്ച പരാതികൾ ന്യായമായി പരിഹരിക്കപ്പെടാതെ പോകുമെന്നും കോടതി നിരീക്ഷിച്ചു. കേസുകൾ തീർപ്പാക്കാൻ പുതിയ സംവിധാനം നിലവിൽ വരേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെ എല്ലാ നടപടികളും നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർമാരെ അറിയിക്കാനും കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ ചുമതലയിലും സീനിയർ സിവിൽ ജഡ്ജിമാരുടെ മേൽനോട്ടത്തിലുമുള്ള കേരള ഹൈക്കോർട്ട് ആർബിട്രേഷൻ സെന്റർ വഴി ഈ കേസുകൾ തീർപ്പാക്കുന്ന കാര്യം കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ ആലോചിച്ച് എത്രയും വേഗം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.