ലഹരി വ്യാപനവും അക്രമങ്ങളും താമരശ്ശേരിയും പരിസരത്തെയും പിടിമുറുക്കുന്നു. രണ്ട് മാസത്തിനിടെ മൂന്നുപേരാണ് പരിസര പ്രദേശങ്ങളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. ജനുവരി പതിനെട്ടിനാണ് അടിവാസം സ്വദേശി സുബൈദയെ മകൻ ക്രൂരമായി കഴുത്തറുത്ത് കൊന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം കട്ടിപ്പാറ ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മാതാവിനെ കാണാൻ വീട്ടിലെത്തിയ ലഹരിക്കടിമയായ മകൻ ആഷിഖാണ് ഇവരെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ് കൊല്ലപ്പെടുന്നത്.
താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ ഉണ്ടായ പ്രശ്നത്തെത്തുടർന്നുണ്ടായ വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസിന് ജീവൻ നഷ്ടമായത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കന്ററി സ്കൂളിലെയും താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസ് മരണപ്പെടുകയായിരുന്നു. ഈ സംഭവങ്ങളുടെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടുമൊരു ക്രൂര കൊലപാതകം അരങ്ങേറിയത്. പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് യാസറിന്റെ കുത്തേറ്റ് ഭാര്യ ഷിബിലയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹിമാൻ, മാതാവ് ഹസീന എന്നിവർ ചികിത്സയിലാണ്. മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖിന്റെ സുഹൃത്താണ് യാസിർ. ഈങ്ങാപ്പുഴ, അടിവാരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വൻ ലഹരി മാഫിയ പ്രവർത്തിക്കുന്നതായാണ് വിവരം.
ലഹരി മാഫിയയുടെ നേതൃത്വത്തിൽ നിരവധി അക്രമ പ്രവർത്തനങ്ങൾ അടുത്തിടെ ഇവിടെ ഉണ്ടായിട്ടുണ്ട്. അക്രമം ഭയന്നാണ് പലരും ലഹരി ഉപയോഗിക്കുന്നവർക്കെതിരെ പ്രതികരിക്കാൻ ഭയക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല ലഹരി ഇടപാടുകാരും താമരശ്ശേരി കേന്ദ്രമാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ മെത്താഫിറ്റമിനും കഞ്ചാവുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിലായിട്ടുണ്ട്. പുതുപ്പാടി മണൽവയൽ, ചേലോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തൊട്ടു തലേ ദിവസമാണ് ഒഡീഷയിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി ഉത്തർപ്രദേശ് സ്വദേശികളായ രണ്ടു പേരും താമരശ്ശേരിയിൽ പിടിയിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.