18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 12, 2024
November 10, 2024
October 26, 2024
October 16, 2024
September 13, 2024
September 4, 2024
August 26, 2024
August 14, 2024
August 13, 2024

അഡാനിക്കെതിരെ വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്: ഓഹരികള്‍ പണയപ്പെടുത്തി റഷ്യന്‍ ബാങ്കില്‍ നിന്ന് വായ്പ

Janayugom Webdesk
വാഷിങ്ടണ്‍
February 18, 2023 11:48 pm

അഡാനി ഗ്രൂപ്പിനെതിരെ വീണ്ടും വെളിപ്പെടുത്തലുകളുമായി യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. ചെയര്‍മാന്‍ ഗൗതം അഡാനിയുടെ മുതിര്‍ന്ന സഹോദരന്‍ വിനോദ് അഡാനിയുമായി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തലുകള്‍. വിനോദ് അഡാനിയുടെ നിയന്ത്രണത്തിലുള്ള സിംഗപ്പൂരിലെ ഒരു സ്വകാര്യ സ്ഥാപനം റഷ്യൻ ബാങ്കിൽ നിന്ന് 240 മില്യൺ ഡോളർ വായ്പയ്ക്ക് അഡാനി ഗ്രൂപ്പ് ഓഹരികള്‍ പണയപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് ഫോബ്സ് ആണ് പുറത്തുവിട്ടത്. എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇതേക്കുറിച്ച് ഒരറിവും ഇല്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് ട്വിറ്ററില്‍ വ്യക്തമാക്കുന്നു. അഡാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചുകാട്ടിയെന്നും നികുതി തട്ടിപ്പു നടത്തിയെന്നും വെളിപ്പെടുത്തുന്ന ഹിൻഡൻബർഗ് റിപ്പോര്‍ട്ട് ജനുവരിയില്‍ പുറത്തുവന്നതിനു പിന്നാലെ അഡാനി ഗ്രൂപ്പിന്റെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 12,500 കോടി ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

ദീര്‍ഘകാലമായി പ്രവാസ ജീവിതം നയിക്കുന്ന വിനോദാണ് അഡാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് കടലാസുകമ്പനികള്‍ വഴി പണമൊഴുക്കുന്നതിന് നേതൃത്വം വഹിക്കുന്നത്. അഡാനി ഗ്രൂപ്പുമായി ബന്ധമുള്ള ഒരാള്‍ എന്ന് മാത്രമായി വിനോദിനെ വിശേഷിപ്പിക്കരുതെന്നും ഫോബ്സ് പറയുന്നു. ദുബായ്, സിംഗപ്പൂര്‍, ജക്കാർത്ത എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുകയാണ് വിനോദ് അഡാനിയുടെ വ്യാപാര സാമ്രാജ്യം. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ പ്രവാസി ഇന്ത്യക്കാരനാണ് വിനോദ് അഡാനി. വിനോദ് അഡാനിയുടെ നിയന്ത്രണത്തിലുള്ള പിനാക്കിൾ ട്രേഡ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് എന്ന സിംഗപ്പൂർ കമ്പനി 2020ൽ റഷ്യന്‍ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിടിബി ബാങ്കുമായി വായ്പാ കരാറിൽ ഏർപ്പെട്ടിരുന്നു. ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയ ബാങ്കുമായിട്ടായിരുന്നു കമ്പനിയുടെ കരാര്‍. 2021 ഏപ്രിലിൽ, പിനാക്കിൾ 2630 ലക്ഷം ഡോളർ കടം വാങ്ങുകയും പേര് വെളിപ്പെടുത്താത്ത കമ്പനിക്ക് 2580 ലക്ഷം ഡോളർ നൽകുകയും ചെയ്തു.

ആ വർഷം അവസാനം, പിനാക്കിൾ രണ്ട് നിക്ഷേപ ഫണ്ടുകൾ വാഗ്ദാനം ചെയ്തു. സിംഗപ്പൂര്‍ ഫയലിങ് പ്രകാരം ആഫ്രോ ഏഷ്യ ട്രേഡ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്, വേൾഡ് വൈഡ് എമർജിങ് മാർക്കറ്റ് ഹോൾഡിങ് ലിമിറ്റഡ് എന്നിവരായിരുന്നു വായ്പയ്ക്ക് ജാമ്യം നിന്നതെന്നും ഫോബ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ട് കമ്പനികള്‍ക്കും അഡാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ നിക്ഷേപമാണുള്ളത്. ഈ മാസം 16ലെ വിപണിവില പ്രകാരം രണ്ട് കമ്പനികള്‍ക്കും അഡാനി എന്റര്‍പ്രൈസസ്, അഡാനി ട്രാന്‍സ്‌മിഷന്‍, അഡാനി പോര്‍ട്ട്സ്, അഡാനി പവര്‍ എന്നിവയിലായി 400 കോടി ഡോളറിന്റെ നിക്ഷേപമാണുള്ളത്.
അഡാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്നതിന് സ്വതന്ത്രസമിതിയെ നിയോഗിക്കുമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Hin­den­burg again against Adani: loan from Russ­ian bank against shares

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.