
ഹിന്ദി ആരുടെയും ശത്രുവല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡി എം കെ എം പി കനിമൊഴി രംഗത്ത്. ഹിന്ദി ആരുടെയും ശത്രുവല്ലെങ്കിൽ ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ എന്ന് കനിമൊഴി പറഞ്ഞു. നേരത്തെ, ഹിന്ദി ഒരു ഇന്ത്യൻ ഭാഷയുടെയും എതിരാളിയല്ലെന്നും എല്ലാവരുടെയും സുഹൃത്താണെന്നും അമിത് ഷാ പറഞ്ഞിരുന്നു. രാജ്യത്ത് ഒരു ഭാഷയ്ക്കെതിരെയും എതിർപ്പുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് കനിമൊഴിയുടെ ഈ ശക്തമായ പ്രതികരണം.
“ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെങ്കിൽ തമിഴും ഒരു ഭാഷയുടെയും ശത്രുവല്ല. അവർ തമിഴ് പഠിക്കട്ടെ. വടക്കേ ഇന്ത്യയിലെ ജനങ്ങൾ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യൻ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാർത്ഥ ദേശീയോദ്ഗ്രഥനം,” കനിമൊഴി വ്യക്തമാക്കി. തങ്ങൾ ആരുടെയും ശത്രുക്കളല്ലെന്നും എല്ലാവരുടെയും സുഹൃത്തുക്കളാണെന്നും തങ്ങളുടെ ഭാഷയും പഠിക്കൂ എന്നും കനിമൊഴി കൂട്ടിച്ചേർത്തു. അമിത് ഷായുടെ പേര് പരാമർശിക്കാതെയായിരുന്നു കനിമൊഴിയുടെ ഈ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.