22 November 2024, Friday
KSFE Galaxy Chits Banner 2

ബംഗ്ലാദേശിലെ ഹിന്ദുക്കൾ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
August 29, 2024 4:30 am

പ്രമീളാ ദേവിയെ പ്രണയിച്ചു വിവാഹം കഴിക്കുകയും അവരുടെ മരണം വരെ ശുശ്രൂഷിക്കുകയും ചെയ്ത ബംഗാളി ഭാഷയിലെ എക്കാലത്തെയും വലിയ മതാതീത മനുഷ്യത്വ വാദിയായ കവി ക്വാസി നസ്രുൾ ഇസ്ലാമിന്റെ നാടായ ബംഗ്ലാദേശ് പിന്നെയും കലാപഭൂമിയായി മാറിയിരിക്കുന്നു. രണ്ടു മാരക പ്രവണതകളാണ് ബംഗ്ലാദേശിനെ എപ്പോഴും ബാധിച്ചിട്ടുള്ളത്. ഒന്ന് അടിക്കടിയുണ്ടാകുന്ന കൊടുങ്കാറ്റും പ്രളയവും, രണ്ട് മതതീവ്രവാദം.
ഇസ്ലാമിക നിയമങ്ങൾക്ക് സ്വന്തം ജീവിതത്തിൽ വലിയ വിലയൊന്നും കൊടുക്കാതിരുന്ന മുഹമ്മദ് അലി ജിന്ന, ഇസ്ലാം മതത്തെ മുൻനിർത്തി ഒരു രാജ്യം തന്നെ, സൃഗാലബുദ്ധിയുള്ള ബ്രിട്ടീഷുകാരിൽ നിന്നും നേടിയെടുത്തെങ്കിലും രാഷ്ട്രരൂപീകരണത്തിനു ശേഷം നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. ഇനി നമ്മൾ മുസ്ലിങ്ങളോ ഹിന്ദുക്കളോ അല്ല, പാകിസ്ഥാനികളാണ്. വിശുദ്ധിയുടെ പ്രദേശമെന്നാണ് അർത്ഥമെങ്കിലും ക്രമേണ അത് ഇസ്ലാമിക രാഷ്ട്രമായി മാറുകയും മതേതര രാജ്യമായ ഇന്ത്യയെ പരമശത്രുവായി കണക്കാക്കുകയും ചെയ്തു. കാലക്രമേണ ഇരു രാജ്യങ്ങളെയും ശത്രുരാജ്യങ്ങളായി നിലനിർത്തേണ്ടത് ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ നിലനില്പിന് ആവശ്യമായി. ഈ ശത്രുപ്രതിച്ഛായ നിലനിർത്തുവാൻ ആയിരക്കണക്കിന് പട്ടാളക്കാരെ കൊലയ്ക്കുകൊടുത്തു. പാകിസ്ഥാനിലെയും ഇന്ത്യയിലെയും മണ്ണ് അമ്മമാരുടെയും വിധവകളുടെയും കണ്ണീരുകൊണ്ടു നനയ്ക്കുകയും ചെയ്തു. ആ നനവിൽ ഭരണകൂടങ്ങൾ ഗോതമ്പും ചണവും കൃഷിചെയ്തു. ആ സസ്യങ്ങളിൽ നിന്നും വെറുപ്പിന്റെ വിളവെടുപ്പ് നടത്തി.

ബംഗ്ലാദേശ്: 40 ശതമാനത്തിലെ ഭൂരിപക്ഷം

വിശുദ്ധിയുടെ പ്രദേശമായിരുന്നെങ്കിലും കിഴക്കൻ വിശുദ്ധപ്രദേശം ക്രൂരമായി അവഗണിക്കപ്പെട്ടു. ടാഗോറിനെയും ക്വാസി നസ്രുൾ ഇസ്ലാമിനെയും ഒരുപോലെ ഇഷ്ടപ്പെട്ട കിഴക്കൻ ബംഗാളികൾ, സ്വന്തം ഭാഷയായ ബംഗാളിപോലും നഷ്ടപ്പെട്ട് ഉറുദു പറയേണ്ടി വരുമോ എന്ന് പോലും ഭയപ്പെട്ടു. ഷേഖ് മുജീബുർ റഹ്മാനും മുക്തിബാഹിനിയുമൊക്കെയുണ്ടായി. വിഭജനകാലത്ത് ബംഗാളിലെ മുറിവിൽ നിന്നും അധികം ചോര വാർന്നുപോകാതിരിക്കാൻ മഹാത്മാഗാന്ധിയും മറ്റും ശ്രമിച്ചെങ്കിൽ, പുതിയകാലത്ത് അങ്ങനെയാരുമില്ലാതായി. മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് ഉണ്ടായി. ആ ഭരണത്തെ പട്ടാളം അട്ടിമറിച്ചു. സിയാവുർ റഹ്മാനെയും ഇർഷാദിനെയും ഖാലിദാ സിയായെയും ഷേക്ക് ഹസീനയെയും ചരിത്രം കണ്ടു.
ബംഗ്ലാദേശിൽ ഹിന്ദുക്കളും ബൗദ്ധരും മറ്റും സൂക്ഷ്മദർശിനിയിൽ ഒതുങ്ങുന്ന ന്യൂനപക്ഷമാവുകയും ഇസ്ലാം മതം ദേശീയമതമാവുകയും ചെയ്തു. പഴയ മുസ്ലിം ലീഗിന് വംശനാശം വന്നു. ഇസ്ലാമിക ഭീകരവാദത്തിന്റെ വക്താക്കളായി അവിടുത്തെ ജമാഅത്തെ ഇസ്ലാമി മാറി. ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാറ്റിനിർത്തപ്പെട്ടവരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനാണ് ശ്രമിച്ചതെങ്കിൽ ബംഗ്ലാദേശിൽ ഭൂരിപക്ഷമതത്തിന്റെ ദംഷ്ട്രകൾ അവർ മൂർച്ചപ്പെടുത്തിയെടുത്തു. ഇസ്ലാം മത തീവ്രവാദികളെ അതിന് സഹായിച്ചത് ഇന്ത്യയിലെ ഭൂരിപക്ഷമതമായ ഹിന്ദുമതത്തിലെ തീവ്രവാദികൾ ബാബറിപ്പള്ളി പൊളിച്ച സംഭവമാണ്. അവരത് ആഘോഷിച്ചു. ഒരു പള്ളിക്കുപകരം ധാക്കേശ്വരീ ക്ഷേത്രമടക്കം നിരവധി പുരാതന ഹിന്ദു ദേവാലയങ്ങൾ തകർത്തു. ബാബറിപ്പള്ളിക്ക് നാനൂറു വർഷത്തെ പഴക്കമാണ് ഉണ്ടായിരുന്നതെങ്കിൽ അറുനൂറു വർഷത്തിലധികം പഴക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ബംഗ്ലാദേശിൽ തകർക്കപ്പെട്ടു. രണ്ടുരാജ്യത്തും മതതീവ്രവാദികൾ മനുഷ്യമാംസംകൊണ്ട് വടംവലിനടത്തി. ഒരിടത്ത് തക്ബീർ വിളികൾ, മറ്റൊരിടത്ത് ജയ് ശ്രീറാം വിളികൾ. ഇരു രാജ്യങ്ങളിലെയും ഭൂരിപക്ഷ ന്യൂനപക്ഷ വികാരങ്ങൾ പൂത്തുല്ലസിച്ചു. പച്ചവെള്ളത്തിന് ബംഗ്ലാദേശിൽ ഉടനീളം പറഞ്ഞിരുന്ന ജൽ എന്ന വാക്ക് പാനിയും ജലുമായി വേർതിരിക്കപ്പെട്ടും അമൂല്യഖനികളായ ഉറുദുവും ബംഗാളിയും മതപരമായി വിഭജിക്കപ്പെട്ടു.

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം

ഹിന്ദുക്കളിൽ പലരും ജന്മനാടുപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നു. അവർക്ക് ഇന്ത്യാമഹാരാജ്യം പ്രത്യേകിച്ച് ഒരു മാന്യതയും കല്പിച്ചില്ല. സ്വത്ത് നഷ്ടപ്പെട്ട ആ പാവങ്ങൾ കൊൽക്കത്തയിൽ റിക്ഷാവാലകളായി പരിണമിച്ചു. ലജ്ജ എന്ന നോവലിലൂടെ, ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന്റെ ക്ഷതങ്ങൾ ലോകത്തോട് പറഞ്ഞ തസ്ലിമ നസ്രീൻ, ജമാ അത്തെ ഇസ്ലാമിയുടെ ആവശ്യപ്രകാരം നാട് കടത്തപ്പെട്ടു. ഇന്ത്യയിൽ വന്ന തസ്ലിമ, ഹൈദരാബാദിൽ വച്ച് മജ്‌ലിസ് ഇത്തിഹാദുൽ മുസ്ലിമിൻ എന്ന സംഘടനയുടെ പ്രതിനിധികളായി നിയമസഭയിലെത്തിയവരാൽ ആക്രമിക്കപ്പെട്ടു. 2007 ഓഗസ്റ്റ് 10ന് ജനയുഗം, മതമൗലിക വാദികളുടെ അസഹിഷ്ണുത എന്നപേരിൽ മുഖപ്രസംഗമെഴുതി. തസ്ലിമയ്ക്ക് ഇന്ത്യയിലും സമാധാനം കിട്ടിയില്ല. അവർക്ക് ഈ മതേതര രാജ്യത്തുനിന്നും ഒരു സ്ക്കാന്‍ഡിനേവിയൻ രാജ്യത്തേക്ക് പോകേണ്ടിവന്നു.
ഇപ്പോഴിതാ, അതേ ജമാഅത്തെ ഇസ്ലാമിയുടെ അനുഗ്രഹത്തോടെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിൽ ഷേഖ് ഹസീനയ്ക്ക് നാടുവിടേണ്ടിവന്നിരിക്കുന്നു. പ്രക്ഷോഭകാരികൾ അവരുടെ വീട് കയ്യേറുകയും മെത്തയിൽ കിടക്കുകയും മറ്റും ചെയ്ത് ശ്രീലങ്കയെ ഓർമ്മിപ്പിച്ചിരിക്കുന്നു. ഇപ്പോൾ അവിടെ ഉണ്ടായിട്ടുള്ള കലാപത്തിലും ന്യൂനപക്ഷമായ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു. മതേതരവാദികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫിസുകൾ തീവയ്ക്കപ്പെടുന്നു.
ഏതുനാട്ടിലും ഭൂരിപക്ഷമതം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കും. നാസിക്കാലത്തെ ജർമ്മൻ യഹൂദർ ഗ്യാസ് ചേമ്പറിൽ ഒടുങ്ങി. ഇന്ത്യയിലെ ഗുജറാത്തിലും നമ്മൾ അത് കണ്ടതാണ്. ന്യൂനപക്ഷമായ നിരാലംബ മുസ്ലിങ്ങൾ ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഇസ്രയേൽ പരിസരമായ പലസ്തീനിൽ, ശ്രീലങ്കയിലെ തമിഴ് പ്രവിശ്യകളിൽ, എവിടെയും ഇതാണ് കാണുന്നത്.

നഷ്ടത്തിലോടുന്ന ദൈവാലയങ്ങൾ

ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടപ്പോൾ, സ്പെയർ പാർട്ട് വിറ്റ് ജീവിച്ചിരുന്ന പാവം സിഖ് മതക്കാരെപ്പോലും കൊലക്കത്തിക്ക് ഇരയാക്കി. മതത്തിൽ നിന്നും മുളച്ചുപൊന്തുന്ന തീവ്രവാദത്തിന് ഹിംസയുടെ ചരിത്രമേ പറയാനുള്ളു.
ബംഗ്ലാദേശിലെ മുസ്ലിം പള്ളികളിൽ നിന്നും ന്യൂനപക്ഷത്തെ ആക്രമിക്കരുതെന്ന് മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്. പ്രായോഗിക സാമ്പത്തിക ശാസ്ത്രത്തിൽ നമ്മുടെ അമർത്യസെന്നിനെക്കാളും ഒരു മില്ലറ്റോളമെങ്കിലും മുന്നിലാണ് ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രി മുഹമ്മദ് യൂനുസ്.
നൊബേൽ സമ്മാന ജേതാവായ അദ്ദേഹം രാജ്യത്തോട് പറഞ്ഞത്, ന്യൂനപക്ഷത്തെ ആക്രമിച്ചാൽ താൻ രാജിവയ്ക്കുമെന്നാണ്. ഇങ്ങനെയൊരു പ്രഖ്യാപനം ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായിരുന്നെങ്കിലെന്ന് ഇന്ത്യയിലെ മതേതരവാദികൾ ആഗ്രഹിക്കുന്നുണ്ട്. മതം, അത് ഇന്ത്യയിലായാലും ബംഗ്ലാദേശിലായാലും മനുഷ്യവിരുദ്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.