26 July 2024, Friday
KSFE Galaxy Chits Banner 2

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം

Janayugom Webdesk
അഡ്വ. കെ പ്രകാശ്ബാബു
July 21, 2023 4:40 am

ന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂർ അയൽരാജ്യമായ മ്യാൻമറുമായി അതിർത്തി പങ്കുവയ്ക്കുന്നതുകൊണ്ടും അഭയാർത്ഥികൾ എത്തിച്ചേരാനുള്ള സാധ്യതയുള്ളതുകൊണ്ടും വളരെയധികം തന്ത്രപ്രധാനമായ ഒരു മേഖലയാണ്. നാട്ടുരാജ്യമായിരുന്ന മണിപ്പൂർ ഇന്ത്യൻ യൂണിയനിൽ ചേരുന്നത് 1949 ഒക്ടോബർ 15 നാണ്. 1956 മുതല്‍ കേന്ദ്രഭരണ പ്രദേശമായിരുന്ന മണിപ്പൂരിന് സംസ്ഥാന പദവി ലഭിക്കുന്നത് 1972ൽ മാത്രമാണ്. സംസ്ഥാനത്തെ പ്രബലമായ വംശവും ഭാഷയും ‘മെയ്തി‘യാണ്. ജനസംഖ്യയിൽ 53 ശതമാനം വരെ വരുന്ന മെയ്തിവംശം ഇംഫാൽ ഉൾപ്പെടുന്ന താഴ്‌വാരങ്ങളിലാണ് താമസിക്കുന്നത്. മെയ്തി ജനസംഖ്യ ഇപ്പോൾ കുറവാണെന്നുള്ള അവകാശവാദവും നിലവിലുണ്ട്. മലയോര മേഖലകളിലെ കുക്കി, നാഗ, സോമി ഗോത്രവംശക്കാർ 41 ശതമാനത്തോളം വരുമെന്നാണ് (നേരത്തെ 34 ശതമാനം) ഇപ്പോഴത്തെ കണക്ക്. ആകെ 34 ഗോത്ര വർഗ വിഭാഗങ്ങൾ ഇവിടുണ്ട്. ഭൂപ്രകൃതി അനുസരിച്ച് മണിപ്പൂരിന്റെ ഏകദേശം 10ശതമാനം മാത്രമെ താഴ്‌വാരമുള്ളൂ. ബാക്കി 90 ശതമാനവും മലമ്പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളിലാണ് കുക്കി, നാഗ ഗോത്ര വർഗങ്ങളെല്ലാം താമസിക്കുന്നത്. മെയ്തി വംശത്തിലെ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളും ഗോത്രവർഗ വിഭാഗങ്ങളിൽ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളുമാണ്. എട്ട് ശതമാനം വരെ മുസ്ലിം വിഭാഗവുമുണ്ട്. ബുദ്ധ‑ജൈന‑സിഖ് മതവിഭാഗങ്ങൾ പേരിനു മാത്രമേയുള്ളു.


ഇത് കൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


‘മണിപ്പൂർ ലാന്റ് റിഫോംസ് ആക്ട്’ പാസാക്കുന്നത് 1960 ലാണ്. ഈ നിയമമനുസരിച്ച് മണിപ്പൂരിലെ മലമ്പ്രദേശങ്ങളിൽ കൃഷിഭൂമി കൈമാറുന്നതിനും അവിടെ വീട് വച്ചു താമസിക്കുന്നതിനും ഗോത്രവർഗമല്ലാത്ത ജനവിഭാഗങ്ങൾക്ക് നിയമപരമായ തടസങ്ങളുണ്ട്. അതുകൊണ്ട് മെയ്തി വിഭാഗക്കാർക്ക് മലയോര മേഖലകളിലെ ഭൂമി വാങ്ങിക്കൂട്ടാൻ കഴിയുകയില്ലെന്നതും അവിടെ തർക്കത്തിനു കാരണമാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ അന്നത്തെ ഭരണകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 28 സീറ്റും ബിജെപി ക്ക് 21 സീറ്റും ലഭിച്ചു. നാല് സീറ്റ് വീതം ജയിച്ച നാഷണൽ പീപ്പിൾസ് പാർട്ടിയെയും നാഗാ പീപ്പിൾസ് ഫ്രണ്ടിനെയും ഒരു എംഎൽഎയുള്ള എൽജെപിയെയും ചാക്കിട്ട് പിടിച്ചുകൊണ്ട് ഗോവയിലെപ്പോലെ കുതിരക്കച്ചവടം ഉറപ്പിച്ച ബിജെപി, ബിരേൻ സിങ്ങിനെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിച്ചു. സഭയിൽ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള പാർട്ടി പ്രതിപക്ഷത്തായി. 2022 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റിലും മത്സരിച്ച ബിജെപി അധികാരത്തിന്റെ തണലിൽ 32 സീറ്റുകൾ നേടി. കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ വേട്ടയിൽ തകർന്ന കോൺഗ്രസിന് അഞ്ചു സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. പ്രധാനമായും ഗോത്ര വർഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾക്കെല്ലാംകൂടി 14 സീറ്റുകളും ലഭിച്ചു. 20 സീറ്റുകളുള്ള മലയോര മേഖലയില്‍ നിന്നാണ് അവർക്ക് ഇത്രയും സീറ്റുകൾ ലഭിച്ചത്.
ജനങ്ങളെ ഭിന്നിപ്പിച്ചു മാത്രമേ തങ്ങൾക്ക് അധികാരം നിലനിർത്താൻ കഴിയൂ എന്നു മനസിലാക്കിയ ബിജെപി താഴ്‌വാരങ്ങളിലെ ജനങ്ങളെയും മലമ്പ്രദേശങ്ങളിലെ ജനങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കാനും ജനങ്ങളുടെ ഐക്യവും സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയും ഇല്ലാതാക്കാനും നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഇന്നത്തെ മണിപ്പൂരിലെ കലാപകലുഷിതമായ അന്തരീക്ഷം. താഴ്‌വാരങ്ങളിലെ ‘മെയ്തി’ വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് ശുപാർശ നൽകിയ ബിജെപി സർക്കാരിനെയും അതിനിടയാക്കിയ മണിപ്പൂർ ഹൈക്കോടതിയുടെ വിധിയെയും ഗോത്രവർഗ സംഘടനകൾ ചോദ്യം ചെയ്തു. 2023 മേയ് മൂന്നിന് അഖില മണിപ്പൂർ ഗോത്ര വിദ്യാർത്ഥി യൂണിയൻ നടത്തിയ ഐക്യദാർഢ്യ റാലിയെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭൂരിപക്ഷ സമുദായമായ മെയ്തികളും കുക്കി, നാഗ, സോമി വിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി.


ഇത് കൂടി വായിക്കൂ: നദികളുടെ വീണ്ടെടുപ്പിനായി ഒരു ദിനം


ഭൂരിപക്ഷ ഹിന്ദു സമുദായക്കാരായ മെയ്തികളെ പ്രീണിപ്പിച്ച് കൂടെ നിർത്താൻ വേണ്ടി ബിജെപി നടത്തിയ നെറികെട്ട രാഷ്ട്രീയ നീക്കങ്ങളാണ് കലാപത്തിന്റെ വിത്തുകൾ പാകിയത്. കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകളനുസരിച്ച് 160 ലേറെ പേർ കലാപത്തിൽ കൊല്ലപ്പെട്ടു. 50,000ൽപ്പരം ആളുകൾ സർക്കാർ തയ്യാറാക്കിയ ക്യാമ്പുകളിൽ കഴിയുന്നു. കുറഞ്ഞത് 40,000 ആളുകൾ എവിടെയെല്ലാമായോ പലായനം ചെയ്തു. സാധാരണ ജനങ്ങളുടെ നിരവധി വീടുകൾ അഗ്നിക്കിരയാക്കി. ആരാധനാലയങ്ങൾ, വാഹനങ്ങൾ, കടകമ്പോളങ്ങൾ, ധാന്യപ്പുരകൾ തുടങ്ങി പലതും തീവച്ച് നശിപ്പിച്ചു. 250ൽപ്പരം ക്രിസ്ത്യൻ പള്ളികൾ‌ക്ക് തീയിട്ടു. സർക്കാരിന്റെ ആയുധപ്പുരകൾ കൊള്ള ചെയ്ത് തോക്കുകളും വെടിയുണ്ടകളും കലാപകാരികൾ കടത്തിക്കൊണ്ടുപോയി എന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സംസ്ഥാന സന്ദർശനത്തിന് ശേഷമാണ് ഭൂരിപക്ഷം കൊലപാതകങ്ങളും തീവയ്പുകളും അരങ്ങേറിയത് എന്നതും ശ്രദ്ധേയമാണ്.
ചൈനയും മ്യാൻമറുമായി അതിർത്തി പങ്കുവയ്ക്കുന്ന രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം സംജാതമായി രണ്ടുമാസം കഴിഞ്ഞിട്ടും ഇന്ത്യൻ പ്രധാനമന്ത്രി ഇതിനെക്കുറിച്ച് പൂർണമായും മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞദിവസം രണ്ടു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നരാക്കി തെരുവില്‍ നടത്തിയ വിഷയം രാജ്യമാകെ പ്രതിഷേധമാവുകയും സുപ്രീം കോടതി ഭരണകൂടത്തിന് താക്കീത് നല്‍കുകുയും ചെയ്തപ്പോഴാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ഈ പ്രതികരണവും സത്യസന്ധമല്ല എന്ന് വ്യക്തമാണ്. മണിപ്പൂരിലെ ജനതയെ ഇന്ത്യൻ പൗരന്മാരായി കാണാത്ത പ്രധാനമന്ത്രിയുടെ മൗനം തികച്ചും ദുരൂഹമാണ്. അയൽ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്ത ‘മെയ്തി‘കൾക്ക് സംരക്ഷണം കൊടുക്കണമെന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അയൽ സംസ്ഥാന മുഖ്യമന്ത്രിമാരോടുള്ള അഭ്യർത്ഥന തന്നെ ബിജെപിയുടെ കാപട്യത്തിന്റെ തെളിവാണ്. പലായനം ചെയ്യേണ്ടി വന്നവരില്‍ വലിയൊരു വിഭാഗം കുക്കി ജനതയാണ്. അവരെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. ജനങ്ങളെ ഒന്നായി കാണാൻ തയ്യാറാകാത്ത സംസ്ഥാന ഭരണകൂടത്തിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാവുക പ്രയാസമാണ്.


ഇത് കൂടി വായിക്കൂ: ബംഗാളില്‍ രക്തംപുരണ്ട ജനാധിപത്യഹത്യ


മണിപ്പൂരിലെ ധാതുസമ്പുഷ്ടമായ മലയോര പ്രദേശത്ത് വൻകിട കോർപറേറ്റ് കമ്പനികൾക്ക് ഭൂമി നൽകുന്നതിനുള്ള സർക്കാർ തീരുമാനം എരിതീയിൽ എണ്ണയൊഴിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. ഇതു ഗോത്രവർഗത്തെ കൂടുതൽ പ്രകോപിപ്പിക്കാൻ മാത്രമേ സഹായിക്കൂ. മണിപ്പൂരിൽ ആയുധം താഴെവച്ച് സമാധാനം സ്ഥാപിക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണം. ആയിരക്കണക്കിന് സെെനികരും, അസം റൈഫിൾസിലെയും സിആർപിഎഫിലെയും പട്ടാളക്കാരും അസം പൊലീസും ശ്രമിച്ചിട്ടും ക്രമസമാധാനം ഉറപ്പുവരുത്താൻ ഭരണകൂടത്തിനു കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ബിരേൻ സിങ് മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയാണ് വേണ്ടത്. ഇതൊരു ക്രമസമാധാന പ്രശ്നമായി കാണാതെ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്നമായി കണ്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം. ജനങ്ങൾക്ക് ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ ഭരണകൂടത്തിന് കഴിയണം. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കാൻ കഴിയുന്ന നടപടികൾ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.