24 January 2026, Saturday

മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് വീണ്ടും ഹിന്ദുത്വ റാലി

web desk
മുംബൈ
March 13, 2023 9:59 pm

മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മഹാരാഷ്ട്രയില്‍ വീണ്ടും ഹിന്ദുത്വ റാലി. ലൗ ജിഹാദിനും ലാൻഡ് ജിഹാദിനും എതിരെ മഹാരാഷ്ട്ര സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയ്ക്ക് സമീപമുള്ള ഭയന്ദർ ടൗൺഷിപ്പിലാണ് ഹിന്ദുത്വ സംഘടനകൾ റാലി സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ നിരവധി ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മയായ സകാൽ ഹിന്ദു സമാജാണ് ‘ഹിന്ദു ജൻ ആക്രോശ് മോർച്ച’ സംഘടിപ്പിച്ചത്. മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നതിനൊപ്പം, റാലിയിൽ പങ്കെടുത്തവർ “ലൗ ജിഹാദ്”, “ലാൻഡ് ജിഹാദ്” എന്നിവയ്ക്കെതിരെയും സംസാരിച്ചു.

“ഇസ്ലാമിക ആക്രമണത്തിന് മൂന്ന് പ്രധാന വശങ്ങളുണ്ട്. ആദ്യം ലൗ ജിഹാദ്, രണ്ടാമത് ലാൻഡ് ജിഹാദ്, ഒടുവിൽ മതപരിവർത്തനം…” റാലിയിലെ പ്രഭാഷകരിലൊരാളായ കാജൽ ഹിന്ദുസ്ഥാനി ആരോപിച്ചു. “ഈ മൂന്നിനും രാമന്റെ നേതൃത്വത്തിലുള്ള ഒരു പരിഹാരമുണ്ട്, അതിന് രാഷ്ട്രീയ നേതാക്കളോ സുപ്രീം കോടതിയോ മാധ്യമങ്ങളോ പോലും നിങ്ങളെ തടയില്ല, അതിനുള്ള പരിഹാരം അവരെ സാമ്പത്തിക ബഹിഷ്കരിക്കുക എന്നതാണ്” കാജൽ പറ‍ഞ്ഞു.

റാലിയിൽ എംഎൽഎ നിതേഷ് റാണെ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകളുടെ അംഗങ്ങളും പങ്കെടുത്തു. “നമ്മള്‍ നല്‍കുന്ന പണം മുഴുവനും അവർ ഉപയോഗിക്കുന്നത് ഹിന്ദു സമൂഹത്തിന് എതിരെയാണ്,” റാണെ അവകാശപ്പെട്ടു. “ആ പണം സമൂഹത്തിന്റെ അഭിവൃദ്ധിക്കായി വിനിയോഗിച്ചാൽ ആർക്കും പ്രശ്‌നമുണ്ടാകില്ല. എന്നാൽ തീവ്രവാദത്തിന്റെയും ലൗ ജിഹാദിന്റെയും മറ്റ് പല കാര്യങ്ങളുടെയും പേരിൽ അവർ പണം ഹിന്ദുക്കൾക്കെതിരെ ഉപയോഗിക്കുന്നതായും റാണെ ആരോപിച്ചു.

നവംബർ മുതൽ മഹാരാഷ്ട്രയിലുടനീളം നടന്ന സമാനമായ നിരവധി റാലികളിൽ ഒന്നാണ് കഴി‌‌ഞ്ഞ ഞായറാഴ്ചയും നടന്നത്. ഈ റാലികളിലെല്ലാം സംഘാടകര്‍ മുസ്ലികൾക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്യുകയോ സമുദായത്തെക്കുറിച്ചുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. വിദ്വേഷ പ്രസംഗം പാടില്ലെന്ന വ്യവസ്ഥയിൽ സംഘം നടത്തുന്ന റാലികളിലൊന്നിന് അനുമതി നൽകണമെന്ന് ഫെബ്രുവരിയിൽ സുപ്രീം കോടതി മഹാരാഷ്ട്ര സർക്കാരിനോട് പറഞ്ഞിരുന്നു.

 

Eng­lish Sam­mury: Hin­dut­va ral­ly call­ing for eco­nom­ic boy­cott of Muslims

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.