23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

വാദം തള്ളി ചരിത്രകാരന്മാര്‍: ഇന്ത്യ ബ്രിട്ടീഷുകാരുടേതല്ല

നൂറ്റാണ്ടുകളായി ഇന്ത്യ അറിയപ്പെട്ടിരുന്നത് പല പേരുകളില്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
September 10, 2023 8:05 pm

300 ബിസിഇ കാലഘട്ടത്തില്‍ പ്രചരിച്ചുതുടങ്ങിയ ഗ്രീക്ക് വേരുകളുള്ള ഇന്ത്യ എന്ന പദത്തിന് ബ്രിട്ടീഷുകാരുമായി യാതൊരു ബന്ധവുമില്ലെന്ന് രാജ്യത്തെ ഒരു വിഭാഗം പ്രമുഖ ചരിത്രകാരന്മാര്‍. ഭാരതവും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍, ഇന്ത്യ എന്ന പേര് കൊളോണിയല്‍ ഭൂതകാലത്തിന്റെ അവശിഷ്ടമാണ് സൂചിപ്പിക്കുന്നതെന്ന വാദം ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ള ചരിത്രകാരന്മാര്‍ തള്ളിക്കളയുന്നു.
നൂറ്റാണ്ടുകളായി ഇന്ത്യ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത് എന്ന് ചരിത്രം വ്യക്തമാക്കുന്നു. ഇന്ത്യ എന്ന പേരാണ് ദശാബ്ദങ്ങളായി ലോകത്തിന് മുന്നില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ കോളനിവല്‍ക്കരണത്തിന് മുമ്പ് ഇന്ത്യ മറ്റ് പേരുകളില്‍ അറിയപ്പെട്ടിരുന്നു എന്നാണ് ചരിത്രം.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പേര്‍ഷ്യക്കാര്‍ ഇൻഡസ് അഥവാ സിന്ധു നദിക്കടുത്തെത്തിയപ്പോള്‍ അവര്‍ ഇന്ത്യയെ ഹിന്ദു എന്നാണ് വിളിച്ചിരുന്നു. അത് പിന്നീട് ഹിന്ദുസ്ഥാനായും ജനങ്ങള്‍ ഹിന്ദുസ്ഥാനികളായും അറിയപ്പെട്ടു. പേര്‍ഷ്യക്കാര്‍, ഗ്രീക്കുകാര്‍, ഡല്‍ഹി സുല്‍ത്താന്മാര്‍, മുഗളന്മാര്‍ എന്നിവര്‍ക്കിടയില്‍ ഈ പേര് പ്രചരിക്കുകയും അവര്‍ അതിനെ കലയും സംഗീതവും സാഹിത്യവുമായി ബന്ധിപ്പിക്കുകയും ചെയ്തു.
300 ബിസിഇ കാലഘട്ടത്തില്‍ ഗ്രീക്ക് രാജാവ് സെലൂക്കസ് നിക്കേറ്റര്‍ ഒന്നാമന്റെ അംബാസിഡര്‍ മെഗസ്തനീസ് ചന്ദ്രഗുപ്ത മൗര്യന്റെ കൊട്ടാരത്തിലെത്തിയിരുന്നു. മെഗസ്തനീസിന്റെ ഇന്‍ഡിക്ക എന്ന പുസ്തകത്തിലും ഇന്ത്യയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 200 ബിസിഇക്ക് മുമ്പ് രചിക്കപ്പെട്ട ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ഇന്ത്യൻ ഉപദ്വീപിനെ ‘ജംബുദ്വീപ്‘എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് കണ്ടുവരുന്ന ഞാവല്‍ പഴത്തില്‍ നിന്ന് (ജാമുൻ) പ്രേരണ ഉള്‍കൊണ്ടാണ് ഈ പേര് വന്നത് എന്നാണ് ചരിത്രം. മനുസ്മൃതിയിലും പുരാണങ്ങളിലും പറഞ്ഞിരിക്കുന്ന ഹിമാലയൻ മുതല്‍ വിന്ധ്യ വരെയുള്ള ആര്യവര്‍ത്തയും ദക്ഷിണ മേഖലയായ ദ്രാവിഡയും ചേരുന്ന പ്രദേശമാണ് ജംബുദ്വീപ് എന്ന് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ മഹാ സമുദ്രം, അറബിക്കടല്‍, ബംഗാള്‍ കടലിടുക്ക് എന്നിവ ചേരുന്ന പ്രദേശമാണ് ദ്രാവിഡ എന്ന് അറിയപ്പെട്ടിരുന്നത്.
പുതിയ രാജാക്കന്മാര്‍ രംഗത്തെത്തിയതോടെ പുതിയ പേരുകളും ഇന്ത്യക്ക് ലഭിച്ചു. നാഫിവര്‍ഷ, ഇലാവതിവര്‍ഷ, ഭാരതവര്‍ഷ എന്നിവ ചുരുക്കം ചിലത് മാത്രം. എന്നാല്‍ ഭാരതവര്‍ഷ എന്ന പേരിന് ഇന്നത്തെ ഭാരതം എന്ന പേരിനെക്കാള്‍ പഴക്കമുണ്ട്. ബിസിഇ ഒന്നു മുതല്‍ ഒമ്പതാം നൂറ്റാണ്ട് കാലഘട്ടത്തിലാണ് ഈ പേര് നിലനിന്നത് എന്നാണ് കരുതപ്പെടുന്നത്.
ഋഗ്വേദത്തിലാണ് ഭാരതം എന്ന പേര് പരാമര്‍ശിക്കപ്പെടുന്നത്. പ്രദേശത്തെ പ്രധാന ഗോത്ര വര്‍ഗമായ ഭാരതരുടെ സാന്നിധ്യമാണ് ഈ പേരിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇന്നത്തെ ഉത്തരേന്ത്യയാണ് ഭാരത് എന്ന പേരില്‍ അന്ന് അറിയപ്പെട്ടത്. കുരുവംശ രാജാവായ ഭരതൻ ഭരിച്ചതിനാലും ഭാരതം എന്ന് അറിയപ്പെട്ടതായി പറയപ്പെടുന്നു.
ഇന്ത്യ എന്ന പേര് ഇംഗ്ലീഷ് ഭാഷയിലെ ഔദ്യോഗിക രേഖകളിലും ഭാരത് എന്ന പേര് ഇന്ത്യൻ ഭാഷകളിലും ഉപയോഗിച്ചുവന്നു. എന്നാല്‍ ജി20 ഉച്ചകോടിയില്‍ ഭാരതത്തിന്റെ പ്രസിഡന്റ് എന്ന് ഉപയോഗിച്ചത് വേറിട്ട സംഭവമായി മാറി. രാജ്യത്തിന്റെ പേര് മാറ്റുന്ന എന്ന അഭ്യൂഹം ഭരണപക്ഷം നിരസിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക രേഖകളില്‍ ഭാരത് എന്ന പേര് കൂടുതലായി ഉപയോഗിക്കുമെന്ന കാര്യം വ്യക്തമായി കഴിഞ്ഞു. രണ്ട് പേരുകള്‍ക്കും അതിന്റേതായ മൂല്യമുണ്ടെന്നും ഭാരത് എന്ന പേര് ഉപയോഗിക്കുന്നതില്‍ ഭരണഘടനാ തടസ്സങ്ങളില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മെലൂഹ
സുമേരിയൻ പേരായ മെലൂഹ എന്ന പേരും സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. അമീഷ് ത്രിപാഠിയുടെ പ്രശസ്ത നോവലായ ദി ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹയില്‍ കശ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പാകിസ്ഥാൻ, കിഴക്കൻ അഫ്ഗാനിസ്ഥാൻ എന്നിവയെ മെലൂഹയുടെ ഭാഗമായി പറയുന്നു. 1947ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട സമയത്ത് ഇന്ത്യ, ഹിന്ദുസ്ഥാൻ, ഭാരത് എന്നീ പേരുകള്‍ സ്വാതന്ത്ര്യ സമര നേതാക്കള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

ഇന്ത്യ അഥവാ ഭാരത്
മഹാത്മാ ഗാന്ധി ഇന്ത്യയുടെ ദേശീയ ഭാഷ ഹിന്ദുസ്ഥാനി ആയിരിക്കണമെന്ന് ആഗ്രഹിച്ചയാളാണ്. നേതാജി സുഭാഷ് ചന്ദ്ര ബോസും ഇതേ തീരുമാനത്തില്‍ വിശ്വസിച്ചിരുന്നു. 1949ല്‍ ഇന്ത്യൻ ഭരണഘടന രൂപീകൃതമായപ്പോള്‍ രാജ്യത്തിന്റെ ഔദ്യോഗിക നാമവും സ്ഥിരീകരിക്കപ്പെട്ടു. ഭാരത് അഥവാ ഇന്ത്യ എന്ന പേര് സ്വീകരിക്കാമെന്ന് തീരുമാനം ഉണ്ടായപ്പോഴും ഹിന്ദുസ്ഥാൻ എന്ന പേര് ഉയര്‍ന്നുവന്നിരുന്നില്ല. 1950ല്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ അനുച്ഛേദം ഒന്നില്‍ ഇന്ത്യ അഥവാ ഭാരത് എന്നത് സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുമെന്ന് വ്യക്തമാക്കുന്നു. ഇന്ത്യ എന്ന പേര് നമ്മുടെ നാട് കൈയ്യേറിയ വിദേശികള്‍ ഉപയോഗിച്ചതാണ് എന്ന അഭിപ്രായം അന്ന് ഉണ്ടായില്ല.

Eng­lish summary;Historians reject the argu­ment: India did not belong to the British

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.