
ഡോളറിനെതിരെ രൂപ സര്‍വകാല റെക്കോഡ് താഴ്ചയില്‍. 23 പൈസയുടെ നഷ്ടം നേരിട്ടതോടെ ആദ്യമായി 91 രൂപയിലേക്ക് ഇടിഞ്ഞു. 91.01 എന്ന നിലയിലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. ഡോളറിന്റെ ഡിമാൻഡ് കൂടിയതും വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതും ഇന്ത്യ — യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് തകർച്ചയുടെ പ്രധാന കാരണം. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ 36 പൈസ വരെ ഇടിഞ്ഞിരുന്നു. എന്നാല്‍ 13 പൈസ തിരിച്ചുകയറുകയായിരുന്നു. നിലവില്‍ ആഗോളതലത്തില്‍ ഡോളര്‍ ദുര്‍ബലമാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയും താഴ്ന്നിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ സഹായമായില്ലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഓഹരിവിപണിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 533 പോയിന്റ് നഷ്ടത്തോടെ 84,679ലാണ് ക്ലോസ് ചെയ്തത്. 160 പോയിന്റ് നഷ്ടം നേരിട്ടതോടെ നിഫ്റ്റി 26,000ല്‍ താഴെപ്പോയി. 25,860 പോയിന്റിലാണ് ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ആക്സിസ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഈ വര്‍ഷം ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യൻ രൂപ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഡോളറിനെതിരെ ആറ് ശതമാനമാണ് ഇടിവ്. യുഎസ് താരിഫ് ഉയർത്തിയത് അടക്കമുള്ള ഘടകങ്ങൾ മൂല്യമിടിയാൻ കാരണമായിട്ടുണ്ട്. ഈ വർഷം ഇതുവരെ വിദേശ നിക്ഷേപകർ 1,800 കോടി ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ ഓഹരികളാണ് വിറ്റഴിച്ചത്. അതേസമയം, യുഎസുമായി സുരക്ഷിതമായ വ്യാപാര കരാർ യാഥാർത്ഥ്യമായാൽ രാജ്യത്തെ വിപണിക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ. ആർബിഐയുടെ ഇടപെടലുണ്ടായില്ലെങ്കിൽ രൂപയുടെ മൂല്യത്തിൽ ഇനിയും ഇടിവുണ്ടായേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.