15 January 2026, Thursday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

ചരിത്രം സാക്ഷി

Janayugom Webdesk
November 5, 2023 5:00 am

രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടം ലോക ചരിത്രത്തില്‍ എണ്ണപ്പെട്ട ബഹുജന മുന്നേറ്റമായിരുന്നു. ഇപ്പോള്‍ രാജ്യം ഭരിക്കുന്ന തീവ്രവലതുപക്ഷ ശക്തികൾക്കാകട്ടെ അതിൽ യാതൊരു പങ്കാളിത്തവുമില്ലായിരുന്നു. സ്വാതന്ത്ര്യ സമരത്തിലോ ദേശീയ പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയകളിലോ അവർ ഒരിക്കലും ഭാഗഭാക്കായതുമില്ല.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഒക്ടോബർ 24ന് നടത്തിയ പ്രസംഗത്തിൽ, എന്തുകൊണ്ട് ആർഎസ്എസ് എല്ലായ്പ്പോഴും ദേശീയ പ്രസ്ഥാനത്തിൽ നിന്ന് അകന്നുനിൽക്കുന്നു എന്ന ചോദ്യത്തില്‍ നിന്നും ഒരിക്കൽ കൂടി ഒഴിഞ്ഞുമാറി. രാജ്യത്തിന്റെ വിഭജനത്തിലും തുടർന്നുണ്ടായ വർഗീയ കലാപത്തിലും ആര്‍എസ്എസിന്റെ പങ്കാളിത്തം എവിടെയാണ്. എന്തിനാണ് ആര്‍എസ്എസ് അതിന്റെ അസ്തിത്വത്തിലുടനീളം വിഭജന രാഷ്ട്രീയം പാലിക്കുന്നത്. കാലാകാലങ്ങളായി ഉയരുന്ന ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുപകരം, തനിക്കും തന്റെ സംഘടനയ്ക്കും എക്കാലവും നന്നായി ആവര്‍ത്തിക്കാനറിയുന്ന ഒന്ന് ഭാഗവത് ഇത്തവണയും കമ്മ്യൂണിസ്റ്റുകാരെയും പുരോഗമനവാദികളെയും “സാംസ്കാരിക മാർക്സിസ്റ്റുകൾ” എന്ന് പരാമർശിച്ചു. “സമൂഹത്തിൽ വിവേചനം” സൃഷ്ടിക്കുന്നതിനും “സൃഷ്ടിപരമായ കൂട്ടായ്മയെ തകർക്കുന്നതിനും സംഘട്ടനത്തിന് കാരണക്കാരായും” ചിത്രീകരിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: പശ്ചിമേഷ്യന്‍ സംഘർഷത്തിന്റെ നാള്‍വഴികള്‍


ഭാഗവത് തുടരുകയാണ് “അവര്‍ മാധ്യമങ്ങളുടെയും അക്കാദമികളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും വിദ്യാഭ്യാസം, സംസ്കാരം, രാഷ്ട്രീയം, സാമൂഹിക അന്തരീക്ഷം എന്നിവയെ ആശയക്കുഴപ്പത്തിലേക്കും അരാജകത്വത്തിലേക്കും അഴിമതിയിലേക്കും തള്ളിവിടുകയും ചെയ്യുന്നു.”
വിലകുറഞ്ഞ ഇത്തരം അഭിപ്രായങ്ങൾ യാതൊരു പരിഗണനയും അര്‍ഹിക്കുന്നതല്ല. യൂറോപ്പിലെയും ചില മുതലാളിത്ത രാജ്യങ്ങളിലെയും തീവ്ര വലതുപക്ഷ, നവ‑ഫാസിസ്റ്റ് വ‍ൃത്തങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രയോഗമാണ് ‘സാംസ്കാരിക മാർക്സിസ്റ്റുകൾ’. സംഘ്പരിവാര്‍ ഇത് ആവര്‍ത്തിക്കുന്നു എന്നു മാത്രം. സമൂഹത്തെയും സംസ്കാരത്തെയും ചരിത്രത്തെയും ഏകീകരിക്കുന്നതിനെതിരെ നിലക്കൊള്ളുന്നവരെ ആക്രമിക്കാനാണ് സംഘനേതൃത്വം ഇത്തരം പദപ്രയോഗങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ഹൈന്ദവ ദേശീയതയെ ഘോഷിക്കുന്ന സംഘ്പരിവാര്‍ സംഘടനകൾ ഫാസിസ്റ്റ് ആശയങ്ങൾ ബോധപൂർവവും ആസൂത്രിതവുമായ രീതിയിൽ ഉള്‍ക്കൊണ്ടാണ് നീങ്ങുന്നത്. “ശാശ്വത സമാധാനത്തിന്റെ സാധ്യതയിലോ പ്രയോജനത്തിലോ ഫാസിസം വിശ്വസിക്കുന്നില്ല” എന്ന് മുസോളിനി തന്നെ പറഞ്ഞിരുന്നു.


ഇതുകൂടി വായിക്കൂ: വര്‍ഗ‑രാഷ്ട്രീയ സമന്വയം വിജയത്തിന്റെ മുന്നുറപ്പ്


എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. ജനം പ്രതീക്ഷയുടെ പുതിയ ചക്രവാളത്തിലേക്ക് നീങ്ങി. സ്വാതന്ത്ര്യത്തിലേക്കുള്ള വഴി അതായിരുന്നു. കാഴ്ചയും കാഴ്ചപ്പാടുകളും മാനുഷിക മൂല്യങ്ങളോടു ചേര്‍ന്നുള്ളൊരു വിജയഗാനം പാടി. മാനുഷ്യനെ കേന്ദ്രബിന്ദുവാക്കിയുള്ളൊരു സാമൂഹിക‑സാമ്പത്തിക ഘടനയും സമത്വ സമൂഹവും ജനാധിപത്യ മൂല്യങ്ങളും മാത്രമാണ് സ്വതന്ത്രമായ രാജ്യത്തെ ജനം ആഗ്രഹിച്ചത്. ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തന്നെ വലതുപക്ഷ വര്‍ഗീയചേരി കനത്ത തോൽവിയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തെ മുഖ്യ പ്രതിപക്ഷമായി. മതേതരത്വത്തിന്റെയും മാനവികതയുടെയും വിജയമാണിതെന്ന് ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്രു പ്രഖ്യാപിച്ചു.
മുന്നൂറ് വർഷത്തെ കൊളോണിയൽ ഭരണത്തിന് ശേഷം ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറി, എന്നാൽ രാജ്യം രണ്ടായി. മതാധിഷ്ഠിതവും ജനാധിപത്യ കേന്ദ്രീകൃതവും. വിഭജനത്തെ തുടർന്നുണ്ടായ വർഗീയ ഉന്മാദങ്ങൾ രാജ്യത്തെ ക്രൂരമായി ബാധിച്ചു. സ്വതന്ത്ര ഇന്ത്യയുടെ മതേതര പദ്ധതിയെ അട്ടിമറിക്കാനുള്ള അവസരമായി കണ്ട സംഘടനകൾ അതിനുള്ള വഴിതേടി.
1948 ജനുവരി 30‑ന് നടന്ന മഹാത്മാഗാന്ധിയുടെ കൊലപാതകം ഉദാഹരണമാണ്. ഇന്ത്യയിലെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അസ്ഥിരപ്പെടുത്തുക എന്നത് പ്രധാന ലക്ഷ്യമായ ഹിന്ദു മഹാസഭ നേതാക്കൾ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിയുടെ കൊലപാതകം. കലാപങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിച്ചു. വീടുകളിൽ നിന്ന് വേരോടെ പിഴുതെറിയപ്പെട്ടവര്‍ തങ്ങള്‍ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്തൊരു ഭുമികയിലേയ്ക്ക് നീങ്ങി. അവരുടെ സ്വത്വബോധം നഷ്ടപ്പെട്ടിരുന്നു. എങ്കിലും ഏകത്വത്തിന്റെ തീക്ഷ്ണ ബോധം അവരില്‍ നിലനിന്നിരുന്നു.
ഭൂരിപക്ഷ ന്യൂനപക്ഷമെന്ന വേറിട്ട ചിന്താഗതി നാടിന്റെ സംസ്കാരമായിരുന്നില്ല. ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവ് ചിന്തകളില്‍ പോലുമില്ലാതെ ജനം ഒരുമിച്ച് പോരാടുകയും രക്തം ചൊരിയുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന പരമ ലക്ഷ്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും ചെയ്തു.
രാജ്യത്തിന്റെ ഭരണഘടന അതിന്റെ ആമുഖത്തിൽ രാജ്യത്തെ പരമാധികാര സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക് എന്ന് വിശേഷിപ്പിച്ചിരുന്നു, രാഷ്ട്രം കെട്ടിപ്പടുത്ത ഘടകങ്ങൾ തന്നെ ഇതിനു വഴിയായി. സ്തംഭനാവസ്ഥയിലല്ല, മാറ്റത്തിലാണ് ജനത വിശ്വസിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഇസ്രയേല്‍ ഇന്ത്യയെ പഠിപ്പിക്കുന്നത്


അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിരുന്നു. വ്യവസായവൽക്കരണം ശക്തമായി. വളര്‍ച്ചയുടെ വഴിയൊരുക്കി പഞ്ചവത്സര പദ്ധതികൾ തയ്യാറാക്കി. മാർക്സിസത്തിൽ വിശ്വസിക്കുകയും ആസൂത്രണം ചെയ്യുകയും നേട്ടങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്തവരുടെ മുന്നേറ്റം. സാമൂഹിക‑സാമ്പത്തിക പുരോഗതി, സമാധാനത്തില്‍ മുന്നേറാനുള്ള താല്‍പര്യം എന്നിവയായിരുന്നു പ്രേരകശക്തികൾ. അനീതി ഉയരുമ്പോഴെല്ലാം കമ്മ്യൂണിസ്റ്റുകൾ ജനങ്ങൾക്കൊപ്പം നിന്നു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും കമ്മ്യൂണിസ്റ്റുകാര്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു. ഗോവയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് കമ്മ്യൂണിസ്റ്റുകാരാണ്. ആദ്യത്തെ രക്തസാക്ഷിയും ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ഫ്രഞ്ച് കൊളോണിയലിസ്റ്റുകൾക്കെതിരെ പുതുച്ചേരിയിലെ ജനങ്ങളോടൊപ്പവും അവര്‍ ചേര്‍ന്നു നിന്ന് പോരാടി സ്വാതന്ത്ര്യം നേടി. സംയുക്ത മഹാരാഷ്ട്രയ്ക്കുവേണ്ടി സമരം ചെയ്തു വിജയിച്ചു. രാജ്യത്ത് ഒന്നാമത്തേതും ലോകത്തിലെ രണ്ടാമത്തേതും ആയ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സർക്കാർ കേരളത്തിൽ ആയിരുന്നു. എല്ലാ സംസ്ഥാനങ്ങളും അവിടുത്തെ ജനങ്ങളും ചേർന്ന് ഡൽഹിയിൽ ആദ്യമായി അഖിലേന്ത്യാ റാലി സംഘടിപ്പിച്ചു. ചെങ്കൊടിക്കു പിന്നിലാണ് ജനങ്ങള്‍ അണിനിരന്നത്. സമ്പൂർണ സമരമെന്ന് അര്‍ത്ഥം പറയുന്ന ബന്ദ് എന്ന വാക്കിനു പിന്നിലും കമ്മ്യൂണിസ്റ്റുകാര്‍ മാത്രം.


ഇതുകൂടി വായിക്കൂ: മാര്‍ട്ടിന്‍ നെമോളര്‍ പിന്നീട് വിലപിച്ചത്


സാമ്രാജ്യത്വ വിരുദ്ധത, ഫാസിസത്തോടുള്ള ചെറുത്തുനില്‍പ്പ്, ദേശീയ സ്വാതന്ത്ര്യം, സമാധാനം തുടങ്ങിയ പദപ്രയോഗങ്ങൾ തന്നെ ദേശീയ സ്വാതന്ത്ര്യമുന്നേറ്റത്തിന്റെ പ്രധാന ആശയങ്ങളുമായി ചേര്‍ന്നുള്ളതായിരുന്നു. എന്നാൽ വലതുപക്ഷ, വര്‍ഗീയ വിഭാഗീയതയുടെ വക്താക്കള്‍ എപ്പോഴും എക്കാലവും ഇവയിൽ നിന്ന് അകന്നു നിന്നു. ചരിത്രമാണ് സാക്ഷ്യം.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.