23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 7, 2024
November 18, 2024
September 28, 2024
September 22, 2024
September 22, 2024
April 2, 2024
January 10, 2023
January 4, 2023
November 7, 2022

ഒരിക്കല്‍ ദൈവതുല്യന്‍; ഒടുവില്‍ വില്ലനായി പലായനം

Janayugom Webdesk
കൊളംബൊ
May 10, 2022 9:50 pm

ഒരുകാലത്ത് ശ്രീലങ്കന്‍ ജനതയ്ക്ക് മുന്നില്‍ ദൈവതുല്യമായ പരിവേഷത്തോടെ തിളങ്ങിയ രാജപക്സെ കുടുംബം ഒടുവില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനായി പലായനം ചെയ്യുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊടുവില്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോള്‍ മഹിന്ദ രാജപക്സെയ്ക്ക് പ്രധാനമന്ത്രി പദം വിട്ടൊഴിയേണ്ടിവന്നു. എന്നാല്‍ അവിടെയും ജനരോഷം ശമിക്കുന്നില്ല. മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും വീടുകള്‍ക്ക് തീയിട്ടുകൊണ്ട് കലാപം മുന്നോട്ടുനീങ്ങുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയൊളിക്കുകയല്ലാതെ രാജപക്സെ കുടുംബത്തിന് മാര്‍ഗമില്ലാതായി. ജനരോഷത്തില്‍ രാജപക്സെയുടെ കുടുംബവീട് കത്തിയെരിഞ്ഞപ്പോള്‍ ചാമ്പലായത് ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ കുടുംബാധിപത്യം കൂടിയാണ്. സഹോദരനും ശ്രീലങ്കന്‍ പ്രസിഡന്റുമായ ഗോതബയ രാജപക്സെയ്ക്കും മുന്നോട്ടുള്ള വഴികള്‍ അധികാരം നഷ്ടമാകുന്നതിന്റേതായിരിക്കും.

ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന തമിഴ് പുലികളെ നാമാവശേഷമാക്കിക്കൊണ്ടായിരുന്നു മഹിന്ദയുടെ ശ്രീലങ്കയിലെ മുന്നേറ്റം. 30 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന് രക്തരൂക്ഷിതമായ അന്ത്യം കുറിച്ചു. മനുഷ്യാവകാശലംഘനങ്ങളെന്ന് ആരോപിക്കപ്പെട്ടെങ്കിലും ഈ ഉദ്യമത്തില്‍ രാജപക്സെ വിജയിച്ചു. ഇതോടെ ശ്രീലങ്കയിലെ 70 ശതമാനം വരുന്ന സിംഹള‑ബുദ്ധമത വിഭാഗക്കാരുടെ ഇടയില്‍ രാജപക്സെ കുടുംബം ആധിപത്യമുറപ്പിച്ചു. ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ ഇവര്‍ക്ക് എതിരാളികളുണ്ടായിരുന്നില്ല. ഇതിഹാസ രാജാവായ ദുതുഗെമുനുവിന്റെ പുനരവതാരമായി മഹിന്ദ വാഴ്ത്തപ്പെട്ടു.
അഭിഭാഷകൻ കൂടിയായ രാജപക്സെ 1970 ലാണ് ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2004 ഏപ്രിൽ ആറ് മുതൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2005 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രധാനമന്ത്രി പദം രാജിവച്ചു. തെരഞ്ഞെടുപ്പിൽ ജയിച്ച് 2005 നവംബർ 19ന്‌ ശ്രീലങ്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 2010 ല്‍ ശ്രീലങ്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2015 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2015 ജനുവരി എട്ടിന് സ്ഥാനമൊഴിഞ്ഞു. 2020 ഓഗസ്റ്റ് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.

തങ്ങള്‍ ശ്രീലങ്കയെ നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന മിഥ്യാധാരണ എപ്പോഴുംരാജപക്സെ കുടുംബത്തിനുണ്ടായിരുന്നു. മഹിന്ദയും ഗോതബയയും പലപ്പോഴും ഈ രീതിയില്‍ അവകാശപ്പെട്ടു. രാജപക്സെ കുടുംബത്തിന്റെ സിംഹള‑ബുദ്ധിസ്റ്റ് ഭൂരിപക്ഷ പ്രീണനത്തില്‍ ദ്വീപ് രാജ്യത്തെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടിച്ചമര്‍ത്തലും വിവേചനവും നേരിടേണ്ടതായും വന്നു. 2010 മുതല്‍ 2015 വരെയുള്ള ലങ്കന്‍ കാലഘട്ടം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും കുറ്റകൃത്യങ്ങളുടെയും കൂടി കാലമാണ്.

മഹിന്ദയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചതിന്റെ ഫലമായിരുന്നു 2015ലെ തെരഞ്ഞെടുപ്പില്‍ മൈത്രിപാല സിരിസേനയ്ക്കെതിരെ മഹിന്ദയുടെ തോല്‍വി. എന്നാല്‍ അധികാരത്തിലേക്ക് തിരിച്ചെത്താന്‍ മഹിന്ദ അടവുകള്‍ പയറ്റി. 2019 ല്‍ ഇതിന് ഫലമുണ്ടായി. സഹോദരന്മാരുടെ ഭരണം ഇത്തവണ ഏറെക്കാലം തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ കോവിഡ് പിടിമുറുക്കിയതോടെ രാജ്യത്തിന്റെ സമ്പദ്ഘടന താറുമാറായി. സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതില്‍ പ്രസിഡന്റ് ഗോതബായയുടെ പിടിപ്പുകേട് രാജ്യത്തെ കൂടുതല്‍ തകര്‍ത്തു. പട്ടിണിയിലായ ജനത ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ നിർബന്ധിതരാവുകയായിരുന്നു.

Eng­lish Sum­ma­ry: His­to­ry of Rajapak­sa legacy

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.