22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024

എച്ച്‌ഐവി: തെറ്റിദ്ധാരണകളുടെ രോഗം

ഡോ.ഷരീഖ് പി.എസ്.
December 1, 2023 8:54 am

ലോക എയ്ഡ്‌സ് ദിനമായി എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നാം തീയതി ലോകാരോഗ്യ സംഘടന ആചരിച്ചു വരാറുണ്ട്. ഈ രോഗത്തെക്കുറിച്ച് ശരിയായ അവബോധം സമൂഹത്തില്‍ ഉണ്ടാക്കുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശം.

മറ്റു അസുഖങ്ങളില്‍ നിന്ന് വിഭിന്നമായി എച്ച്‌ഐവി രോഗബാധയെ കുറിച്ച് പല തെറ്റിദ്ധാരണകളും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ശരിയായ അറിവില്ലാത്തത് കൊണ്ട് തന്നെ പലരും വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി കണ്ടുവരുന്നു. അതിനാല്‍ തന്നെ ശാസ്ത്രീയമായ അറിവ് എല്ലാവരിലേക്കും എത്തേണ്ടത് വളരെ പ്രധാനമാണ്.

എച്ച്‌ഐവി വൈറസ് ശരീരത്തിലേക്ക് കടന്നു കയറുന്നത് പ്രധാനമായും രോഗമുള്ള ആളുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ്. രോഗം ബാധിച്ച ആളുടെ രക്തം സ്വീകരിക്കുക, പൂര്‍ണ്ണമായും അണുവിമുക്തമാക്കാത്ത സൂക്ഷികള്‍ കൊണ്ട് കിട്ടുന്ന കുത്തുകള്‍, രോഗം ബാധിച്ച അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ഈ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയും രോഗം പകരാം.

ശരീരത്തിനകത്തേക്ക് കയറുന്ന വൈറസ് ശരീരത്തിന്റെ പ്രതിരോധശേഷിയെ ആണ് നശിപ്പിക്കുന്നത്. രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടത്തില്‍ പ്രതിരോധ സംവിധാനം പൂര്‍ണ്ണമായും തകരുകയും അതുമൂലം TB, പൂപ്പല്‍ ബാധകള്‍, മറ്റു വൈറസുകള്‍ എന്നിവ ശരീരത്തെ ബാധിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയും ആണ് സാധാരണ കണ്ടുവരാറുള്ളത്.

ഈ വൈറസ് ശരീരത്തിലേക്ക് കടന്നു എന്നത് രക്ത പരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കും. ഏകദേശം രണ്ടാഴ്ച മുതല്‍ രക്തത്തില്‍ ഇതിന്റെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ സാധിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ ഇന്ന് ലഭ്യമാണ്. എന്നിരുന്നാലും ചില ഘട്ടങ്ങളില്‍ രക്ത പരിശോധന മൂന്നാം മാസത്തിലും ആറാം മാസത്തിലും ആവര്‍ത്തിച്ച് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പിക്കുന്നതാണ് നല്ലത്.

ചികിത്സയില്ലാത്ത രോഗം എന്നാണ് പൊതുവെ ഈ അസുഖത്തെക്കുറിച്ചുള്ള ഒരു ധാരണ. എന്നാല്‍ വസ്തുത എന്തെന്നാല്‍ കൃത്യമായ ചികിത്സ തക്കസമയത്ത് തുടങ്ങാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ഈ അസുഖം ബാധിച്ച മനുഷ്യര്‍ക്ക് സാധാരണ ഒരു മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം തന്നെ കിട്ടുന്നു. പണ്ടൊക്കെ ഒരുപാട് ഗുളികകള്‍ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് അത് ദിവസത്തില്‍ വെറും ഒരു ഗുളികയെന്ന കണക്കിലായി കുറയുകയും പാര്‍ശ്വഫലങ്ങള്‍ വളരെ കുറയുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച ആളുടെ കൂടെ ഒരു മുറിയില്‍ ഇരുന്നത് കൊണ്ടോ, രോഗിയെ സ്പര്‍ശിച്ചതു കൊണ്ടോ, ഒരുമിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചതുകൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാള്‍ക്ക് പകരുകയില്ല. ഇത്തരം അബദ്ധ ധാരണകള്‍ മൂലം ഈ രോഗം ബാധിച്ചവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഈ വൈറസിനെതിരെ ഇല്ലെങ്കിലും നേരത്തെ കണ്ടുപിടിച്ചാല്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുന്ന ഒരു അസുഖമാണ് എച്ച്.ഐ.വി. രക്തദാനം മൂലമുള്ള രോഗപകര്‍ച്ച നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പരിധിവരെയെങ്കിലും തടയാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യവുമാണ്. ചികിത്സാരീതികള്‍ ഒരുപാട് പുരോഗമിച്ചതോടെ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്കുള്ള രോഗപകര്‍ച്ചയെ പൂര്‍ണ്ണമായും തടയാന്‍ സാധിക്കുന്നു എന്ന അവസ്ഥവരെ ഇന്നുണ്ട്.

അതിനാല്‍ തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് ഈ രോഗം ബാധിച്ച നിര്‍ഭാഗ്യവാന്മാരെക്കൂടി നമുക്ക് ഒപ്പം ചേര്‍ക്കാം. ശാസ്ത്രബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.

ഡോ.ഷരീഖ് പി.എസ്.
കൺസൾട്ടന്റ് പകർച്ചവ്യാധി
SUT ഹോസ്പിറ്റൽ, പട്ടം

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.