7 December 2025, Sunday

Related news

December 6, 2025
October 31, 2025
April 1, 2025
October 30, 2024
October 22, 2024
September 16, 2024
September 15, 2024
July 23, 2024
October 6, 2023
October 4, 2023

ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

സുരേഷ് എടപ്പാള്‍
January 13, 2023 10:13 am

ഇനി ഭുവനേശ്വറിലേയും റൂര്‍ഖലയിലേയും ആസ്‌ട്രോടര്‍ഫ് മൈതാനങ്ങളില്‍ സ്റ്റിക്കുകള്‍ കൊമ്പുകോര്‍ക്കും. ഹോക്കിയിലെ പുതിയ ലോകരാജാവിനെ കണ്ടെത്താനുള്ള തീപാറും പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഏറ്റവും കരുത്തര്‍ മാത്രം അതിജീവിക്കുന്ന കായിക കരുത്തിന്റെയും കുതിപ്പിന്റെയും അവിസ്മരണീയ മൂഹൂര്‍ത്തങ്ങളായിരിക്കും ഒഡിഷ ലോകത്തിന് സമ്മാനിക്കാന്‍ പോകുന്നത്. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒഡിഷ ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. മലപ്പുറത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും കത്തിപ്പടര്‍ന്ന ഫുട്‌ബോള്‍വികാരം പോലെയാണ് ഒഡിഷയിലെ ജനങ്ങള്‍ക്കിടയില്‍ ഹോക്കി ജ്വരം. രാജ്യത്തെ കായിക ഭൂപടത്തില്‍ വലിയ അടയാളപ്പെടുത്തലൊന്നും സാധ്യമായിട്ടില്ലെങ്കിലും ഹോക്കിയുടെ കാര്യത്തില്‍ ഒഡിഷ ഇന്ത്യയുടെ തലസ്ഥാനംതന്നെയാണ്. 2018ല്‍ കലിംഗ മാത്രമായിരുന്നു വേദിയെങ്കില്‍ ഇത്തവണ ബിര്‍സമുണ്ട കൂടി പോരാട്ട ഭൂമികയാവുന്നു. 

20,000 പേര്‍ക്കിരിക്കാവുന്ന ബിര്‍സമുണ്ട സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ഫീല്‍ഡ് ഹോക്കി സ്‌റ്റേഡിയമാണ്. ഒരുകാലത്ത് ടര്‍ഫ് മൈതാനങ്ങളുടെ ക്ഷാമം ഇന്ത്യയില്‍ ദേശീയ ടീമിന്റെ പരിശീലനത്തിനുപോലും വിഘാതമുണ്ടാക്കിയിരുന്നെങ്കില്‍ ഇന്ന് ലോകത്തെതന്നെ ഏറ്റവും മികച്ച ആസ്‌ട്രോടര്‍ഫ് മൈതനാങ്ങളാണ് ഇവിടെ ഒരുങ്ങിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളില്‍ ലഭിച്ച പരിശീലനത്തെ തുടര്‍ന്ന് പരമ്പരാഗത കേളീശൈലിയില്‍ നിന്ന് മാറി പവര്‍ഹോക്കിയിലേക്ക് ഇന്ത്യയും മുന്നേറിയതിന്റെ വലിയ അടയാളപ്പെടുത്തലാവും ഈ ലോകകപ്പെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം ഇന്ത്യയുടെ കളിക്കാരും പരിശീലകരും.
നാല് പൂളുകളിലായി 16 ടീമുകളാണ് ഈ മാസം 29 വരെ നീളുന്ന ഹോക്കി വിശ്വകപ്പില്‍ പൊരുതാനിറങ്ങുന്നത്. 

ടോക്യോ ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ നേട്ടവും കോണ്‍വെല്‍ത്ത് ഗെയിംസിലെ ഫൈ­നല്‍ പ്രവേശനും പകരുന്ന ആവേശത്തിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടും സ്‌പെയിനും വെയില്‍സും ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലാണ് ആതിഥേയര്‍. ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാക്കളും നിലവിലെ ചാമ്പ്യന്മാരായ ബെല്‍ജിയം, ഹോക്കി ഫെഡറേഷന്റെ റാങ്കിങ്ങില്‍ ഒന്നാമതുള്ള ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, അര്‍ജന്റീന, ജര്‍മ്മനി, ഇംഗ്ലണ്ട് എന്നിവരാണ് കിരീടമോഹത്തില്‍ മുന്‍ നിരയിലുള്ളത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഗ്രൂപ്പ് എ യില്‍ അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. എ യിലെ തന്നെ രണ്ടാമത്തെ മത്സരത്തില്‍ ഉച്ചക്ക് മൂന്നിന് ഓസ്ട്രേലിയ ഫ്രാന്‍സുമായി കളിക്കും. ഡി ഗ്രൂപ്പിലെ കരുത്തരായ ഇംഗ്ലണ്ട് ഇന്ന് ഉച്ചക്ക് അഞ്ചിന് ഹോക്കി ലോകകപ്പിന് ആദ്യമായെത്തുന്ന വെയില്‍സുമായി ഏറ്റുമുട്ടും.

Eng­lish Summary:Hockey World Cup starts today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.