18 December 2024, Wednesday
KSFE Galaxy Chits Banner 2

ഇടുക്കിയിലെ കര്‍ഷക ലക്ഷങ്ങള്‍ക്ക് പ്രതീക്ഷ

Janayugom Webdesk
January 12, 2023 5:00 am

കൃഷിയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന ജനങ്ങളുടെ, ഫലഭൂയിഷ്ഠമായ മണ്ണുതേടിയുള്ള യാത്ര നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്. ഭൂനിയമങ്ങളോ ഉള്ള നിയമങ്ങള്‍ക്ക് തന്നെ കാര്‍ക്കശ്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് കൈവശം വന്ന ഭൂമിയില്‍ അത്യധ്വാനംകൊണ്ട് പൊന്നുവിളയിച്ചവരായിരുന്നു നമ്മുടെ പൂര്‍വികര്‍. അതുവരെ ആളുകള്‍ എത്താന്‍ മടിച്ചിരുന്ന മലമ്പ്രദേശങ്ങളിലും വനസമീപങ്ങളിലും ചെന്ന് മണ്ണിനെ കൃഷിയിടമാക്കിയ സാഹസികര്‍ കൂടിയായിരുന്നു അവര്‍. അങ്ങനെ വലിയവിഭാഗം ജനങ്ങള്‍ എത്തിച്ചേര്‍ന്ന പ്രദേശങ്ങളില്‍ ഒന്നായിരുന്നു ഇപ്പോഴത്തെ ഇടുക്കി ജില്ല. ആ തലമുറ കൊഴിഞ്ഞുപോയെങ്കിലും അവരുടെ പിന്‍മുറക്കാര്‍ അതേമണ്ണില്‍ പണിയെടുക്കുകയും അതോടൊപ്പം കാലാകാലങ്ങളില്‍ മാറിവന്ന പരിതസ്ഥിതിക്കനുസരിച്ച് ഉപജീവനത്തിനായി പുതിയമാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്തു. എന്നാല്‍ നിയമങ്ങളുടെ കാര്‍ക്കശ്യം കാരണം അത്തരം ഭൂമിയുടെ ഉടമസ്ഥാവകാശം തര്‍ക്കത്തിലാവുകയും കുടിയേറ്റക്കാരായിരുന്ന കുറച്ചേറെപ്പേര്‍ പരമ്പരാഗതമായി ലഭ്യമായ ഭൂമിക്കു മതിയായ രേഖകളില്ലാത്ത കൈവശക്കാരായി മാറുകയും ചെയ്തു. ചിലരെല്ലാം കയ്യേറ്റക്കാരെന്ന മുദ്ര ചാര്‍ത്തപ്പെട്ടവരുമായി. സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന എല്ലാ സര്‍ക്കാരുകളും എല്ലാക്കാലത്തും അഭിമുഖീകരിക്കുവാന്‍ ശ്രമിച്ചതായിരുന്നു അത്തരം ഭൂമിയുടെ ഉടമസ്ഥത നിര്‍ണയിക്കുകയും കൈവശക്കാര്‍ക്ക് അവകാശം നല്കുകയും ചെയ്യുക എന്നുള്ള പ്രശ്നം. എന്നാല്‍ നിയമപരമായ തടസങ്ങളും സാങ്കേതികമായ നൂലാമാലകളും കാരണം അനന്തമായി നീണ്ടുപോയി. യഥാര്‍ത്ഥ കര്‍ഷകര്‍, കുടിയേറ്റക്കാര്‍, കയ്യേറ്റക്കാര്‍ എന്നിവരെ വേര്‍തിരിച്ചെടുക്കുകയെന്ന വലിയ പ്രശ്നമാണ് തടസമായത്. നിയമങ്ങളിലെ കാര്‍ക്കശ്യവും കാരണമായി. അതിനിടയില്‍ വിവിധ ഘട്ടങ്ങളില്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയും ഭാഗികമായ പരിഹാരങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ആയിരക്കണക്കിനാളുകളുടെ ഭൂപ്രശ്നത്തിനു പരിഹാരമായി. അപ്പോഴും തലമുറകളായി ഭൂമി കൈവശം വയ്ക്കുന്ന വലിയൊരു വിഭാഗത്തിന് മതിയായ രേഖകള്‍ ലഭിക്കാതെയോ വീടുള്‍പ്പെടെയുള്ള നിര്‍മ്മിതികള്‍ക്ക് അനുമതി കിട്ടാതെയോ പോകുന്ന സ്ഥിതി അവശേഷിച്ചു.


ഇതുകൂടി വായിക്കൂ: ആദിവാസി ഭൂമിക്ക് പട്ടയം; ചരിത്രം തിരുത്തി ഇടതുപക്ഷ സർക്കാർ


ഈ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് നിയമഭേദഗതി കൊണ്ടുവരണമെന്ന സുപ്രധാനമായ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുകയാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 1960ലെ കേരള ഭൂപതിവ് നിയമത്തിലും അനുബന്ധ ചട്ടങ്ങളിലുമാണ് ഭേദഗതി വരുത്തുന്നത്. ജീവിതോപാധിയുടെ ഭാഗമായി നടത്തിയ 1500 ചതുരശ്ര അടിവരെയുള്ള നിര്‍മ്മിതികളും കൃഷിഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമവല്‍ക്കരിച്ചു നല്കുന്നതിനാണ് നിയമഭേദഗതി. ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളായ മാതാപിതാക്കളില്‍ നിന്ന് അനന്തരതലമുറയ്ക്ക് ഭാഗംവച്ച് നല്കുമ്പോള്‍ അളവില്‍ കുറയുമെന്നത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കൈവശക്കാരില്‍ മഹാഭൂരിപക്ഷത്തിന്റെയും കയ്യിലുണ്ടാകുന്ന ഭൂമിയുടെ അളവ് തുലോം കുറവായിരിക്കും. മാത്രവുമല്ല അത്തരം ഭൂമിയില്‍തന്നെ ഓരോ കുടുംബത്തിനും വീടുള്‍പ്പെടെയുള്ള നിര്‍മ്മിതികള്‍ നടത്തേണ്ടിയും വരും. പക്ഷേ നിയമത്തിന്റെ പിന്‍ബലമില്ലാത്തതിനാല്‍ അവയില്‍ പലതും അനധികൃതമായി തുടരുകയാണ്. പണയം വയ്ക്കാനോ മറ്റ് ഇടപാടുകള്‍ക്ക് ഈടു നല്കുന്നതിനോ സാധിക്കാതെയും വരുന്നു. ഇതിനുപുറമേ വര്‍ഷങ്ങളായി കൈവശം വയ്ക്കുകയും കുടിലുകളും കൊച്ചുവീടുകളും പണിത് താമസിക്കുകയും ചെയ്യുന്നവരും നിരവധിയുണ്ട്.


ഇതുകൂടി വായിക്കൂ: ഒരു വർഷം – അരലക്ഷം പട്ടയം


കഴിഞ്ഞ ദിവസം നടന്ന ഉന്നതതലയോഗത്തില്‍ വിശദീകരിക്കപ്പെട്ടതനുസരിച്ച് വിവിധ ഇനങ്ങളിലായി കൈവശാവകാശത്തിനും പട്ടയത്തിനുമായി പതിനായിരക്കണക്കിന് അപേക്ഷകളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. എത്രയോവര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്ന ഇത്തരം അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കുന്നതിന് നിയമഭേദഗതി സഹായിക്കുമെന്നാണ് കരുതുന്നത്. നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുന്നതുവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തിനല്കുി, ചട്ട, നിയമ ഭേദഗതികൾക്കുശേഷം സാധൂകരിക്കാവുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. അതുപോലെ തന്നെ ഇടുക്കിയിലെ മറ്റൊരു പ്രധാന ഭൂപ്രശ്നമാണ് ഏലമലക്കാടുകളിലെ സംരക്ഷിത പ്രദേശങ്ങളില്‍ റവന്യു-വനം വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തീകരിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കുകയും ചെയ്ത ഭൂമിയുടെ പട്ടയവിതരണം. അരലക്ഷത്തോളം ഏക്കര്‍ ഭൂമിയുടെ പട്ടയവിതരണ നടപടി പല കാരണങ്ങളാല്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല. ഈ നടപടി പൂര്‍ത്തിയാക്കുന്നതിനുള്ള തീരുമാനവും പട്ടികയില്‍ പേരുള്ളവരിലെ പകുതിയോളം പേര്‍ക്കുള്ള പട്ടയവിതരണ നടപടികള്‍ വേഗത്തിലാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്നതാണ് ഈ തീരുമാനങ്ങള്‍. ലക്ഷക്കണക്കിന് കര്‍ഷകരും കൈവശക്കാരും നേരിടുന്ന പ്രശ്നങ്ങളെ മനുഷ്യപക്ഷത്തു നിന്നുകൊണ്ട് പരിഹരിക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. അതിന്റെ ഏറ്റവും പ്രധാനഘടകമാണ് ചട്ട, നിയമ ഭേദഗതികള്‍. എന്നാല്‍ ഈ ഭേദഗതികള്‍ കയ്യേറ്റത്തെ സഹായിക്കുന്നതിനുള്ളതല്ലെന്ന വ്യക്തമായ ധാരണയോടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ എന്നുറപ്പുവരുത്താനുള്ള ജാഗ്രതയും അത്യാവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.