16 January 2026, Friday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

പ്രതീക്ഷാനിര്‍ഭരമായ ചരിത്രത്തിന്റെ ആവര്‍ത്തനം

Janayugom Webdesk
April 29, 2024 5:00 am

ഗാസ യുദ്ധത്തിൽ സ്ഥാനഭ്രംശം സംഭവിച്ച ദശലക്ഷത്തിലേറെ പലസ്തീനികൾ തിങ്ങിപ്പാർക്കുന്ന റാഫയ്ക്കുനേരെ ഏതുനിമിഷവും ഇസ്രയേൽ കരയുദ്ധം ആരംഭിച്ചേക്കാം. വിനാശകരമായ അത്തരമൊരു നീക്കത്തിൽനിന്നും പിന്തിരിയണമെന്ന യുഎസ് അടക്കമുള്ള ഭരണകൂടങ്ങളുടെ ആവശ്യത്തോട് പുറംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവലംബിക്കുന്നത്. റാഫയ്ക്കുനേരെയുള്ള കരയുദ്ധം എത്രതന്നെ ഭീകരമായിരിക്കുമെങ്കിലും തന്റെ രാഷ്ട്രീയ നിലനില്പിനു വേണ്ടി ഏതറ്റംവരെയും പോകാനുള്ള ദുർവാശിയിലാണ് നെതന്യാഹു. ആറുമാസം പിന്നിടുന്ന ഗാസ യുദ്ധത്തിൽ ഇതിനകം 34,000ത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതിൽ 70 ശതമാനത്തിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ഇസ്രയേലി സൈന്യം ആക്രമണം നടത്തി പിന്മാറിയ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് സമീപത്തുള്ള മൂന്ന് കൂട്ടക്കുഴിമാടങ്ങളിൽ നിന്നായി 392 മൃതദേഹങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. നാസികളെപ്പോലും ലജ്ജിപ്പിക്കുന്ന കൊടുംക്രൂരതയാണ് സയണിസ്റ്റ് സേന മൃതദേഹങ്ങളോട് കാട്ടിയത്. പലരെയും ജീവനോടെ കഴിച്ചുമൂടുകയായിരുന്നു. മൃതദേഹങ്ങളുടെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയും വയറുപിളർന്നുമാണ് കാണപ്പെട്ടത്. പല മൃതദേഹങ്ങളിൽനിന്നും അവയവങ്ങൾ നീക്കപ്പെട്ട നിലയിലായിരുന്നു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെയും വിദേശികളെയും മോചിപ്പിക്കാനുള്ള ചർച്ചകൾ വിജയിക്കാത്തതിന്റെ പ്രധാനകാരണം താൻ മുന്നോട്ടുവച്ച മൂന്ന് യുദ്ധലക്ഷ്യങ്ങൾ നേടാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന നെതന്യാഹുവിന്റെ പിടിവാശിയാണെന്ന് ചർച്ചകളിൽ പങ്കെടുത്ത ഇസ്രയേലി ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നുണ്ട്. ഹമാസിനെ പൂർണമായും നശിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, പലസ്തീൻ ചെറുത്തുനില്പിന്റെ വിക്ഷേപണത്തറയെന്ന നിലയിൽ ഗാസയെ സമ്പൂർണമായും നശിപ്പിക്കുക എന്നിവയാണ് ആ ലക്ഷ്യങ്ങൾ. അതിൽനിന്നും നെതന്യാഹുവിനെ പിന്തിരിപ്പിക്കാൻ യുഎസിനോ പാശ്ചാത്യ രാഷ്ട്രങ്ങൾക്കോ ഐക്യരാഷ്ട്രസഭയ്ക്ക് തന്നെയോ കഴിയുന്നില്ല. യുഎസിലെ സൈനികവ്യവസായിക സമുച്ചയത്തിന്റെ താല്പര്യങ്ങളാണ് അതിനുപിന്നിൽ പ്രവർത്തിക്കുന്നത്.

ആറുമാസം പിന്നിട്ട വിനാശകാരിയായ യുദ്ധത്തിന് ഹമാസിനെ സമ്പൂർണമായി തകർക്കുക എന്ന ലക്ഷ്യം അത്ര എളുപ്പത്തിൽ കൈവരിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 40,000ത്തില്പരം വരുന്ന ഹമാസ് പോരാളികളിൽ 13,000 പേരെ തങ്ങൾ വധിച്ചുവെന്നും ആയിരക്കണക്കിന് പേരെ തടവുകാരായി പിടിച്ചുവെന്നുമാണ് ഇസ്രയേലിന്റെ അവകാശവാദം. എന്നാൽ ഹമാസിന്റെ സാന്നിധ്യം ഗാസയിൽ പല മേഖലകളിലും പ്രകടമാണ്. ഇസ്രയേലിന്റെ കടുത്ത ആക്രമണങ്ങളെ അതിജീവിച്ച് പിടിച്ചുനിൽക്കാൻ ഹമാസിനും മറ്റുപല ചെറു പലസ്തീൻ സായുധ സംഘങ്ങൾക്കും ഇപ്പോഴും കഴിയുന്നുണ്ട്. ആക്രമണത്തിലൂടെ ബന്ദികളെ മോചിപ്പിക്കാൻ കാര്യമായി ഇസ്രയേലി സേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതുവരെ സ്വതന്ത്രരാക്കപ്പെട്ട ബന്ദികളിൽ ഏറെയും ചർച്ചകളുടെ ഫലമായി കൈമാറ്റം ചെയ്യപ്പെട്ടവരാണ്. അത് വ്യക്തമാക്കുന്നത് ഹമാസിനെ നിർണായകമായി തകർക്കാൻ ഇസ്രയേലി ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ്. അതായത് ഇസ്രയേലി ആക്രമണത്തിന്റെ മുഖ്യ ഇരകൾ നിരപരാധികളായ സ്ത്രീകളും കുട്ടികളും സാധാരണ പൗരന്മാരും ആണെന്നാണ്. സമീപ ദിവസങ്ങളിൽ ഇറാൻ ഇസ്രയേലിനുനേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളും ലെബനോൻ അതിർത്തിയിൽനിന്നും ഹിസ്ബുള്ള തുടർന്നുവരുന്ന ആക്രമണങ്ങളും യുദ്ധം പശ്ചിമേഷ്യയിൽ വ്യാപിക്കാനുള്ള സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതിനിടെ യുഎസും യൂറോപ്പും ഓസ്ട്രേലിയയുമടക്കം പാശ്ചാത്യ ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന യുദ്ധവിരുദ്ധ, പലസ്തീൻ സ്വാതന്ത്യ്ര അനുകൂല പ്രകടനങ്ങളെ അപ്പാടെ അവഗണിക്കാൻ അവിടങ്ങളിലെ സര്‍ക്കാരുകൾക്ക് കഴിഞ്ഞേക്കില്ല. 1968ൽ യുഎസിലും യൂറോപ്പിലും ഉയർന്നുവന്ന വിയറ്റ്നാം യുദ്ധവിരുദ്ധ പ്രകടനങ്ങൾക്കുശേഷം ലോകം കാണുന്ന വലിയ യുദ്ധവിരുദ്ധ പ്രകടനങ്ങൾക്കാണ് പാശ്ചാത്യലോകം സാക്ഷ്യംവഹിക്കുന്നത്.

യുഎസിലെ പ്രമുഖ സർവകലാശാലകളിലെല്ലാം വിദ്യാർത്ഥികളും അധ്യാപകസമൂഹവും വലിയ പ്രതിഷേധപ്രകടനങ്ങളാണ് നടത്തിവരുന്നത്. വിദ്യാർത്ഥികളെയും അധ്യാപകരെയും പൊലീസ് ആക്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ ലോകവ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎസ് സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യയിൽനിന്നും ദക്ഷിണേഷ്യയിൽനിന്നുമുള്ള വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യവും പ്രകടമാണ്. രാഷ്ട്രീയത്തിൽ താല്പര്യമില്ലാത്ത ‘ടിക് ടോക്’ തലമുറ എന്ന് വിലയിരുത്തപ്പെട്ടുപോന്ന യുവതലമുറയാണ് തങ്ങളുടെ കാമ്പസുകളിൽനിന്നും അനേകായിരം കിലോമീറ്റർ അകലെനടക്കുന്ന യുദ്ധത്തിനും അതിനെ പിന്തുണയ്ക്കുന്ന ഭരണകൂട രാഷ്ട്രീയത്തിനുമെതിരെ നിർഭയരായി രംഗത്തുവന്നിരിക്കുന്നത്. വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ യുഎസ് പ്രസിഡന്റ് വൈറ്റ്ഹൗസ് ലേഖകർക്കുവേണ്ടി ഒരുക്കിയ വിരുന്നിനും വലിയ പ്രതിഷേധത്തെ നേരിടേണ്ടിവന്നു. പ്രസിഡന്റ് ജോ ബൈഡന് വിരുന്നിൽ പങ്കെടുക്കാൻ സുരക്ഷിത മാർഗം ഒരുക്കാൻ പൊലീസ് നിർബന്ധിതമായി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗാസ യുദ്ധത്തോടുള്ള ഭരണകൂട സമീപനം മൂലം ജനങ്ങളിൽ തെരഞ്ഞെടുപ്പിനോടും ബൈഡന്റെ സ്ഥാനാർത്ഥിത്വത്തോടും തണുത്ത സമീപനമാണുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രഭരണകൂടങ്ങൾ പരാജയപ്പെടുന്നിടത്ത് പൊതുജനാഭിപ്രായം, പ്രത്യേകിച്ചും യുവതലമുറയുടെ പ്രതിഷേധത്തിന് എന്ത് ഫലമുണ്ടാക്കാനാവുമെന്ന് വിയറ്റ്നാം യുദ്ധത്തിലും വർണവിവേചനത്തിനെതിരെ ദക്ഷിണാഫ്രിക്കയിലെ ജനതയുടെ സമരത്തിലും ലോകം കാണുകയുണ്ടായി. ചരിത്രത്തിന്റെ അത്തരമൊരു ആവർത്തനത്തിലാണ് ലോകം പ്രതീക്ഷയർപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.