6 December 2025, Saturday

Related news

December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 2, 2025
December 2, 2025
November 30, 2025
November 30, 2025
November 29, 2025
November 28, 2025

സമാധാന പ്രതീക്ഷകള്‍ മങ്ങുന്നു; ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തം

Janayugom Webdesk
ഖാന്‍ യൂനിസ്
September 15, 2025 10:21 pm

ഗാസ നഗരത്തില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. നഗരത്തിലെ 30 ഓളം ഭവനസമുച്ചയങ്ങള്‍ 30 കെട്ടി‍ടങ്ങള്‍ ഇസ്രയേല്‍ സെെന്യം തകര്‍ത്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ജറുസലേമില്‍ എത്തിയ സമയത്താണ് ഗാസ നഗരത്തില്‍ ആക്രമണം നടന്നത്. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് പത്ത് ലക്ഷത്തോളം പലസ്തീനികൾ താമസിക്കുന്ന നഗരം പിടിച്ചെടുക്കാൻ ഇസ്രയേല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഹമാസിന്റെ അവസാന ശക്തികേന്ദ്രമെന്നാണ് ഗാസ നഗരത്തെ ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത്. 

ആക്രമണം കടുത്തതോടെ ഗാസ നഗരത്തില്‍ നിന്ന് പലസ്തീനികള്‍ പലായനം ചെയ്യുകയാണ്. ഇസ്രയേല്‍ സെെന്യത്തിന്റെ ഉത്തരവനുസരിച്ച് തെക്ക് ഭാഗത്തേക്കാണ് കൂടുതല്‍ പേരും എത്തുന്നത്. ഗാസ നഗരത്തില്‍ സൈന്യം നിരവധി ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. എന്നാല്‍ മുനമ്പിനുള്ളില്‍ സുരക്ഷിതമായ മറ്റിടങ്ങളില്ലെന്ന് പലസ്തീനികള്‍ പറയുന്നു. സുരക്ഷിത മേഖലയായി ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുള്ള തെക്കന്‍ പ്രദേശങ്ങളില്‍ പോലും ആക്രമണം നടത്തുന്നുണ്ട്. ഗാസയിലെ തുറമുഖ പ്രദേശത്തും അൽ‑റിമൽ പരിസരപ്രദേശങ്ങളിലുമുള്ളവരോട് തെക്കൻ പ്രദേശത്തുള്ള മാനുഷിക മേഖലയിലേക്ക് ഉടൻ ഒഴിഞ്ഞുപോകാൻ സെെനിക വക്താവ് അവിചയ് അദ്രേയ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച ഗാസ നഗരത്തിൽ നിന്ന് 2,50,000ത്തിലധികം പേർ പലായനം ചെയ്തതായും അദ്രെയ് പറഞ്ഞു. എന്നാല്‍ 68,000 പേര്‍ ഒഴിഞ്ഞുവെന്നാണ് ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സിയുടെ കണക്ക്.
ഗാസയിലെ മാധ്യമ നിയന്ത്രണങ്ങളും പല പ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതിലെ ബുദ്ധിമുട്ടുകളും കാരണം സിവിൽ ഡിഫൻസ് ഏജൻസിയോ ഇസ്രയേൽ സൈന്യമോ നൽകുന്ന വിശദാംശങ്ങൾ സ്വതന്ത്രമായി പരിശോധിക്കാന്‍ സാധിക്കുന്നില്ല. ഹമാസ് തീവ്രവാദികൾ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസവും ഗാസ നഗരത്തിലെ ബഹുനില കെട്ടിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഗാസ മുനമ്പിലുടനീളം, ഞായറാഴ്ച പുലർച്ചെ മുതൽ ഇസ്രയേലി ആക്രമണങ്ങളിൽ 23 പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

അതേസമയം, ഗാസാ യുദ്ധത്തില്‍ ഇസ്രയേലിന് അചഞ്ചലമായ പിന്തുണ ഉറപ്പുനല്‍കി അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് പിന്തുണയറിച്ചത്. ഗാസയിലെ ജനങ്ങള്‍ നല്ലൊരു ഭാവി അര്‍ഹിക്കുന്നുണ്ട്. പക്ഷേ, ഹമാസിനെ ഇല്ലാതാക്കുന്നതുവരെ അവരുടെ മെച്ചപ്പെട്ട ഭാവിക്ക് തുടക്കംകുറിക്കാനാകില്ല. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ സായുധസംഘമെന്ന നിലയില്‍ ഹമാസിനെ അവസാനിപ്പിക്കേണ്ടതുണ്ട്. ഹമാസിന് പിന്തുണ നല്‍കുന്നതില്‍നിന്ന് പിന്മാറുന്നതുവരെ ഇറാനുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നത് അമേരിക്ക തുടരുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. 

ഗാസയിലെ മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്തര്‍ വഹിക്കുന്ന സുപ്രധാനപങ്കിനെ അമേരിക്ക പിന്തുണയ്ക്കുന്നതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ ഖത്തറിനെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. റൂബിയോയുടെ സന്ദര്‍ശനം അമേരിക്ക ഇസ്രയേലിനൊപ്പം നിലകൊള്ളുന്നുവെന്നതിന്റെ വ്യക്തമായ സന്ദേശമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു. അതിനിടെ, ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നാലെ മാര്‍ക്കോ റൂബിയോ ഖത്തര്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.