
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ച വീടുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമില്ലാതെ ഉരുണ്ടുകളി തുടര്‍ന്ന് കോണ്‍ഗ്രസ്. 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. ഇതിന് പുറമെ രാഹുല്‍ ഗാന്ധി 100, യൂത്ത് കോണ്‍ഗ്രസ് 30 വീതം വീടുകള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മ്മാണം എപ്പോള്‍ തുടങ്ങുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിചിത്രവാദങ്ങളും പച്ചക്കള്ളങ്ങളുമാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറുപടിയായി നല്‍കിയത്. എല്ലാം ക്ലിയറാണെന്നും വയനാട്ടിൽ പ്രഖ്യാപിച്ച പല കാര്യങ്ങളും കോൺഗ്രസ് ചെയ്തിട്ടുണ്ടെന്നുമാണ് വി ഡി സതീശന്റെ അവകാശവാദം. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളുടെ കണക്ക്, കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ 10 കോടി രൂപയില്‍ ഉള്‍പ്പെടുത്തിയാണ് സതീശന്റെ വാദങ്ങള്‍. “രാഹുൽ ഗാന്ധി ഇടപെട്ട് കർണാടക സർക്കാർ പ്രഖ്യാപിച്ച നൂറ് വീടുകളുടെ പണം കൈമാറി, ലീഗ് പ്രഖ്യാപിച്ച നൂറ് വീടുകളുടെ നിർമ്മാണം തുടങ്ങി, അപ്പോൾ തന്നെ ആകെയുള്ള നാനൂറ് വീടുകളിൽ ഇരുനൂറ് വീടുകളായി. കോൺഗ്രസ് നിർമ്മിക്കുന്ന വീടുകൾക്ക് വേണ്ടി വാങ്ങിയ സ്ഥലത്തിന്റെ രജിസ്ട്രേഷൻ അടുത്ത ആഴ്ച നടക്കും. രജിസ്ട്രേഷൻ കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമ്മാണം തുടങ്ങും. അതു കൂടി പൂർത്തിയാകുമ്പോൾ വീടുകളുടെ എണ്ണം 300 ആകും. വയനാട്ടിൽ ആകെ നിർമ്മിക്കുമെന്ന് പറഞ്ഞ നാനൂറ് വീടുകളിൽ മുന്നൂറും നിർമ്മിക്കുന്നത് കോൺഗ്രസും കോൺഗ്രസുമായി ബന്ധപ്പെട്ടവരുമാണ്.” യൂത്ത് കോൺഗ്രസ് സമാഹരിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപ അടുത്തയാഴ്ച കെപിസിസിക്ക് കൈമാറുമെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു.
എന്നാല്‍, വയനാട്ടില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത ടൗണ്‍ഷിപ്പില്‍ മാത്രം 410 വീടുകളുണ്ട്. അതിലെ വീടുകളുടെ പണി പൂര്‍ത്തിയായി വരികയാണ്. ഇതിന് പുറമെയാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെല്ലാം വീടുകള്‍ വാഗ്ദാനം ചെയ്തിരുന്നത്.
ഭൂമി കണ്ടെത്താൻ സർക്കാർ ഒരു വർഷമെടുത്തുവെന്നും ഞങ്ങള്‍ മൂന്ന് മാസം വൈകിയതേയുള്ളൂവെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ മറ്റൊരു വാദം. ഞങ്ങൾ പ്രഖ്യാപിച്ച വീടുകൾ വയ്ക്കാൻ സർക്കാർ സ്ഥലം നൽകില്ലെന്നു പറഞ്ഞപ്പോളാണ് ഭൂമി നോക്കിത്തുടങ്ങിയതെന്നും സതീശന്‍ വാദിക്കുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് നടന്ന യോഗത്തില്‍ തന്നെ, സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥലത്ത് മറ്റുള്ളവര്‍ക്ക് വീട് വയ്ക്കാന്‍ നല്‍കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷത്തെ അറിയിച്ചിരുന്നു. സ്വന്തം നിലയ്ക്ക് സ്ഥലം കണ്ടെത്തി പദ്ധതി നടപ്പാക്കുമെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതെല്ലാം മറച്ചുവച്ചും വളച്ചൊടിച്ചുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിചിത്രവാദങ്ങളുയര്‍ത്തി രക്ഷപ്പെടാന്‍ നോക്കുന്നത്.
മാത്രമല്ല, വീട് നിര്‍മ്മാണത്തിന് ‘കട്ട് ഓഫ് ഡേറ്റില്ല’ എന്നാണ് രണ്ട് ദിവസം മുമ്പ് പോലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞുകൊണ്ടിരുന്നത്. കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28ന് വീട് നിര്‍മ്മാണം തുടങ്ങുമെന്നായിരുന്നു ടി സിദ്ധിഖിന്റെ അവകാശവാദം. എന്നാല്‍ ഏറ്റെടുക്കുന്ന ഭൂമി ഏതാണെന്ന് പോലും ഇതുവരെ പറയാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് നേതൃക്യാമ്പിലും ഇത് സംബന്ധിച്ച് ഒരു വ്യക്തതയും വരുത്താന്‍ നേതാക്കള്‍ക്കായില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പച്ചക്കള്ളം പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും രക്ഷപ്പെടാനാണ് സതീശന്റെയും മറ്റ് നേതാക്കളുടെയും നീക്കമെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.