23 January 2026, Friday

ഹഡില്‍ ഗ്ലോബല്‍ ഡിസംബര്‍ 11 മുതല്‍ 13 വരെ കോവളത്ത്

Janayugom Webdesk
തിരുവനന്തപുരം
November 3, 2025 8:44 pm

ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയായ ഹഡില്‍ ഗ്ലോബലിന്റെ ഏഴാം പതിപ്പ് ഡിസംബര്‍ 11 മുതല്‍ 13 വരെ കോവളം ലീല ഹോട്ടലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഇലക്ട്രോണിക്സ് & ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, സ്റ്റാര്‍ട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹഡില്‍ ഗ്ലോബല്‍ 2025 ലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100 കോടി രൂപയുടെ നിക്ഷേപം സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്നതായി സീറാം സാംബശിവ റാവു പറഞ്ഞു. സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ബഹുമുഖ വികസനത്തിന് ഹഡില്‍ ഗ്ലോബല്‍ വഴിയൊരുക്കും. സംസ്ഥാനത്ത് നിലവില്‍ രജിസ്ട്രേഷനുള്ള 7,000 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം ഡീപ്ടെക്- ഹൈ വാല്യു സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും പ്രകടനത്തിലും മികവ് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നു. ഇതിനായി തിരുവനന്തപുരത്ത് എമര്‍ജിങ് ടെക്നോളജി ഹബ് ആരംഭിക്കും. കെഎസ്‌യുഎമ്മിന്റെ ഫണ്ട് ഓഫ് ഫണ്ട്സ് പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനായി ഫീഡര്‍ ഫണ്ട് എന്ന ആശയം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കമ്പനി-സ്റ്റാര്‍ട്ടപ്പ് കണക്റ്റ്, ജിസിസി റൗണ്ട് ടേബിള്‍, ജിസിസി ഇന്നൊവേഷന്‍ ബ്രിഡ്ജ് തുടങ്ങിയവ സ്റ്റാര്‍ട്ടപ്പ് സംഗമത്തിനെ ആകര്‍ഷകമാക്കും. 5,000 ത്തിലധികം സന്ദര്‍ശകര്‍, 200 ലധികം പ്രഭാഷകര്‍, 150 ലധികം നിക്ഷേപകര്‍, 300 ലധികം എച്ച്എന്‍ഐകള്‍, 100 ലധികം എക്സിബിറ്റര്‍മാര്‍, ഇന്ത്യയിലും വിദേശത്തുമുള്ള 3,000 സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ പങ്കെടുക്കും. നിര്‍മ്മിത ബുദ്ധി (എഐ), ഫിന്‍ടെക്, ബ്ലോക്ക് ചെയിന്‍, ഹെല്‍ത്ത്ടെക്, ലൈഫ് സയന്‍സസ്, ഓഗ്മെന്റഡ്/വെര്‍ച്വല്‍ റിയാലിറ്റി, സ്പേസ്ടെക്, ഇ‑ഗവേണന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് തുടങ്ങിയ മേഖലകള്‍ക്ക് ഹഡില്‍ ഗ്ലോബല്‍ പ്രാധാന്യം നല്‍കും. രജിസ്ട്രേഷന്: www.huddleglobal.co.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.