17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 17, 2024
August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022

മനുഷ്യാവകാശങ്ങളും പടരുന്ന താലിബാനിസവും

രമേശ് ബാബു
മാറ്റൊലി
December 15, 2022 4:30 am

2022 ഡിസംബർ 10ലെ ലോക മനുഷ്യാവകാശദിനത്തിന്റെ പ്രത്യേകത സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികാചരണത്തിന് തുടക്കം കുറിച്ചു എന്നതാണ്. എല്ലാവർക്കും അന്തസ്, സ്വാതന്ത്ര്യം, നീതി എന്നതായിരുന്നു 2022ലെ മനുഷ്യാവകാശദിനത്തിന്റെ ആപ്തവാക്യം. വ്യക്തിയുടെ ജീവൻ, സ്വാതന്ത്ര്യം, സമത്വം, അന്തസ് ഇവയെ ബാധിക്കുന്നതെല്ലാം മനുഷ്യാവകാശത്തിന്റെ പരിധിയിൽ വരുമെന്നും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും അടിസ്ഥാനം ഓരോ മനുഷ്യന്റെയും തുല്യവും അനിഷേധ്യവുമായ അവകാശങ്ങളും ആത്മാഭിമാനവും പരസ്പരം അംഗീകരിക്കലാണെന്നും 1948ൽ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതോടെയാണ് ലോക മനുഷ്യാവകാശദിനം പിറവി കൊള്ളുന്നത്.
മനുഷ്യാവകാശദിന പ്രഖ്യാപനത്തിന്റെ 75-ാം വാർഷികവേളയിൽ നിന്ന് ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ മനുഷ്യാവകാശ ധ്വംസനങ്ങളുടെ വാർത്തകളാണ് ഏറെയും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെന്ന് കാണാം. പല രാജ്യങ്ങളിലെയും ജനങ്ങൾക്ക് സ്വാതന്ത്ര്യം എന്താണെന്നുപോലുമറിയില്ല. ഭരണകൂടങ്ങൾ അത്രകണ്ടാണ് അവരെ അജ്ഞരായ അടിമകളാക്കി മാറ്റിയിരിക്കുന്നത്. സമത്വം വെറുമൊരു സങ്കല്പം മാത്രമായി നിലനിൽക്കുന്നു. ലോകജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ദരിദ്രർക്ക് ലോകസമ്പത്തിന്റെ രണ്ട് ശതമാനം മാത്രമേ കെെവശമുള്ളു. ലോകത്തെ ശതകോടീശ്വരന്മാർ കയ്യാളുന്നത് ആഗോളസമ്പത്തിന്റെ 76 ശതമാനമാണെന്ന് വേൾഡ് ഇക്വാലിറ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലിംഗ അസമത്വത്തിലെ വർധനയും ഞെട്ടിക്കുംവിധമാണ്. 1990ൽ 30 ശതമാനത്തിനടുത്തായിരുന്നു ആഗോള തൊഴിൽവരുമാനത്തിൽ സ്ത്രീകളുടെ പങ്ക്. എന്നാൽ 2021ലും അത് 35 ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ 30 വർഷത്തിനിടയിൽ സ്ത്രീ-പുരുഷ സമത്വം തൊഴിൽവരുമാനത്തിൽ കെെവരിക്കാനേ കഴിഞ്ഞിട്ടില്ല. 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നൊക്കെ പറയുമ്പോഴും ഇന്ത്യയിൽ ലിംഗ അസമത്വം ഏറുകയാണെന്നാണ് കണക്കുകളും സംഭവങ്ങളും ചൂണ്ടിക്കാട്ടുന്നത്. തൊഴിൽ വരുമാനത്തിലെന്ന പോലെ സാമൂഹ്യസ്ഥിതിയിലും അസമത്വം ശക്തമായി തുടരുന്നു. ആരും മറ്റാരേക്കാളും മികച്ചതോ മോശമോ അല്ല. എല്ലാവരും തുല്യരാണെന്ന വാദമാണ് ലിംഗസമത്വം പറഞ്ഞുവയ്ക്കുന്നത്. 2022 ഐക്യരാഷ്ട്ര സഭ വനിതാദിനാചരണത്തിൽ ലിംഗസമത്വമായിരുന്നു ആപ്തവാക്യം-‘സുസ്ഥിരമായ നാളേക്കുവേണ്ടി ലിംഗസമത്വത്തിലൂന്നിയ ഇന്ന്. ’ എന്നിട്ടും ഇറാനിൽ ഹിജാബ് നിയമങ്ങൾ ലംഘിച്ചതിന് മഹ്സ ആമ്‌നി എന്ന 22കാരിയെ സദാചാര പൊലീസ് ആക്രമിച്ചു കൊന്നു.
പുരുഷന്റെ ലെെംഗിക ആവശ്യങ്ങൾക്കുള്ള ഉപഭോഗ ഉല്പന്നമായി സ്ത്രീജന്മത്തെ മതശാസനകളിലൂടെ തളച്ചിടാനുള്ള ശ്രമങ്ങളാണ് പൗരോഹിത്യഭരണകൂടം നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
പ്രപഞ്ചത്തിലുള്ള എല്ലാത്തിന്റെയും പകുതിയുടെ അവകാശം സ്ത്രീകൾക്കുണ്ടെന്ന ഭരണഘടനാ പ്രഖ്യാപനത്തിനെതിരെ കൊഞ്ഞനം കുത്തുന്ന പ്രവണത പ്രബുദ്ധ കേരളത്തിൽപ്പോലും അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കോട്ടയം നഗരമധ്യത്തിൽ കോളജ് വിദ്യാർത്ഥികൾക്ക് നേരെ നടന്ന സദാചാരഗുണ്ടാ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. റോഡപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സഹപാഠിക്ക് വസ്ത്രം നല്കാൻ പോയ രണ്ട് വിദ്യാർത്ഥികളെയാണ് ഗുണ്ടകൾ ആക്രമിച്ചത്. ആൺകുട്ടി ഓടിച്ച സ്കൂട്ടറിൽ പെൺകുട്ടി പിൻസീറ്റ് യാത്രക്കാരിയായി രാത്രി പത്ത് മണിക്ക് ആശുപത്രിയിലേക്ക് പോകുന്നത് സദാചാര വിരുദ്ധമാണെന്ന കാരണത്താലാണ് മുഹമ്മദ് അസ്ലം, മുഹമ്മദ് ഷബീർ, അനസ് അഷ്കർ എന്നിവർ ചേർന്ന് ആക്രമിച്ചത്. ഈ താലിബാനികൾ പെൺകുട്ടിയെയും സുഹൃത്തിനെയും നടുറോഡിൽ വലിച്ചിഴച്ചും വയറ്റത്ത് ചവിട്ടിയും ക്രൂരമായി ആക്രമിക്കുമ്പോൾ അലറിവിളിച്ചുള്ള പെൺകുട്ടിയുടെ കരച്ചിൽകേട്ട് ഓടിക്കൂടിയവരിൽ ഒരാൾപോലും പ്രതികരിച്ചില്ലയെന്നതാണ് ആക്രമണത്തിനേക്കാൾ ഭീകരം. 

അക്ഷരനഗരിയായ കോട്ടയത്ത് പെൺകുട്ടിക്ക് നേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായതിൽ പ്രതിഷേധിച്ച് സിഎംഎസ് കോളജ് വിദ്യാർത്ഥികൾ മുടിമുറിച്ച് പ്രതിഷേധിക്കുകയും മനുഷ്യച്ചങ്ങല തീർക്കുകയും ചെയ്തു. ഇറാനിലാകട്ടെ മഹ്സ ആമ്‌നിയുടെ കൊലയിൽ പ്രതിഷേധിച്ച് പതിനായിരങ്ങളായ അമ്മമാരും യുവതികളും പെൺകുട്ടികളും ഉൾപ്പെടുന്ന സ്ത്രീസമൂഹം തെരുവിലിറങ്ങിയപ്പോൾ സ്ത്രീശക്തി എന്താണെന്ന് പുരുഷമേധാവിത്ത‑മതപൗരോഹിത്യ ഭരണകൂടത്തിന് ബോധ്യപ്പെട്ടു. ഇറാനിലെ വനിതാ-മനുഷ്യാവകാശ പ്രക്ഷോഭങ്ങളുടെ അലയൊലികൾ കേരളത്തിലും പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് വനിതകൾ ഹിജാബുകൾ ചുട്ടെരിച്ചു. 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേളയിൽ ഇറാനി സംവിധായക മഹ്നാസ് മുഹമ്മദ് മുറിച്ചു നല്‍കിയ മുടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അഥീന റേച്ചൽ സംഗാരി ഉയർത്തിക്കാട്ടി. ഇറാൻ ഭരണകൂടം ഏർപ്പെടുത്തിയ വിലക്കുകളാലും ഭീഷണികളാലും വേട്ടയാടപ്പെട്ട് പ്രവാസജീവിതം നയിക്കുകയാണ് മഹ്നാസ്.
എന്തെന്ത് ദിനപ്രഖ്യാപനങ്ങൾ ആവർത്തിച്ചാലും സ്ത്രീയെ ഇപ്പോഴും സഹജീവിയായി സമൂഹം കാണുന്നില്ല. നിയമനിർമ്മാണ വേദികളിലും നയരൂപീകരണ സമിതികളിലും അവളുടെ പ്രാതിനിധ്യമില്ലായ്മ ഇനിയും പരിഹരിക്കപ്പെടുന്നില്ല. വനിതാ സംവരണ ബിൽ നമ്മുടെ നാട്ടിലും ഏട്ടിലെ പശു തന്നെ.
മനുഷ്യാവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി മനുഷ്യന് ഇനിയും മനുഷ്യനോട് തന്നെ എത്രകാലം പോരാടേണ്ടിവരുമെന്ന് പറയാനാവില്ല. എങ്കിലും സ്ത്രീയെ വെറും ഭോഗവസ്തുവായി മാത്രം കാണുന്ന മതരാഷ്ട്രങ്ങളിൽ പോലും സ്ത്രീശാക്തീകരണങ്ങൾക്ക് ചലനം സൃഷ്ടിക്കാനാവുമെന്ന് തെളിഞ്ഞതിന്റെ ഉദാഹരണമാണ് ഇറാനിൽ സർക്കാർ സദാചാര പൊലീസിനെ പിൻവലിച്ചത്. 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.