19 December 2024, Thursday
KSFE Galaxy Chits Banner 2

ഭരണകൂടം നടത്തുന്നത് മനുഷ്യാവകാശ ലംഘനം

Janayugom Webdesk
June 13, 2023 5:00 am

വടക്കുകിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരിയിൽ നടന്ന വർഗീയ കലാപത്തിൽ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട് കിരാത യുഎപിഎ നിയമം അനുസരിച്ച് ഡോ. ഉമർ ഖാലിദ് ജയിലിൽ അടയ്ക്കപ്പെട്ടിട്ട് ആയിരം ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രമനുസരിച്ച് ഡൽഹി കലാപത്തിന് ഒരാഴ്ച മുൻപ് ഉമർ ഖാലിദ് മഹാരാഷ്ട്രയിലെ അമരാവതിയിൽ 2019ലെ പൗരത്വഭേദഗതി നിയമത്തിനും നിർദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നതായി ആരോപിക്കുന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി 23നാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. കലാപത്തിൽ 53 പേരെങ്കിലും കൊല്ലപ്പെട്ടു. ഡൽഹി പൊലീസ് 758 കേസുകളിലായി 1300 പേരെ അറസ്റ്റുചെയ്തു. മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി ലോകൂർ നേതൃത്വംനൽകിയ ഒരു കമ്മിറ്റി തയ്യാറാക്കിയ സ്വതന്ത്ര റിപ്പോർട്ട് അനുസരിച്ച് 2019 ഡിസംബർ 12നു നിലവിൽവന്ന പൗരത്വ ഭേദഗതി നിയമമാണ് (സിഎഎ) കലാപത്തിലേക്ക് നയിച്ചത്. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍സിആര്‍) നടപ്പാകുന്നതോടെ തങ്ങളുടെ പൗരത്വം നഷ്ടമാകുമെന്ന ഭീതി മുസ്ലിം മതന്യുനപക്ഷങ്ങൾക്കിടയിൽ വ്യാപകമായിരുന്നു. 1955ലെ പൗരത്വ നിയമമാണ് മോഡിസർക്കാർ ഭേദഗതി ചെയ്തത്. അതനുസരിച്ച് 2014 ഡിസംബർ 31നു മുൻപ് അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നും ഇന്ത്യയിൽ എത്തിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതങ്ങളിൽപെട്ടവർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയും.

രാജ്യത്തെ മുഖ്യ മതന്യൂനപക്ഷമായ മുസ്ലിങ്ങൾക്ക് പൗരത്വത്തിനു അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കില്ല. അത് സ്വാഭാവികമായും മുസ്ലിം ജനവിഭാഗങ്ങളിൽ കടുത്ത അരക്ഷിതബോധത്തിനു കാരണമായി. ബിജെപിയുടെ ജനപ്രതിനിധികളടക്കം സംഘ്പരിവാർ നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളും എരിതീയിൽ എണ്ണപകരുന്നതായി. ഡൽഹികലാപം ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്തപ്പെടാൻ. ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, കപിൽ മിശ്ര, പർവേഷ് വർമ തുടങ്ങിയവർ മുസ്ലിങ്ങൾക്ക് എതിരെ അക്രമത്തിന് പരസ്യമായി ആഹ്വാനം നൽകി. പൗരത്വ ഭേദഗതിനിയമത്തിന് എതിരെ സമാധാനപരമായി സത്യഗ്രഹം അനുഷ്ഠിച്ച ജനങ്ങൾക്കുനേരെ കല്ലെറിയുകയും ആക്രമണം അഴിച്ചുവിടുകയുമുണ്ടായി. ജാമിയ മിലിയ സർവകലാശാലയിൽ 2019 ഡിസംബർ 15നു ഡൽഹിപോലീസ് അതിക്രമിച്ചുകടക്കുകയും പെൺകുട്ടികളടക്കം വിദ്യാർത്ഥികൾക്കുനേരെ അക്രമം നടത്തുകയുമുണ്ടായി. അക്രമത്തിനു ആഹ്വാനം നൽകുകയും അതിനു നേതൃത്വം നൽകുകയും ചെയ്ത ബിജെപി, സംഘ്പരിവാർ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് മതന്യൂനപക്ഷങ്ങളിപ്പെട്ട നിരപരാധികൾപോലും വർഷങ്ങളായി വിചാരണത്തടവുകാരായി നീതിക്കുവേണ്ടി യാചിക്കുന്നത്. ഡൽഹി പൊലീസിന് പലകേസുകളിലും ഫലപ്രദമായ കുറ്റപത്രംപോലും സമർപ്പിക്കാൻ കഴിയാതെ നീതിപീഠത്തിന്റെ രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ട സംഭവങ്ങൾവരെ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഡൽഹി പൊലീസ് കുറ്റവാളിയാക്കിയ നൂർ മുഹമ്മദ് എന്നയാളെ കുറ്റവിമുക്തനാക്കിയ കോടതി പൊലീസിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.


ഇതുകൂടി വായിക്കൂ: ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ


ഉമർ ഖാലിദിനെതിരെ ഡൽഹിയിലെ ഖജൂരി ഖാസിൽ പൊലീസിനെ കല്ലെറിഞ്ഞുവെന്നും വാഹനങ്ങൾക്ക് തീവച്ചുവെന്നുമുള്ള കേസിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസിൽ ഖാർഘർദൂമ സെഷൻസ് കോടതിയും തുടർന്ന് ഡൽഹി ഹൈക്കോടതിയും ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചു. സുപ്രീം കോടതി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ അവധികഴിഞ്ഞ് പരിഗണിക്കും. പരമോന്നത കോടതി വിചാരണ തടവുകാർ വിചാരണകൂടാതെ ദീർഘകാലം തടവിൽ കഴിയേണ്ട അവസ്ഥയിൽ രേഖപ്പെടുത്തിയ ഉത്കണ്ഠ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2021ൽ കെ എ നജീബും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിൽ മൗലിക അവകാശം ലംഘിക്കപ്പെടുന്നപക്ഷം ഭരണഘടനാകോടതി ഇടപെട്ട് ജാമ്യം അനുവദിക്കാവുന്നതാണെന്നു വിധിക്കുകയുണ്ടായി. ഉമർ ഖാലിദ് കുറ്റവാളിയാണെന്ന് തെളിയിക്കാൻ പൊലീസിന് കഴിയുമെങ്കിൽ നിയമാനുസൃതം അയാൾ ശിക്ഷിക്കപ്പെടട്ടെ. എന്നാൽ വിചാരണ കൂടാതെ ഒരു യുവാവ് അനന്തമായി തടവിൽ കഴിയേണ്ടിവരുന്നത് നീതിനിഷേധവും അയാളുടെ മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണ്.

വിചാരണത്തടവുകാരൻ കോടതിയുടെ അധികാരപരിധിയിൽ ആണെന്നിരിക്കെ അയാളെ അനധികൃതമായി കൈവിലങ്ങുവച്ച് കോടതിയിൽ ഹാജരാക്കുകയും കോടതി ഡൽഹി പൊലീസിനെ ശാസിക്കുകയും ചെയ്ത സംഭവംപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വിചാരണത്തടവുകാർ ഇന്ത്യൻ ജയിലുകളിൽ നേരിടേണ്ടിവരുന്ന പീഡനത്തിന്റെ രക്തസാക്ഷിയാവേണ്ടിവന്ന ഫാദർ സ്റ്റാൻസ്വാമി രാജ്യത്തിന്റെ മനസ്സാക്ഷിയെ എക്കാലത്തും വേട്ടയാടിക്കൊണ്ടിരിക്കും. ഉമർ ഖാലിദും അതുപോലുള്ള അനേകം വിചാരണത്തടവുകാരും അത്തരത്തിലുള്ള വിധിയെ നേരിടേണ്ടിവരുമോ എന്ന് സംശയിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ നിരവധിയാണ്. ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കു തടയിടാൻ പരമോന്നതകോടതിയുടെ നീതിബോധത്തിനു കഴിയുമെന്ന പ്രതീക്ഷമാത്രമാണ് ഇനി അവശേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.