24 January 2026, Saturday

Related news

January 23, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ആല്‍ഫ്രഡ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു; ഓസ്ട്രേലിയയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും

തീരം തൊട്ടത് 16 ദിവസത്തെ മുന്നറിയിപ്പുകള്‍ക്ക് ശേഷം 
Janayugom Webdesk
കാന്‍ബറ
March 9, 2025 10:48 pm

ശക്തമായ ആല്‍ഫ്രഡ് ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് ഓസ്ട്രേലിയ. കരയിലേക്ക് അടുത്തപ്പോൾ ശക്തി കുറഞ്ഞെങ്കിലും ചുഴലിക്കാറ്റിന് പിന്നാലെ ഓസ്ട്രേലിയയിൽ വലിയ രീതിയിൽ വൈദ്യുതി മുടങ്ങി. മൂന്നു ലക്ഷത്തോളം കെട്ടിടങ്ങളില്‍ വൈദ്യുതിനിലച്ചിരിക്കുകയാണ്. 

ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ ആൽഫ്രഡ് ക്വീൻസ്‌ലാൻഡ് സംസ്ഥാനത്തിലേക്ക് വലിയ രീതിയിൽ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വിതച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് ചുഴലിക്കാറ്റ് ക്വീൻസ്‌ലാൻഡ് തീരത്തേക്ക് എത്തിയത്. ശക്തി പ്രാപിക്കുകയും ശോഷിക്കുകയും ചെയ്ത് 16 ദിവസത്തെ മുന്നറിയിപ്പുകൾക്ക് ശേഷമാണ് ആൽഫ്രഡ് കരതൊട്ടത്. 

കനത്ത മഴ, നാശനഷ്ടമുണ്ടാക്കുന്ന കാറ്റ്, തീരദേശ തിരമാലകളുടെ ആഘാതം എന്നിവ വരും ദിവസങ്ങളിലും തുടരുമെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 90കിലോമീറ്റർ വേഗതയിലാണ് ആല്‍ഫ്രഡ് കരതൊട്ടത്. 

ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് ബ്രിസ്ബേൻ. വളരെ സാവധാനത്തിലാണ് ആൽഫ്രഡ് ചുഴലിക്കാറ്റ് സമുദ്രത്തിലൂടെ മുന്നോട്ട് നീങ്ങിയത്. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ആഘാതങ്ങള്‍ക്ക് കുറവില്ല എന്നതാണ് മുന്നറിയിപ്പ് പിൻവലിക്കാത്തതിന് കാരണമായി കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വടക്കൻ ന്യൂസൗത്ത് വെയിൽസിലും തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡിലും ഏകദേശം 200 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇന്ന് 700 മില്ലിമീറ്റര്‍ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് 50 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലിക്കാറ്റ് വീശുന്നത്. സാധാരണയായി ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന രീതിയിലാണ് ചുഴലിക്കാറ്റുകള്‍ രൂപപ്പെടാറുള്ളത്. 1974 ലെ ട്രോപ്പിക്കൽ സൈക്ലോൺ സോയി ആയിരുന്നു ഏറ്റവും ഒടുവില്‍ തെക്കോട്ടുള്ള സഞ്ചാരപാതയില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ്.
വ്യാഴാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് വെള്ളിയാഴ്ചയാകുകയും ശേഷം ശനിയാഴ്ചയാകുകയും ചെയ്തു. ഈ കാലതാമസം ജനങ്ങളുടെയും ഭരണകൂടത്തിന്റെയും ആശങ്ക വർധിപ്പിച്ചു. ചുഴലിക്കാറ്റിന്റെ ആഘാതം കൂടുതലും ക്വീൻസ്‌ലാന്റിലെ ഗോൾഡ് കോസ്റ്റും മറ്റ് തീരപ്രദേശങ്ങളിലുമാണെങ്കിലും ഉൾനാടുകളിലേക്കും മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.