19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ചുവപ്പിനെ കാവികൊണ്ട് മായ്ക്കാനാകില്ല

സുരേന്ദ്രന്‍ കുത്തനൂര്‍
September 19, 2022 5:30 am

ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിച്ചതിന്റെ അവകാശവാദവുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി രംഗത്തിറങ്ങിയിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാതിരിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അടിമപ്പണി ചെയ്യാമെന്ന് രേഖാമൂലം എഴുതിക്കൊടുക്കുകയും ചെയ്തവർ ദേശസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരായി ചമയുന്നതിന്റെ മറ്റാെരു രൂപം മാത്രമല്ല ഹെെദരാബാദ് നാടകം. മറിച്ച്, ദക്ഷിണേന്ത്യയിൽ അധികാരം പടർത്താൻ ആദ്യപടിയെന്ന നിലയിൽ തെലങ്കാനയിൽ വർഗീയവിഭജന രാഷ്ട്രീയം കളിക്കുകയാണവർ. സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ഹെെദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചദിനം ആരും ആഘോഷിച്ചില്ല എന്ന കുറ്റപ്പെടുത്തലോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ‘ഹെെദരാബാദ് വിമോചനദിനം’ ഉദ്ഘാടനം ചെയ്തു. നെെസാം എന്ന മുസ്‍ലിം ഭരണാധികാരിയുടെ കീഴിലായിരുന്ന ഹെെദരാബാദ് ഇന്ത്യൻ യൂണിയനിലേക്ക് ചേർത്തത് ‘വിമോചന’മാകുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം ‘ഹിന്ദു-മുസ്‍ലിം ഭിന്നതയുണ്ടാക്കൽ’ എന്ന് തന്നെയാണ്. ചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത വർഗീയ ശക്തികൾ വിദ്വേഷം പടർത്തി തെലങ്കാന സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കായി വർഗീയ നിറം നൽകി തെലങ്കാനയുടെ ചരിത്രത്തെ വികലമാക്കാനാണ് വിഘടനവാദികൾ ശ്രമിക്കുന്നതെന്നുമുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ വിമർശനം അക്ഷാർത്ഥത്തിൽ ശരിയാണ്.

ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കുമെന്ന് നേരത്തേ അമിത് ഷാ പ്രസ്താവിച്ചിരുന്നു. തെലങ്കാനയിൽ ജനസംഖ്യയിൽ 12.7 ശതമാനം വരുന്ന മുസ്‍ലിം വിഭാഗത്തെ വേട്ടയാടി ഹിന്ദുവോട്ട് ഏകീകരിക്കുകയാണ് ലക്ഷ്യം. സംഘ്പരിവാറിന് സ്വാതന്ത്ര്യത്തിന്റെ മറ്റേത് ഘടകവുമെന്ന പോലെ ഇവിടെയും പുലബന്ധം പോലുമില്ല. സ്വാതന്ത്ര്യാനന്തരം അധികാരത്തിലിരുന്ന കോൺഗ്രസിനാകട്ടെ ആഭ്യന്തര മന്ത്രി വല്ലഭഭായ് പട്ടേൽ വഴി സാങ്കേതികമായ ബന്ധമെങ്കിലുമുണ്ട്. യഥാർത്ഥത്തിൽ നെെസാമിനെ അടിയറപറയിക്കാൻ പശ്ചാത്തലമൊരുക്കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നത് ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനാണ് അധികാരികളുടെ കുത്സിതശ്രമം. ഇന്ത്യൻ ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർ നയിച്ചിട്ടുള്ള ഏറ്റവും വലിയ പ്രക്ഷോഭമാണ് തെലങ്കാന സായുധ സമരം. അതിന്റെ തീക്ഷ്ണതയാണ് നെെസാമിനെ കീഴടങ്ങാൻ നിർബന്ധിതമാക്കിയത് എന്നതാണ് ചരിത്രം. ഹൈദരാബാദിന്റെ ഭാഗമായിരുന്ന തെലുങ്ക് ഭാഷാ പ്രദേശമായ തെലങ്കാനയില്‍ 1946 മുതൽ 1951 വരെ പ്രക്ഷോഭം നീണ്ടുനിന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തോട് വിധേയത്വം പുലർത്തിക്കൊണ്ട് അതിനോട് സൈനികസന്ധിയിൽ ഏർപ്പെട്ട നൂറുകണക്കിന് ആശ്രിതരാജ്യങ്ങളുണ്ടായിരുന്നു. നെെസാം രാജാവിന്റെ ഭരണത്തിനു കീഴിലായിരുന്ന ഹൈദരാബാദും ഇത്തരത്തിലുള്ള നാട്ടുരാജ്യമായിരുന്നു. നെെസാമിന്റെ ഏകാധിപത്യഭരണത്തിനെതിരെയും ജന്മികളുടെ ഫ്യൂഡൽ ചൂഷണത്തിനെതിരെയും കമ്മ്യൂണിസ്റ്റ് പാർട്ടി നയിച്ച പ്രക്ഷോഭമാണ് തെലങ്കാന സമരം.


ഇതുകൂടി വായിക്കൂ:  ഫിഫ നടപടി: ബിജെപിയുടെ രാഷ്ട്രീയക്കളിക്ക് തിരിച്ചടി 


അന്യായമായ ചുങ്കവും ‘വെറ്റി’ സമ്പ്രദായവും (നിർബന്ധിതജോലി) നിർത്തലാക്കണമെന്നും കർഷകർക്ക് കൃഷിഭൂമിയിൽ ഉടമസ്ഥാവകാശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ആരംഭിച്ചത്. കർഷക മുന്നേറ്റം ശക്തമായതോടെ റസാക്കാർമാർ എന്നറിയപ്പെട്ടിരുന്ന നെെസാമിന്റെ സായുധപട്ടാളവും പൊലീസും കമ്മ്യൂണിസ്റ്റുകാർക്കുനേരെയുള്ള അക്രമങ്ങളും കൊലപാതകങ്ങളും കൂടുതൽ ശക്തമായി. ഇതോടെ ഈ അതിക്രമങ്ങൾക്കെതിരെ സായുധചെറുത്തുനിൽപ്പ് ഉയർന്നുവന്നു. സായുധസമരം ഏറ്റവും ശക്തമായ ഘട്ടത്തിൽ 30 ലക്ഷം പേർ അധിവസിക്കുന്ന 3,000 ഗ്രാമങ്ങൾ സമരക്കാരുടെ നിയന്ത്രണത്തിലായി. സമരത്തിന്റെ ഫലമായി 10 ലക്ഷം ഏക്കർ ഭൂമി കർഷകർക്ക് വിതരണം ചെയ്തു. നിർബന്ധിത ജോലി നിർത്തലാക്കുകയും തൊഴിലാളികളുടെ ദിവസക്കൂലി വർധിപ്പിക്കുകയും ചെയ്തു. മിനിമം വേതനവും നടപ്പാക്കി. സമരക്കാരുടെ അധീനതയിലായിരുന്ന ഗ്രാമങ്ങളിൽ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയുൾപ്പെടെയുള്ള സേവനങ്ങളും ജനങ്ങൾ രൂപീകരിച്ച സമിതികൾ വഴിയാണ് ലഭ്യമാക്കിയിരുന്നത്. ജനാധിപത്യ ഭരണത്തിന്റെ മികച്ച മാതൃക ഇവിടെ തുടങ്ങിയെന്ന് പറയാം. വെറ്റി സമ്പ്രദായം നിർത്തലാക്കൽ, നികുതിയും പാട്ടവും വെട്ടിക്കുറയ്ക്കൽ, ഭൂമിയിൽ ഉടമസ്ഥാവകാശം എന്നിവയ്ക്ക് പുറമെ ഭൂസർവേ നിർബന്ധമാക്കൽ, കള്ള്ചെത്ത് നികുതി നിർത്തലാക്കൽ, ജാഗിർദാരി അവസാനിപ്പിക്കൽ, പൂർണമായും ഉത്തരവാദിത്ത സർക്കാർ തുടങ്ങിയ ആവശ്യങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഉന്നയിച്ചിരുന്നു. അന്ന് ഭരണാധികാരികളുടെ പ്രധാന വരുമാന മാർഗം ഭൂനികുതിയായിരുന്നു.

മാൻസബ്‍ദാറുകൾ എന്നറിയപ്പെട്ട ഭൂപ്രഭുക്കളാണ് അവരവരുടെ പ്രവിശ്യകളിൽ നിന്ന് ഈ നികുതികൾ പിരിച്ചെടുത്തിരുന്നത്. ജാഗിർ എന്നായിരുന്നു ആ പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത്. നികുതി പിരിക്കാനായി അവർ ചുമതലപ്പെടുത്തിയ ഭൃത്യൻമാരാണ് ജാഗിർദാർ എന്നറിയപ്പെട്ടിരുന്നത്. ദളിത് കുടുംബത്തിൽനിന്ന് ഒരു പുരുഷനെ ‘വെറ്റി’ ചെയ്യുന്നതിന് അയയ്ക്കണം. ഭൂപ്രഭുവിന്റെ വീട്ടിലെ വീട്ടുജോലികൾ ചെയ്യുന്നതും സന്ദേശവാഹകരായി പ്രവർത്തിക്കുന്നതുമാണ് ഇവരുടെ ജോലി. കർഷകരെയും വെറ്റിയിൽനിന്ന് ഒഴിവാക്കിയിരുന്നില്ല. ഭൂപ്രഭുക്കളുടെ വയലിൽ വെള്ളം നനച്ചുകഴിയുന്നതുവരെ കർഷകർക്ക് സ്വന്തം പാടം നനയ്ക്കാൻ പറ്റുമായിരുന്നില്ല. കർഷകത്തൊഴിലാളികളാകട്ടെ കൂലിയില്ലാതെ ഭൂപ്രഭുക്കളുടെ പാടത്ത് പണിയെടുക്കണമായിരുന്നു. ഇതിനെക്കാൾ ഗുരുതരമായത് പെൺകുട്ടികളെ ‘അടിമ’കളാക്കി വയ്ക്കലാണ്. ഭൂപ്രഭുക്കൾ തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ച് കൊടുക്കുമ്പോൾ ഈ അടിമ പെൺകുട്ടികളെ സമ്മാനമായി നൽകും. സമ്മാനം കിട്ടുന്നവർ ഈ കുട്ടികളെ തങ്ങളുടെ വെപ്പാട്ടികളായി ഉപയോഗിക്കുന്നു. ഈ വിഷയമുന്നയിച്ചാണ് 1940 കളിൽ കർഷകജനത ഭൂപ്രഭുക്കളുമായി ഏറ്റുമുട്ടൽ തുടങ്ങിയത്. ജാഗിർദാർമാർക്കു പുറമെ, ദേശ്‍മുഖ്മാരും ദേശ്പാണ്ഡെകളും സർക്കാരിനു വേണ്ടി നികുതി പിരിച്ചിരുന്നു. 1944ന്റെ തുടക്കം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ നിരവധി സമരങ്ങള്‍ നടത്തി. ജനകീയ വോളന്റിയർ സേനയ്ക്കുള്ള പരിശീലനവും പാര്‍ട്ടി ആരംഭിച്ചു. ഈ വോളന്റിയർമാരാണ് 1945ലും 1946ലും ഭൂപ്രഭുക്കളുടെ ഗുണ്ടാ ആക്രമണങ്ങളിൽനിന്ന് കർഷകരെ സംരക്ഷിച്ചത്.


ഇതുകൂടി വായിക്കൂ: സൗജന്യ പ്രഖ്യാപനങ്ങളും ബിജെപിയുടെ ഇരട്ടത്താപ്പും 


1946 ജൂലൈയിൽ നടന്ന ഒരു പ്രകടനത്തിനു നേരെ ഭൂപ്രഭുക്കൾ വെടിയുതിർത്തു. ഇത് ദൊദ്ദി കൊമരയ്യ എന്ന ഗ്രാമീണ നേതാവിന്റെ മരണത്തിന് ഇടയാക്കി. കൊമരയ്യയുടെ രക്തസാക്ഷിത്വം കർഷകജനതയുടെ രോഷം കത്തിജ്വലിപ്പിച്ചു. നൽഗോണ്ടയിലെ ജനങ്ങൾ കൂട്ടത്തോടെ ഉണർന്നെണീറ്റു. ഗ്രാമീണർ ലാത്തികളും കവണകളുമായി അയൽ ഗ്രാമങ്ങളിലേക്ക് മാർച്ചുചെയ്ത് അവിടെയുള്ള ജനങ്ങളെയും അണിനിരത്തി. ഏതാനും ആഴ്ചകൾക്കുള്ളിൽ, നൽഗോണ്ടയിലെയും അയൽ ജില്ലകളിലെയും 400 ഓളം ഗ്രാമങ്ങളിൽ പ്രസ്ഥാനം വ്യാപിച്ചു. പുരുഷന്മാർക്കൊപ്പം സ്ത്രീകളും മറ്റു ഗ്രാമങ്ങളിലേക്ക് പോകാൻ തയാറായി. ജനങ്ങൾ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവില്ലാതെ ഒന്നിച്ചുകൂടി. അവർ ഗഡി(ഭൂപ്രഭുവിന്റെ വീട്) യുടെ മുന്നിൽ യോഗം ചേരുകയും ചെങ്കൊടി ഉയർത്തുകയും ചെയ്തു. ‘ഇവിടെ സംഘം സംഘടിച്ചിരിക്കുന്നു. ഇനി വെറ്റി നടപ്പില്ല; നിയമവിരുദ്ധമായ ഒഴിപ്പിക്കലുകളും പിരിവുമൊന്നും ഇനി നടപ്പില്ല’ എന്ന് പ്രഖ്യാപനം നടത്തി. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള തെലങ്കാന സമരം അടിച്ചമർത്തുന്നതിനും നെെസാമിനെ ഇന്ത്യൻ യൂണിയനിൽ ചേരാൻ നിർബന്ധിക്കുന്നതിനുമായി കോൺഗ്രസ് സർക്കാർ 1948 സെപ്റ്റംബർ 13‑ന് ‘പൊലീസ് നടപടി’ ആരംഭിച്ചു. നെെസാം കീഴടങ്ങുകയും ഹൈദരാബാദ് ഇന്ത്യയിൽ ലയിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ നടപടികൾ സർക്കാർ അവസാനിപ്പിച്ചില്ല. കർഷകസമരം അടിച്ചമർത്തുന്നതിനായി ഇന്ത്യൻ സൈന്യം ഗ്രാമങ്ങളിലേക്ക് മാർച്ച് ചെയ്തു. ഭൂമി തിരിച്ചുപിടിക്കുന്നതിനായി ജന്മികളും ദേശ്‍മുഖുമാരും ഇന്ത്യൻ സൈന്യത്തോടും പൊലീസിനോടുമൊപ്പം ഗ്രാമങ്ങളിലേക്ക് തിരികെയെത്തി. പലയിടങ്ങളിലും ജനങ്ങൾ വിജയകരമായി ചെറുത്തു നിന്നു. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ ഔപചാരികമായി രാജപ്രമുഖൻ എന്ന നിലയിൽ നൈസാമിനെ പ്രഖ്യാപിച്ചു. തെലങ്കാന സമരത്തിലെ പോരാളികളെ വ്യാജ വിചാരണകൾക്ക് വിധേയരാക്കുകയും അവരിൽ ചിലർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. നാലായിരത്തോളം കമ്മ്യൂണിസ്റ്റുകാരും കർഷകപ്പോരാളികളും തെലങ്കാന സമരത്തിനിടെ രക്തസാക്ഷിത്വം വരിച്ചു. പതിനായിരത്തിലധികം പേർ മൂന്നു മുതൽ നാലുവരെ വർഷങ്ങൾ തടങ്കൽ പാളയങ്ങളിലും ജയിലുകളിലും പീഡനങ്ങൾക്ക് വിധേയരാവുകയും ചെയ്തു. ഈ ചുവപ്പിനെയാണ് ചിലർ കാവികൊണ്ട് മറയ്ക്കാൻ പാഴ്ശ്രമം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.