
സംസ്ഥാനം തുടർച്ചയായി നേരിടുന്ന കേന്ദ്ര വിവേചനത്തെത്തുടർന്നാണ് കേരളം എന്താ ഇന്ത്യയിലല്ലേ എന്ന ചോദ്യം ഉയർന്നു തുടങ്ങിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിന് ശക്തികൂടുകയും വ്യാപകമാകുകയും ചെയ്തു. രാജ്യമാകെ എടുത്താൽ സമീപകാലത്തുണ്ടായ വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ. പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവും വലിയ വെല്ലുവിളിയായി മാനവരാശിക്ക് മുന്നിൽ ഉയർന്നതോടെയാണ് പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും സംഭവിച്ചു കഴിഞ്ഞാൽ ദുരന്തബാധിതരെ സഹായിക്കുന്നതിനുമായി പ്രത്യേക ഫണ്ട് നീക്കിവയ്ക്കുന്ന രീതി ആരംഭിച്ചത്. ലോകത്ത് പല രാജ്യങ്ങളിലും വളരെ മുമ്പ് തന്നെ ഈ നടപടി തുടങ്ങിയതാണെങ്കിലും നമ്മുടെ രാജ്യത്ത് അത് 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വന്നത്. ദുരന്ത നിവാരണത്തിനും ദുരിതാശ്വാസത്തിനുമായി ധനകാര്യ കമ്മിഷൻ നിശ്ചയിക്കുന്ന വിഹിതം കേന്ദ്ര — സംസ്ഥാന സർക്കാരുകൾ നീക്കിവയ്ക്കുക എന്നതാണ് രീതി. ഇതിനായി കേന്ദ്രത്തിലും കേന്ദ്ര, സംസ്ഥാന വിഹിതം ചേർത്ത് സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ ഫണ്ട് രൂപീകരിക്കുകയും ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം സ്ഥിരമായുണ്ടാകുന്ന മഴക്കെടുതി, വരൾച്ചാ എന്നീ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടതാണ്. അതേസമയം അപ്രതീക്ഷിതവും വ്യാപ്തിയേറിയതുമായ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനാണ് കേന്ദ്ര ദുരന്ത നിവാരണനിധി വിഭാവനം ചെയ്തത്. അതുകൊണ്ടുതന്നെ സംസ്ഥാന ദുരന്ത നിവാരണനിധി സംസ്ഥാനങ്ങളുടെ അവകാശവും അതിലേക്ക് വിഹിതം നൽകുക എന്നത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തവുമാണ്. എന്നാൽ സംസ്ഥാന ദുരന്ത നിവാരണനിധിയിലേക്ക് നൽകുന്ന വിഹിതം പോലും കേന്ദ്രത്തിന്റെ ഔദാര്യമാണെന്ന സമീപനമാണ് കേരളം പോലുള്ള സംസ്ഥാനങ്ങളോട് ബിജെപി സർക്കാർ സ്വീകരിക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്. അതിനെതിരെ കേരളത്തിലെ മുൻ മന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കൾ ന്യായീകരണവുമായി രംഗത്തുവരികയും പതിവാണ്.
എന്നാൽ അവർ നൽകാറുള്ള എല്ലാ ന്യായീകരണങ്ങളും വസ്തുതാ വിരുദ്ധവും കേരളത്തോടുള്ളത് വിവേചനപരവും ശത്രുതാപരവുമാണെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ച അധികസഹായ പട്ടികയിലും കേരളത്തെ തഴഞ്ഞത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ് സഹായം നൽകുന്നതിനുള്ള തീരുമാനം ഔപചാരികമായി അറിയിച്ചത്. കഴിഞ്ഞവർഷം ഉണ്ടായ പ്രളയം, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് എന്നിവ വിലയിരുത്തിയാണ് അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി അഞ്ച് സംസ്ഥാനങ്ങൾക്ക് അധിക ധനസഹായം പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശ് 608.08 കോടി, നാഗാലാൻഡ് 170. 99 കോടി, ഒഡിഷ 255.24 കോടി, തെലങ്കാന 231.75 കോടി, ത്രിപുര 288.93 കോടി എന്നിങ്ങനെയാണ് പണം അനുവദിച്ചത്. നടപ്പു സാമ്പത്തികവർഷം വിവിധ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതമായി 18,323 കോടിയോളം രൂപ ഇതിനകം കേന്ദ്ര വിഹിതമായി അവനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് നാല് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും തെലങ്കാനയ്ക്കും അധിക സഹായം അനുവദിച്ചിരിക്കുന്നത്. നവംബറിൽ വിവിധ സംസ്ഥാനങ്ങൾക്ക് സഹായം അനുവദിക്കുമ്പോൾ സംസ്ഥാനം നൽകിയ നിവേദനവും വയനാട് സന്ദർശിച്ച മന്ത്രാലയതല സമിതി റിപ്പോർട്ടും പരിശോധിച്ചുവരികയാണെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. അതിനുശേഷം അതേമാസം ഉന്നതതല സമിതി 1000 കോടി അനുവദിച്ചപ്പോൾ 72 കോടിയാണ് കേരളത്തിന് നീക്കിവച്ചത്. അതാകട്ടെ മറ്റ് ചില കണക്കുകളിൽ തട്ടിക്കിഴിക്കുകയും ചെയ്തു. പിന്നീട് 152 കോടി പ്രഖ്യാപിച്ചെങ്കിലും അത് ദുരന്തത്തെ സഹായിക്കുന്നതിനുള്ള ഹെലികോപ്റ്റർ ഉൾപ്പെടെ ചെലവുകൾക്ക് തിരിച്ചെടുക്കുകയും ചെയ്തു. ഒടുവിൽ പഠനം പൂർത്തിയാക്കി കേരളത്തിൽ നടന്നത് അതിതീവ്ര ദുരന്തമാണെന്ന് കഴിഞ്ഞവർഷം അവസാനം പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ അതിനുശേഷവും കേരളത്തെ ഒഴിവാക്കുന്നതാണ് നാം കണ്ടത്. ജനുവരി 29ന് വരൾച്ച നേരിടുന്നതിന് 12 സംസ്ഥാനങ്ങൾക്ക് 2022.16 കോടി രൂപയുടെ ഉത്തേജക സഹായപദ്ധതി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ഒഴിവാക്കി. അതേദിവസം 10 സംസ്ഥാനങ്ങൾക്ക് ഇടിമിന്നൽ ദുരന്തം നേരിടുന്നതിന് 186 കോടി, 19 സംസ്ഥാനങ്ങൾക്ക് കാട്ടുതീ നേരിടുന്നതിന് 690 കോടി രൂപ വീതം അനുവദിച്ചതിൽ കേരളം ഉൾപ്പെട്ടുവെങ്കിലും തുക വിഭജിക്കുമ്പോൾ ലഭിക്കുന്നത് നാമമാത്രമായിരുന്നു. ഇതിനെല്ലാം ശേഷമാണ് കഴിഞ്ഞ ദിവസം പ്രത്യേക സഹായം അനുവദിച്ചപ്പോൾ കേരളത്തെ വീണ്ടും തഴഞ്ഞിരിക്കുന്നത്. അധികസഹായം ലഭിക്കാത്ത സാഹചര്യത്തിൽ ഗ്രാന്റ് ആവശ്യപ്പെട്ടപ്പോൾ കഴിഞ്ഞയാഴ്ച 529.50 കോടി രൂപ വായ്പയായി അനുവദിച്ചതും നാം കണ്ടതാണ്. അതുതന്നെ 16 ഇനങ്ങളിലായി മാർച്ച് 31നകം ചെലവഴിച്ചിരിക്കണമെന്ന, നടത്താൻ പ്രയാസകരമായ ഉപാധിയോടെയും. ഇതിന് ശത്രുതാപരമായ സമീപനമെന്നോ വേട്ടയാടലെന്നോ അല്ലാതെ മറ്റെന്താണ് പേര് വിളിക്കുക. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ഇതുപോലെ നിരന്തരം വിവേചനം നേരിടുന്നതുകൊണ്ടാണ് കേരളമെന്താ ഇന്ത്യയിലല്ലേ എന്ന് നിരന്തരം ചോദിക്കേണ്ടിവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.