15 November 2024, Friday
KSFE Galaxy Chits Banner 2

എന്‍ജിഒകളെ ഒതുക്കി കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
January 1, 2022 10:48 pm

ജാമിയ മിലിയ ഇസ്‌ലാമിയ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ 12,580 സന്നദ്ധ സംഘങ്ങളുടെ (എൻജിഒ) വിദേശത്ത് നിന്ന് ധനസഹായം സ്വീകരിക്കുന്നതിനുള്ള ലൈസൻസ് ശനിയാഴ്ച മുതൽ റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.6,000 ത്തിലധികം എൻജിഒകളുടെയും മറ്റ് സംഘടനകളുടെയും എഫ്‍സിആർഎ ലൈസൻസുകൾ ഒറ്റരാത്രി കൊണ്ടാണ് അവസാനിച്ചത്. 5,933 എൻജിഒകൾ രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദർ തെരേസയുടെ പേരിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിക്ക് എഫ്‍സിആർഎ ലൈസൻസ് പുതുക്കി നൽകാൻ കഴിഞ്ഞ ദിവസം കേന്ദ്രം വിസമ്മതിച്ചിരുന്നു. 

സമയപരിധിയായ വെള്ളിയാഴ്ചക്ക് മുമ്പ് അപേക്ഷ സമർപ്പിക്കാൻ നോട്ടീസ് അയച്ചിരുന്നെന്നും എന്നാൽ അങ്ങനെ ചെയ്യാത്തവയ്ക്ക് എങ്ങനെ അനുമതി നൽകും എന്നും കേന്ദ്രം ചോദിക്കുന്നു. ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്‌ലാമിയ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ലെപ്രസി മിഷൻ എന്നിവയുൾപ്പെടെ 12,000 ത്തിലധികം എൻജിഒകളുടെ ലൈസൻസ് മാസങ്ങൾക്ക് മുമ്പേ കാലഹരണപ്പെട്ടതിനാൽ ഇന്നലെ മുതൽ എഫ്‍സിആർഎ ലൈസൻസ് നഷ്ടപ്പെട്ടു. ടിബി അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, ഇന്ത്യ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു. എഫ്‍സിആർഎ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ട എൻജിഒകളുടെ പട്ടികയിലാണ് ഓക്സ്ഫാം ഇന്ത്യ. എന്നാൽ രജിസ്ട്രേഷൻ റദ്ദാക്കിയവരുടെ പട്ടികയിൽ ഇത് ഉൾപ്പെടുന്നില്ല.ഇന്ത്യയിൽ 22,762 എൻജിഒകളാണ് ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 16,829 എൻജിഒകൾക്ക് മാത്രമേ നിലവിൽ എഫ്‍സിആർഎ ലൈസൻസ് ഉള്ളൂ. കഴിഞ്ഞ ദിവസമാണ് മദർ തെരേസ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ട് ലൈസൻസ് സർക്കാർ റദ്ദാക്കിയത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റിയിൽ നിന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

എന്നാൽ സ്ഥാപനത്തിന്റെ എഫ്‍സിആർഎ ലൈസൻസ് റദ്ദായതായി മിഷണറീസ് ഓഫ് ചാരിറ്റീസ് അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതുവരെ വിദേശ ഫണ്ട് അക്കൗണ്ടുകൾ വഴി പണം അയക്കരുതെന്ന് തങ്ങളുടെ കേന്ദ്രങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും മിഷണറീസ് ഓഫ് ചാരിറ്റി വ്യക്തമാക്കി. മിഷണറീസ് ഓഫ് ചാരിറ്റി ശിശുഭവൻ ഡയറക്ടർക്കെതിരെ ഗുജറാത്തിൽ പെൺകുട്ടികളെ മതംമാറ്റാൻ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് പരാതി നൽകിയതിനു പിന്നാലെയാണ് എഫ്‍സിആർഎ ലൈസൻസ് റദ്ദാക്കിയത്.
eng­lish summary;license of vol­un­tary groups to receive fund­ing from abroad was revoked from Saturday
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.