ഡാര്‍ക്ക് വെബില്‍ വില്പനയ്ക്കായി പരസ്യപ്പെടുത്തിയ 81.5 കോടി ഇന്ത്യക്കാരുടെ കോവിഡ് പരിശോധനാ വിവരങ്ങളില്‍ പത്തുശതമാനത്തോളം ആധാര്‍ വിവരങ്ങള്‍. മറ്റൊരു ഹാക്കറില്‍നിന്ന് മൊത്തമായി വിലയ്ക്ക് വാങ്ങിയതാണ് ഈ വിവരങ്ങളെന്നും വെളിപ്പെടുത്തലുണ്ട്. 41.64 ലക്ഷം രൂപയ്ക്കാണ് കഴിഞ്ഞ വര്‍ഷം വിവരങ്ങള്‍ വാങ്ങിയതെന്ന് ഹാക്കര്‍ വ്യക്തമാക്കിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ 80,000 ഡോളറിന് മറിച്ചു വില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഹാക്കര്‍ പറയുന്നു.
ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കൈവശമുണ്ടായിരുന്ന വിവരങ്ങള്‍ ചോര്‍ന്നതായും പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതില്‍ ആധാര്‍ വിവരങ്ങള്‍ 10 ശതമാനം മാത്രമാണെന്നും, ആയിരത്തോളം പാസ്പോര്‍ട്ട് വിവരങ്ങളുള്ളതായും ഹാക്കര്‍ വെളിപ്പെടുത്തി. പിഡബ്ല്യൂഎൻ0001 എന്ന പേരിലാണ് വിവരങ്ങള്‍ വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരുന്നത്. ആവശ്യക്കാരെ കാണിക്കുന്നതിനായി കുറച്ച് വിവരങ്ങളുടെ ഒരു സ്പ്രെഡ് ഷീറ്റ് സാമ്പിളും പ്രസിദ്ധീകരിച്ചിരുന്നു. വിവരങ്ങള്‍ കൈവശം ഉണ്ടെന്നതിന്റെ തെളിവായി ആധാര്‍ വിവരങ്ങളും പരസ്യപ്പെടുത്തിയിരുന്നു. ഇതില്‍ ഒന്നില്‍ ഇന്ത്യയിലെ താമസക്കാരായ ഒരുലക്ഷം പേരുടെ സ്വകാര്യ രേഖകളും ഉള്‍പ്പെടുന്നു. അമേരിക്കൻ സൈബര്‍ സുരക്ഷാ ഏജൻസിയായ റീസെക്യൂരിറ്റിയാണ് വിവരങ്ങള്‍ ചോര്‍ന്ന കാര്യം കണ്ടെത്തിയത്.
രാജ്യത്ത് പാസാക്കിയ ഡിജിറ്റല്‍ ഡാറ്റ സംരക്ഷണ നിയമം അനുസരിച്ച് സ്വകാര്യ വ്യക്തിയുടെ വിവരം ഒരു പ്ലാറ്റ്ഫോം പ്രസിദ്ധീകരിച്ചാല്‍ 250 കോടി രൂപ നഷ്ടപരിഹാരം വിധിക്കാം. എന്നാല്‍ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. നേരത്തെയും ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് റീസെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
സമഗ്ര അന്വേഷണം വേണം: വിദഗ്ധര്‍
ഐസിഎംആറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും സൈബര്‍ സുരക്ഷാ വിദഗ്ധരും രംഗത്തെത്തി. ഇത് ആദ്യമായല്ല ഇത്തരത്തില്‍ വിവരങ്ങള്‍ ചോരുന്നതെന്നും ആധാര്‍ അധിഷ്ഠിത കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ശക്തമായ ഡാറ്റ സുരക്ഷാ നിയമം ഇല്ലാത്ത കാലത്തോളം ഇത്തരത്തില്‍ ആരോഗ്യം, സാമ്പത്തികം എന്നിവ സംബന്ധിച്ച സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന് സോഫ്റ്റ്‌വേര്‍ ഫ്രീഡം ലോ സെന്റര്‍ സ്ഥാപകയായ മിഷി ചൗധരി അഭിപ്രായപ്പെട്ടു.
English Summary: ICMR data leak; 10 percent Aadhaar information
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.