5 December 2025, Friday

Related news

December 1, 2025
December 1, 2025
November 29, 2025
November 27, 2025
November 26, 2025
November 23, 2025
November 23, 2025
November 21, 2025
November 20, 2025
November 20, 2025

ഐക്കോണിക് ചിത്രം ബിഗ് സ്‌ക്രീനിലേക്ക്: ‘കിരീടം’ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ; ബഹുമതിയാണെന്ന് മോഹൻലാൽ

Janayugom Webdesk
November 27, 2025 11:16 am

മോഹൻലാൽ‑തിലകൻ താരജോഡികളുടെ ഐക്കോണിക് ചിത്രമായ ‘കിരീടം’ 56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. 4K ദൃശ്യമികവോടെയാണ് ചിത്രം സ്ക്രീനിങ് നടത്തിയത്. നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ റീമാസ്റ്ററിങ് പൂർത്തിയാക്കിയത്. ‘കിരീടം’ ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നത് കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് മോഹൻലാൽ എക്സിലൂടെ അറിയിച്ചു. “ഗോവയിൽ നടന്ന 56-ാമത് ഐ എഫ് എഫ് ഐയിൽ പ്രത്യേക പ്രദർശനങ്ങളുടെ ഭാഗമായി അവതരിപ്പിച്ച ‘കീരീടത്തിൻ്റെ’ 4K പതിപ്പിൻ്റെ ലോക പ്രീമിയർ നടക്കുന്നതിൽ സന്തോഷമുണ്ട്. 35mm റിലീസ് പ്രിന്റിൽ നിന്ന് നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ ഈ ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചു. യഥാർത്ഥ കാമറ നെഗറ്റീവ് ജീർണ്ണിച്ചതിനുശേഷം പതിറ്റാണ്ടുകളായി ആർക്കൈവ് ഇത് സംരക്ഷിച്ചു. അന്തിമ ഗ്രേഡിങ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ എസ് കുമാറിൻ്റെ മേൽനോട്ടത്തിലായിരുന്നു. ഈ ക്ലാസിക് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നത് കാണാൻ കഴിയുന്നത് ഒരു ബഹുമതിയാണ്. നാഷണൽ ഫിലിം ഹെറിറ്റേജ് മിഷൻ്റെ കീഴിൽ ‘കീരീടം’ പുനരുജ്ജീവിപ്പിക്കുന്നത് സന്തോഷമാണ്. ഭാവി തലമുറകൾക്കായി ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഡിജിറ്റൽ, അനലോഗ് രൂപത്തിൽ സംരക്ഷിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യക്ക് എൻ്റെ ആശംസകൾ,” എന്ന് മോഹൻലാൽ കുറിച്ചു.

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച് 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ മലയാള ചിത്രമാണ് ‘കിരീടം’. ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങൾക്കൊണ്ട് എങ്ങനെ വഴിമാറിപ്പോകുന്നു എന്നതിൻ്റെ തീവ്രമായ ആവിഷ്കാരമാണ് ഈ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. അച്ഛൻ-മകൻ ബന്ധത്തിലെ വൈകാരിക അടുപ്പവും, പിന്നീട് സാഹചര്യങ്ങൾ അവരെ അകറ്റുമ്പോൾ ഉണ്ടാകുന്ന വേദനയും പ്രേക്ഷകർ ഏറ്റെടുത്തതോടെ തിലകൻ‑മോഹൻലാൽ കോമ്പിനേഷൻ സീൻ ഏറെ ശ്രദ്ധ നേടി. “ഒരു സിനിമ ജനങ്ങൾ ഇത്രമാത്രം ഹൃദയത്തിലേറ്റിയെന്നതാണ് കിരീടത്തെ സംബന്ധിച്ചുള്ള ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം,” എന്ന് ചിത്രത്തിൻ്റെ നിർമാതാക്കളായ എൻ ഉണ്ണിക്കൃഷ്ണനും, ദിനേശ് പണിക്കരും ഒരിക്കലൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കിരീടത്തിൻ്റെ തുടർച്ചയായി ‘ചെങ്കോൽ’ ഇറങ്ങിയെങ്കിലും കിരീടത്തിന് ലഭിച്ച സ്വീകാര്യത ചെങ്കോലിന് ലഭിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. മോഹൻലാലിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ‘ഭരതം’ ഉൾപ്പെടെയുള്ള ക്ലാസിക് ചിത്രങ്ങളുടെ ഫിലിം റെസ്റ്റോറേഷൻ നടപടികൾ പൂർത്തിയാവുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.