17 May 2024, Friday

ചിന്തിക്കുന്ന തലമുറയുടെ നിലപാടുകള്‍ പറഞ്ഞ് ഐഡിഎസ്എഫ്എഫ്‍കെ

അരുണിമ എസ്
August 11, 2023 9:19 am

അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കായി ഉയര്‍ന്ന ശബ്ദങ്ങള്‍ കൊടുങ്കാറ്റ് പോലെ വീശട്ടെ .… കൈരളി ശ്രീ നിളയിലെ സ്ക്രീനുകളില്‍ മാറി മാറി വന്ന ഡോക്യുമെന്ററി വെളിച്ചങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒച്ച പുറത്തുവരാതെ വാ പൊത്തിപ്പിടിക്കുന്ന അധികാര കേന്ദ്രങ്ങളോട്, മേധാവിത്വം കാട്ടുന്ന മനുഷ്യരോട് പല വിധത്തില്‍ തലമുറകളുടെ ശക്തമായ നിലപാടുകളറിയിക്കുകയായിരുന്നു ഈ പ്രാവശ്യത്തെ ഐഡിഎസ്എഫ്എഫ്‍കെ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ശക്തിയെന്തെന്ന് പുനരവതരണങ്ങളിലൂടെ തെളിയിച്ച വേദി ആഘോഷത്തിന്റെയും ചര്‍ച്ചകളുടെയും കൂടി ഇടമായിരുന്നു. ആറു ദിവസം നീണ്ടു നിന്ന ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ വ്യത്യസ്തതകള്‍ നിറഞ്ഞു നിന്നു.

പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീൻബാഗിലെ സ്ത്രീകൾ നയിച്ച പ്രതിഷേധ സമരവും ഇറാനിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച പെൺകുട്ടിയുടെ വധശിക്ഷയും മുംബൈയിലെ വിദ്യാർത്ഥി ആത്മഹത്യാ പശ്ചാത്തലത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ നിലനിർത്തുന്ന ജാതിവിവേചനം തുടങ്ങിയ ലോകമെമ്പാടുമുള്ള സമകാലിക പ്രശ്നങ്ങൾ ശക്തമായും തീവ്രമായും മേളയില്‍ അവതരിപ്പിച്ചു. സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞവയും സ്ത്രീകളുടെ വിജയം ആഘോഷമാക്കിയ ചിത്രങ്ങളും മേളയുടെ ഇമ്പം കൂട്ടി. സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഡോക്യുമെന്ററികൾക്കായുള്ള മേളയാണ് ഐഡിഎസ്എഫ്എഫ്‍കെ.

മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ സമാപന ചടങ്ങില്‍ പറഞ്ഞതു പോലെ ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്ന വേദിയാണിതെന്ന് നിസംശയം പറയാം. ജനജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളെ പ്രമേയമാക്കുന്ന സിനിമകൾ അവതരിപ്പിക്കുന്നതിനുള്ള സ്വതന്ത്ര വേദിയെന്ന നിലയിൽ 15 വർഷം കൊണ്ട് ചലച്ചിത്രപ്രവർത്തകർക്കിടയിൽ വലിയ മതിപ്പുളവാക്കാൻ കഴിഞ്ഞ മേള കൂടിയാണിത്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി പരാജയപ്പെടുത്തി പ്രദർശനനാനുമതി നേടിയ ചരിത്രം കൂടി ഈ മേളയ്ക്കുണ്ട്. ഇക്കുറി മേളയുടെ ഹോമേജില്‍ സംവിധായകന്‍ കെ പി ശശിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ റെസിസ്റ്റിങ് കോസ്ററല്‍ ഇന്‍വാന്‍ഷന്‍, എ ക്ലൈമറ്റ് കാള്‍ ഫ്രം ദി കോസ്റ്റ് എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മേളയില്‍ ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററികളില്‍ ചിലത് പരിചയപ്പെടാം : സ്ത്രീപക്ഷ പോരാട്ടങ്ങളുടെ പ്രതീകമായി സെവൻ വിന്റേഴ്സ് ഇൻ ടെഹ്‌റാൻ എന്ന ചിത്രമായിരുന്നു ഡോക്യുമെന്ററിയുടെ ഉദ്‌ഘാടനചിത്രം. പീഡനശ്രമത്തിനിടെ സ്വയരക്ഷക്കായി കൊല ചെയ്യേണ്ടി വരികയും നിയമം വധശിക്ഷക്ക് വിധിക്കുകയും ചെയ്ത ഇറാനിയൻ വനിത റെയ്ഹാനെ ജബാരിയുടെ കഥ പറയുന്ന പേർഷ്യൻ ഡോക്യുമെന്ററിയാണ് സെവൻ വിന്റേഴ്സ് ഇൻ ടെഹ്‌റാൻ. ഇറാനിലെ സ്ത്രീകൾ നേരിടുന്ന അനീതികളിലേക്കുള്ള നേർക്കാഴ്ചയായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജർമ്മൻ സംവിധായിക സ്റ്റെഫി നീഡർസെലാണ്. മികച്ച സംവിധാനത്തിനുള്ള 68-ാമത് ദേശീയ പുരസ്‌കാരം നേടിയ ഓഹ് ദാറ്റ്‌സ് ഭാനു, നടിയും അഭിനേത്രിയുമായ ഭാനുമതി റാവുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയായിരുന്നു. ബ്രഹ്‌മ വിഷ്ണു ശിവ, ഐ ഹാവ് ഇഗ്നോർഡ് ദിസ് ലവ് ഫോർ ലോങ്, ഹിന്ദുസ്ഥാൻ ഹമാര, എ ഡോക്യുമെന്ററി പ്രൊപോസൽ, ദി ഷോ ഈസ് ഓൾറെഡി ഓൺ തുടങ്ങിയ ചിത്രങ്ങളും ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ ശ്രദ്ധ നേടിയവയാണ്.

ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലുള്ള മുസ്ലിം കുടുംബങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് ജമാഅത്തുകളാണ്. സ്ത്രീകളെ സ്വയം വാദിക്കാന്‍ പോലും അനുവദിക്കാതെ ഇസ്ലാമിക ശരീഅത്ത് നിയമം കേസുകളില്‍ ഉപയോഗിക്കാറുണ്ട്. ഈ അസമത്വം തിരിച്ചറിഞ്ഞ് 2004 ല്‍ ഒരു കൂട്ടം സ്ത്രീകള്‍ ഒരു വനിതാ ജമാഅത്ത് സ്ഥാപിച്ചു. വൈകാതെ അത് 12 ജില്ലകളിലായി വ്യാപിച്ച് 12,000 അംഗങ്ങളുടെ ഒരു ശൃംഖലയായി മാറി. ഇതാണ് ദീപ ധന്‍രാജിന്റെ ഇന്‍വോക്കിങ് ജസ്റ്റിസ് എന്ന തമിഴ് ഡോക്യുമെന്ററി പറഞ്ഞത്. മതവും പൗരത്വവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമാധാനപരമായി സ്ത്രീകള്‍ നയിച്ച പ്രതിഷേധ സമരത്തിന്റെ വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണ് ലാന്‍ഡ് ഓഫ് മൈ ഡ്രീംസ്. ഒരു മുസ്ലിം സംവിധായകയുടെ വ്യക്തിപരമായ ആഖ്യാനമായ ചിത്രം ലിംഗം, മതം , രാഷ്ട്രീയം എന്നിവ ചര്‍ച്ച ചെയ്യുന്നതൊടൊപ്പം ആധുനിക ഇന്ത്യയിലെ സ്വത്വം, ദേശസ്നേഹം തുടങ്ങിയ സങ്കല്‍പ്പങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്.

2020 ല്‍ നവംബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി. നഗരത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സുരക്ഷാസേന അവരെ തടഞ്ഞതോടെ തലസ്ഥാനത്തേക്കുള്ള റോഡുകള്‍ അനിശ്ചിത കാലത്തേക്ക് ഉപരോധിക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതാണ് വാരുണ്ഡ സുഖ് രാജിന്റെ ടൂ മച്ച് ഡെമോക്രസി പറയുന്നത്. കായികരംഗത്ത് സ്ത്രീകളുടെ വികസനത്തിന് വളരെയധികം സംഭവാന നല്കിയ രാജ്യത്തെ കായിക പ്രതിഭകള്‍ക്കുള്ള ആദരവായിരുന്നു മണിപ്പുരിയില്‍ നിന്നുള്ള അയണ്‍ വുമണ്‍ ഓഫ് മണിപ്പൂര്‍. കഞ്ചറാണി ദേവി, അനിതാ ചാനു എന്നിവരില്‍ നിന്ന് തുടങ്ങി ഇന്ത്യയുടെ ഇന്നത്തെ ഭാരോദ്വഹനത്തിന്റെ അമരക്കാരിയായ മീരാഭായ് ചാനു വരെയുള്ള വനിതാ ഭാരോദ്വഹനക്കാരുടെ പ്രചോദനാത്മകമായ കഥകളടങ്ങുന്നതാണ് ചിത്രം. ഹോബം പബന്‍ കുമാറാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

നിരന്തരമായി ബാറിലെത്താറുള്ള ഒരു കൂട്ടം യുവാക്കളുടെ ഇടയിലേക്ക് ആരെയോ അന്വേഷിച്ച് അപരിചിതനായ ഒരു യുവാവ് എത്തുന്നു. തുടക്കത്തില്‍ ആ യുവാവിനെ അവര്‍ കൂട്ടത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെങ്കിലും പതിയെ അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതും മരണം എന്നത് എങ്ങനെയാണെന്ന് കാണിച്ചു തരുന്നതുമാണ് രാജേഷ് കാര്‍ത്തിയുടെ ഒരു സാധാരണ മരണം എന്ന ഷോര്‍ട്ട് ഡോക്യുമെന്ററി. പഠനം, തൊഴില്‍, നേതൃത്വം എന്നിവ സ്ത്രീശാക്തീകരണത്തിന്റെ മൂന്ന് തൂണുകളെ നിര്‍വചിക്കുന്നു. ഈ തൂണുകളെ പ്രതിനിധീകരിക്കുന്ന സുജ എന്ന സ്ത്രീയുടെ കഥയാണ് ഷഫീക്ക്ഖാന്‍ സംവിധാനം ചെയ്ത ടോപ് ഗിയര്‍ പറയുന്നത്. തന്റെ വിജയത്തിനും വ്യക്തിഗത വളര്‍ച്ചയ്ക്കുമായി സുജ 24 മണിക്കൂറും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Eng­lish Sum­ma­ry: IDSFFK
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.