
ലൈംഗികാധിക്ഷേപ പരാമർശത്തിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടൻ രമേഷ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് നീതു വിജയൻ.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നും ആരോപണങ്ങൾ മാത്രമാണ് മുന്നിലുള്ളതെന്നുമുള്ള നടൻ രമേശ് പിഷാരടി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് നീതു ആഞ്ഞടിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ ഈ ആരോപണങ്ങൾ ഒന്ന് നിഷേധിച്ചിരുന്നുവെങ്കിൽ തങ്ങൾക്ക് തല ഉയർത്തി നടക്കാമായിരുന്നുവെന്നും ഇപ്പോൾ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊതുസമൂഹത്തിന് മുന്നിൽ തല ഉയർത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ രമേശ് പിഷാരടിയ്ക്ക് എഴുതിയ തുറന്ന കത്തിൽ പറയുന്നു.
സഹപ്രവർത്തക സ്നേഹയ്ക്കും ഉമ തോമസ് എംഎൽഎയ്ക്കും കെസി വേണുഗോപാലിന്റെ ഭാര്യക്കും നേരെ പോലും ഉണ്ടായ സൈബർ അറ്റാക്കുകൾ കണ്ട് ഭയന്നു തന്നെയാണ് ഇത്രയും നാൾ വനിതകൾ മൗനിയായത്. ഇനിയും നിശബ്ദത പാലിച്ചാൽ പല കഴുകന്മാരുടെയും കണ്ണുകൾ പുതിയ നിരയിലെ പെൺകൊടികൾക്ക് നേരെ തിരിയും എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇതെഴുതുന്നതെന്നും നീതു പറഞ്ഞു. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ കാണിച്ച താൽപര്യം വർഷങ്ങൾക്ക് മുൻപ് സ്വന്തം സഹപ്രവർത്തകയായ ഒരു അതിജീവിതയുടെ പ്രമാദമായ കേസിൽ എന്തുകൊണ്ട് കാണിച്ചില്ലെന്നും താങ്കൾ അടക്കമുള്ളവർ മൗനം പാലിച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്നും കത്തിൽ ചോദിക്കുന്നു. ഇത് കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനമാണ്. ഈ ആരോപണങ്ങൾ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാൻ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷന് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ലെന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവർത്തകയാണ് താനെന്നും നീതു പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.