
ഏഴ് രാവും പകലും കാഴ്‍യുടെ കല്ലോലിനി ഒരുക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‍കെ) യ്ക്ക് നാളെ സമാപനം. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മേളയുടെ ഗരിമ ഒട്ടും ചോരാതെയാണ് ഇത്തവണയും സംഘാടകര്‍ ചലച്ചിത്രോത്സവം കൊണ്ടാടിയത്. ലോകത്തിന്റെ പല കോണില്‍ നിന്നുമുള്ള നിറം മങ്ങിയതും ദുരിതം പേറിയതും സംഘര്‍ഷം നിറഞ്ഞതും ദുഃഖം നിറഞ്ഞതും ആയ കാഴ‍്ചകള്‍ കാണികളുടെ മനസിനെ സ്പര്‍ശിച്ചു. കഥ പറച്ചിലിന്റെയും അവതരണത്തിന്റെയും കെട്ടും മട്ടും മാറിയ ലോക സിനിമ കണ്ട് മടങ്ങുമ്പോള്‍ സുവര്‍ണ ചകോരം ഏത് ചിത്രത്തിനാവും എന്നാണ് ഓരോരുത്തരുടെയും ഉള്ളിലുയരുന്ന ചോദ്യം. കഴിഞ്ഞ വര്‍ഷം ബ്രസീലിയന്‍ സിനിമ മാളു ആണ് ആ ചെമ്പോത്തിനെ കരസ്ഥമാക്കിയത്. ഏഷ്യ, അഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളിലെ സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. പ്രമേയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചതാണ് മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളും. അതില്‍ വളരെ എടുത്ത് പറയേണ്ട ചില ചിത്രങ്ങള്‍ ഇവയാണ്.
രണ്ട് കാലം രണ്ട് അപരിചിതര്‍
മനുഷ്യനെയും പരിസ്ഥിതിയെയും അടുപ്പിക്കുന്ന അസാധാരണമായ കാഴ്ചാനുഭവമാണ് ഈ ജപ്പാന്‍ ചിത്രം സമ്മാനിക്കുന്നത്. കാറ്റിന്റെ ആരവവും കടലിന്റെ ഇരമ്പലും മഴയുടെ മര്‍മ്മരവും മഞ്ഞിന്റെ മരവിപ്പും നിറഞ്ഞുനില്‍ക്കുന്ന ഫ്രെയിമുകള്‍. കാറ്റ് തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ അതിനൊരു താളമുണ്ട്. അത് തിയേറ്ററിലെ ഡോള്‍ബി അറ്റ്മോസില്‍ ആസ്വദിക്കുമ്പോള്‍ പ്രേക്ഷകര്‍ ആ ലോകത്ത് എത്തിയപോലെ തോന്നും. കാറ്റേറ്റ് പുല്ലും പൂവും മരങ്ങളും നൃത്തമാടുന്നത് പോലെയുള്ള ഷോട്ടുകള്‍ കണ്ട് കണ്ണിമ ചിമ്മാതെ ഇരുന്ന് പോകും. ഒരു തിരക്കഥാകൃത്തായ ലീ തന്റെ പുതിയ സിനിമയുടെ ആദ്യ സീന്‍ എഴുതുന്നത് മുതലാണ് ചിത്രം ആരംഭിക്കുന്നത്. എഴുതുന്ന സീനുകളുടെ ദൃശ്യമാണ് പിന്നീട് പ്രേക്ഷകര്‍ കാണുന്നത്. അവിടെ അപരിചിതരായ ഒരു യുവതിയും യുവാവും കണ്ടുമുട്ടുന്നു. അവരുടെ ലോകമാണ് ആദ്യ പകുതി. രണ്ടാംപകുതി ലീ മറ്റൊരു സിനിമയ്ക്ക് തിരക്കഥയെഴുതാന്‍ മഞ്ഞുകാലത്ത് മറ്റൊരു സ്ഥലത്തെത്തുന്നതാണ്. താമസിക്കാന്‍ ഇടംകിട്ടാതെ അവള്‍ മലയുടെ മുകളിലുള്ള ഒരിടത്ത് അഭയം പ്രാപിക്കുന്നു. അതിന്റെ ഉടമയായ വൃദ്ധനും അവളും തമ്മിലുള്ള കുറച്ച് ദിവസങ്ങളാണ് രണ്ടാം പകുതി. പതിവ് വഴികളിലൂടെ സംവിധായകന്‍ സഞ്ചരിക്കുന്നില്ല എന്നതാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം.
സിനിമ ജെസീറ
മനുഷ്യമനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്ന തുര്‍ക്കിയെ ചലച്ചിത്രമാണ് സിനിമ ജെസീറ. ഒരു ദിവസം കളിക്കാന്‍ പോയി കാണാതായ ഏഴ് വയസുകാരന്‍ മകന്‍ ഉമീദിനെ തേടി ലെെല ഇറങ്ങുന്നു. താലിബാന്റെ മതനിയമങ്ങള്‍ അവള്‍ക്ക് തിരിച്ചടിയാകുന്നു. സ്ത്രീകളാരും പുറത്തിറങ്ങരുതെന്നുപറഞ്ഞ് മത പൊലീസ് അവളെ അടിച്ചോടിക്കുന്നു. ഒരു വശത്ത് താലിബാനും മറുവശത്ത് ചുട്ടുപഴുത്ത മരുഭൂമിയും. രണ്ടും മരണം മാത്രമേ സമ്മാനിക്കൂ. എന്നാല്‍ ജീവിതത്തിലെ ഏക പ്രതീക്ഷയായ പൊന്‍മകനെ തേടി ഇറങ്ങുകയും വേണം. അതിന് വേണ്ടി മരണത്തെപ്പോലും വെല്ലുവിളിക്കാന്‍ തയ്യാറാകുന്നു. അവള്‍ പുരുഷവേഷം കെട്ടുന്നു. അന്വേഷണത്തിനിടെ ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവങ്ങള്‍ നേരിടുന്നു. അവസാനം മകനെ കണ്ടെത്താനായില്ലെങ്കിലും ജീവിതത്തിന് പുതിയ അര്‍ത്ഥം അവള്‍ കണ്ടെത്തുന്നു. ഗോസ്ഡി കുരല്‍ എന്ന യുവതിയാണ് ഈ സിനിമ സംവിധാനം ചെയ്തത്.
ദ എലീഷ്യൻ ഫീൽഡ്
കൂട്ടായ്മ, ഓർമ്മ, ആളുകൾ പുലര്‍ത്തുന്ന പരസ്പര സഹകരണം എന്നീ ആശയങ്ങളിലാണ് പ്രദീപ് കുർബ സംവിധാനം ചെയ്ത ‘ദ എലീഷ്യൻ ഫീൽഡ്’ വേരൂന്നിയിരിക്കുന്നത്. വംശനാശത്തിന്റെ വക്കിലുള്ള ഒരു ഗ്രാമത്തിലെ അവസാനത്തെ ആറ് താമസക്കാർ. മനുഷ്യന്റെ കുറവുകള്‍, സ്നേഹം, നഷ്ടം, ആഗ്രഹം, മരണത്തെക്കുറിച്ചുള്ള മുൻവിധികൾ എന്നീ വിഷയങ്ങളെല്ലാം ചിത്രം ചര്‍ച്ചചെയ്യുന്നു. കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സിനിമയുടെ ഒരു വലിയ ഭാഗം. ദാർശനികവും അതേസമയം നിഗൂഢവുമായ ഈ ചലച്ചിത്രം മുന്നോട്ട് പോകുന്തോറും അത്ഭുതങ്ങൾ നൽകുന്നു.
ദ ഐവി
പതിമൂന്നുകാരിയായ അസൂസന ഗര്‍ഭിണിയാണ്. തന്റെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് അറിയാമെങ്കിലും അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ഇതിനിടെ അനാഥാലയത്തില്‍ താമസിക്കുന്ന ജൂലിയോയെയും കൂട്ടുകാരെയും അവള്‍ കണ്ടുമുട്ടുന്നു. ഏകദേശം അവളുടെ പ്രായം തന്നെയാണ് അവര്‍ക്കും. അവര്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോഴും ജൂലിയോയോട് അവള്‍ക്കൊരടുപ്പം തോന്നുന്നു. ഒരിക്കല്‍ അവള്‍ അവനെ മോഹത്തോടെ അടുപ്പിക്കാന്‍ നോക്കുന്നെങ്കിലും അവനത് തിരസ്കരിക്കുന്നു. അനാഥനായ അവന് അവളിലെ മാതൃത്വമാണ് ആവശ്യമെന്ന് അവള്‍ തിരിച്ചറിയുന്നു. കണ്ണുനിറഞ്ഞ് കയ്യടിച്ചുകൊണ്ടാണ് ഈ സ്പാനിഷ് ചിത്രം കണ്ട് പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടത്.
ക്യൂര്‍പോ സെലിസ്റ്റെ
ചിലിയിലെ ഏകാധിപത്യത്തിന്റെ അവസാനകാലമായ 1990കളില്‍ നടക്കുന്ന കഥയാണിത്. പിതാവിന്റെ മരണത്തോടെ ഒരു പതിനഞ്ചുകാരി നേരിടുന്ന ഒറ്റപ്പെടലും ഭീതിയുമാണ് ചിത്രം പറയുന്നത്. അവള്‍ അടുക്കാന്‍ ശ്രമിക്കുന്നവരെല്ലാം അവളില്‍ നിന്ന് അകന്ന് പോകുന്നു. അങ്ങനെ സന്തോഷമായി നയിച്ചിരുന്ന ജീവിതം ഒരു ഭാരമായി മാറുന്നു.
യെന്‍ ആന്റ് ഐലി
കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന മുറിവുകള്‍ ജീവിതത്തെ മാറ്റിമറിക്കുന്നത് എങ്ങനെയെന്ന പ്രമേയമണ് ഗാര്‍ഹിക പീഡനം പ്രമേയമാക്കി തയ്യാറാക്കിയ യെന്‍ ആന്റ് ഐലി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. അമ്മയെ എന്നും ഉപദ്രവിക്കുന്ന പിതാവിനെ കൊലപ്പെടുത്തുന്ന പെണ്‍കുട്ടി എട്ട് വര്‍ഷങ്ങള്‍ക്കുശേഷം ജയില്‍മോചിതയാകുമ്പോള്‍ അവളുടെ അമ്മയുടെ പുതിയ പങ്കാളിയും മറ്റൊരു ഉപദ്രവകാരിയാണെന്ന് തിരിച്ചറിയുന്നു. ടോം ലിൻ ഷു-യു സംവിധാനം സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാര്യ കിമി ഹ്സിയതന്നെയാണ് യെന്‍ ആയി എത്തുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് സങ്കേതത്തില്‍ തയ്യാറാക്കിയ ചലച്ചിത്രം മികച്ച ഒരു കാഴ്ചാനുഭവം നല്‍കുന്നതിനൊപ്പം വൈകാരികമായ ആഴം വര്‍ധിപ്പിക്കുകകൂടി ചെയ്യുന്നു.
ദ സെറ്റില്‍മെന്റ്
തൊഴിലാളി ചൂഷണത്തിന്റെ ഭീതിദമായ മുഖമാണ് ദ സെറ്റില്‍മെന്റ് എന്ന അറബ് ചിത്രം കാണിക്കുന്നത്. വ്യവസായശാലയില്‍ ജോലി ചെയ്തിരുന്ന പിതാവ് മരിച്ചതോടെ മക്കളായ ഹൊസൈനും മാരോയും അവിടെ ജോലിക്ക് കയറുന്നു. മാരോയ്ക്ക് ഏതാണ്ട് ഒമ്പത് വയസ് പ്രായം വരും. അവിടെ എത്തിയ ശേഷമാണ് പിതാവിന്റേത് അപകടമരണമാണെന്ന് തിരിച്ചറിയുന്നത്. പിതാവിന്റെ മരണത്തിലേക്ക് നയിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ ഹൊസൈന്‍ ഉപയോഗിച്ചിരുന്ന യന്ത്രം നന്നാക്കുന്നതിനിടെ കൊല്ലപ്പെടുന്നു. കുറ്റം അവന്റെ മേല്‍ ചാര്‍ത്തപ്പെടുന്നു. ലാഭം മാത്രം കൊയ്യുന്ന മുതലാളിത്തത്ത ഭീകരതയ്ക്ക് കാലം നല്‍കിയ കാവ്യനീതി.
കിസിങ് ബഗ്
അര്‍ജന്റീനയ്ക്കും ബ്രസീലിനും ഇടയില്‍ മൊബൈല്‍ ഫോണ്‍ കള്ളക്കടത്ത് നടത്തുന്ന കൗമാരക്കാരന്റെ കഥയാണിത്. നിയമ സംവിധാനത്തിലൂടെ അവനെ നേര്‍വഴിക്ക് നടത്തേണ്ടതിന് പകരം ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നു എന്നാണ് ഈ സ്പാനിഷ്-പോര്‍ച്ചുഗീസ് ചിത്രം പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.