
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. നവംബർ 25 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് രജിസ്ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ 5000‑ൽ പരം പേർ പ്രതിനിധികളായി രജിസ്റ്റർ ചെയ്തു. 16 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 12,000‑ത്തോളം ഡെലിഗേറ്റുകൾക്ക് പങ്കെടുക്കാൻ സാധിക്കും.
registration.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്.
പൊതുവിഭാഗത്തിന് ജി എസ് ടി ഉൾപ്പെടെ 1180 രൂപയും 590 രൂപയുമാണ് ഈടാക്കുന്നത്. പൊതുവിഭാഗം, വിദ്യാർത്ഥികൾ, ഫിലിം സൊസൈറ്റി, ഫിലിം ആന്റ് ടി വി പ്രൊഫഷണൽസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യാം.
മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം.
ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ ഇത്തവണത്തെ മേളയിലുണ്ടാകും. സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.