
നിർമിതബുദ്ധിയുടെ നൂതന സാധ്യതകളും പഠന വിശകലനങ്ങളും പങ്കുവെച്ച് ഐ എച്ച് ആർ ഡി സംഘടിപ്പിച്ച ‘എഐ കോൺക്ലേവ്’ സമാപിച്ചു. നിശാഗന്ധിയിൽ നടന്ന സമാപന സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോൺക്ലേവിനോടനുബന്ധിച്ച് നടന്ന ‘എഐ സമസ്യ 2026’ ഹാക്കത്തണിൽ ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജ് ടീം നാലാം സ്ഥാനവും പ്രത്യേക പരാമർശവും നേടി മികച്ച വിജയം കൈവരിച്ചു. കുട്ടികളിലെ പഠന വൈകല്യങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനുള്ള ‘എൻ‑സൈറ്റ് എഐ’ (N‑Sight AI) എന്ന അപ്ലിക്കേഷനാണ് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചത്. കോളേജിലെ രണ്ടാം വർഷ സി.എസ്.ഇ. വിത്ത് എഐ & എംൽ വിദ്യാർത്ഥികളായ മീനാക്ഷി എസ്, കാശിനാഥ് യു എസ്, അനുശ്രീ എസ്, പാർവതി വി നായർ എന്നിവരടങ്ങിയ ‘എഐ കണക്ട്’ എന്ന ടീമാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രജിസ്റ്റർ ചെയ്ത 75 ടീമുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 30 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. ടാറ്റാ കൺസൾട്ടൻസി സർവീസസിലെ (TCS) അഞ്ചംഗ വിദഗ്ധ ജൂറിയാണ് ഹാക്കത്തണിന്റെ മൂല്യനിർണയം നടത്തിയത്.
ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ. വി.എ. അരുൺകുമാർ, എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി. ജഗതി രാജ്, കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, കോൺക്ലേവ് കൺവീനർ ഡോ. ആർ വി രാജേഷ് എന്നിവർ സമാപന ചടങ്ങിൽ സംസാരിച്ചു. ഹാക്കത്തണിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചെങ്ങന്നൂർ എൻജിനീയറിങ് കോളേജ് പി.ടി.എ അനുമോദിച്ചു.
കെ.എസ്.ആർ.ടി.സി. യെ കൂടുതൽ ജനകീയമാക്കാൻ കെ.എസ്.ആർ.ടി.സി എഐ കണക്ട് എന്ന ആപ്പ് ഡെവലപ്പ് ചെയ്ത സി.എസ്.ഇ. വിത്ത് എഐ & എംൽ വിഭാഗം വിദ്യാർത്ഥികളാണ്‘എൻ‑സൈറ്റ് എഐ’ (N‑Sight AI) എന്ന ആപ്ലിക്കേഷൻ തയ്യാറാക്കിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.