10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 4, 2025
March 15, 2025
March 7, 2025
October 18, 2024
September 29, 2024
September 15, 2024
May 25, 2024
March 13, 2024
January 3, 2024
March 26, 2023

കടലില്‍ ചെറുമത്സ്യ വേട്ട വ്യാപകം; മത്സ്യമേഖലയ്ക്ക് ഭീഷണി, പ്രതിവർഷം കോടികൾ നഷ്ടം

ബേബി ആലുവ
കൊച്ചി
March 3, 2023 9:49 pm

കടലിന്റെ അടിത്തട്ട് കോരിയുള്ള ചെറുമീൻ പിടിത്തം വ്യാപകമാവുന്നു. പ്രതിവർഷം കോടികൾ സംസ്ഥാനത്തിന് നഷ്ടമാകുന്നതിനു പുറമെ ഇത് മത്സ്യവിഭവങ്ങളുടെ കയറ്റുമതി നിലവാരത്തെ ഗുരുതരമാംവിധം ബാധിക്കുന്നതായും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അയല, മത്തി, ചൂര, പാമ്പാട, കിളിമീൻ, പരവ, കടൽക്കൊഞ്ച് തുടങ്ങി കേരള തീരത്ത് സുലഭമായ 58 മത്സ്യങ്ങളുടെ മിനിമം ലീഗൽ സൈസ് (പിടിക്കുന്നതിനുള്ള പരമാവധി കുറഞ്ഞ വലുപ്പം) നിശ്ചയിച്ച് വർഷങ്ങൾക്കു മുമ്പേ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം നിലനിൽക്കെയാണ് ഈ കൊള്ള. നിശ്ചിത അളവിൽ താഴെയുള്ള മീനുകളെ ചെറു മീനുകളായാണ് മറൈൻ ഫിഷറീസ് ആക്ടിൽ നിർവചിച്ചിരിക്കുന്നത്. ഇവയെ പിടിക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

കുഞ്ഞുമത്സ്യങ്ങളെ കോരിയെടുക്കാൻ പറ്റിയ ചെറിയ കണ്ണികളുള്ള വലകളുപയോഗിച്ചാണ് യന്ത്രവത്കൃത ബോട്ടുകൾ തുടർച്ചയായി നിയമ ലംഘനം നടത്തുന്നതെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്. തൊഴിലാളികൾ മണിക്കൂറുകളോളം കടലിൽ ചെലവഴിച്ചാലും പലപ്പോഴും വെറും കയ്യോടെയാവും മടക്കം. അതേസമയം, പെലാജിക് ട്രോളിങ് നടത്തുന്ന യന്ത്രവത്കൃത ബോട്ടുകൾ ചെറുമീനുകളയടക്കം വാരിക്കൊണ്ടു പോവുകയും ചെയ്യും. വലയിൽപ്പെടുന്ന മത്സ്യക്കുഞ്ഞുങ്ങളെ തിരികെ കടലിലേക്കുതന്നെ വിടണമെന്നാണ് ചട്ടം. എന്നാൽ, അത് പാലിക്കപ്പെടുന്നില്ല.

കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ വൻകിട മത്സ്യ- കോഴിത്തീറ്റ, ജൈവവളം ഫാക്ടറികളിലേക്കാണ് ദിനംപ്രതി ചെറു മത്സ്യങ്ങളുടെ വൻ ശേഖരം കേരള തീരത്തു നിന്ന് കയറ്റിക്കൊണ്ടുപോകുന്നത്. ഇതിനായി, കമ്പനികളുടെ ഇടനിലക്കാർ മുൻകൂറായാണ് പണം നൽകുന്നത്.
തീരത്തു നിന്ന് ആറ് കിലോമീറ്റർ ദൂരത്തിനുള്ളിലാണ് ചെറുമീൻ പിടിത്തം. കടലിൽ വച്ചു തന്നെ ചെറുവള്ളങ്ങളിൽ കയറ്റി മുഖ്യ ഹാർബറിൽ നിന്ന് ഒഴിഞ്ഞ തീരങ്ങളിലെത്തിച്ച് കയറ്റിക്കൊണ്ടുപോകുന്നതാണ് രീതി. അടിത്തട്ടു കോരിയുള്ള മീൻ പിടിത്തം തുറമുഖങ്ങളെ മലിനമാക്കുന്നതിനു പുറമെ, കയറ്റുമതി നിലവാരത്തെയും ബാധിക്കുന്നു. കാലാവസ്ഥ വ്യതിയാനവും മറ്റും മൂലം മത്സ്യസമ്പത്ത് കുറയുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.

ഈ അവസ്ഥ പലമടങ്ങായി വർദ്ധിപ്പിക്കും മത്സ്യക്കുഞ്ഞുങ്ങളെ വേട്ടയാടുന്ന പ്രവണത. മത്തി, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളുടെ നാശത്തിന് ചെറുമീൻ പിടിത്തം കാരണമാകുമെന്ന് കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
എറണാകുളം ജില്ലയിലെ മുനമ്പം ഇങ്ങനെ വൻതോതിൽ ചെറു മത്സ്യങ്ങൾ കയറ്റി വിടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണെന്നാണ് റിപ്പോർട്ട്. പരാതികൾ വ്യാപകമായതോടെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് തീരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പിടികൂടുന്ന ബോട്ടുകളിൽ നിന്ന് രണ്ടര ലക്ഷം രൂപയാണ് പിഴയായി ഈടാക്കുന്നത്. ബോട്ടിലെ മത്സ്യം ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടക്കുകയും ചെയ്യും.

Eng­lish Sum­ma­ry: ille­gal fishing
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.