
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലീവിറ്റിന്റെ അടുത്ത ബന്ധു അനധികൃത കുടിയേറ്റത്തിന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ(ഐസിഇ) പിടിയിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ ന്യായീകരിച്ച വ്യക്തിയാണ് കരോലൈൻ. കരോലിൻ ലീവിറ്റിന്റെ സഹോദരൻ മൈക്കിൾ ലീവിറ്റിന്റെ മുൻ പങ്കാളിയായ ബ്രൂണ കരോലിൻ ഫെരേരയാണ് അധികൃതരുടെ പിടിയിലായിരുന്നു.
വിസ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ തുടർന്നതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മൈക്കിൾ ലീവിറ്റിനും ബ്രൂണ കരോലിനിനും 11 വയസുള്ള മകനുണ്ട്. 1999 ജൂണിൽ ബ്രൂണയുടെ വിസ കാലാവധി തീർന്നിരുന്നു. ഇവർ ഇപ്പോൾ ലൂസിയാനയിലെ ഐ.സി.ഇ കേന്ദ്രത്തിൽ തടവിൽ കഴിയുകയാണ്. ഈ മാസാദ്യം മസാചുസെറ്റ്സിലെ റെവറിൽ വെച്ചാണ് ബ്രൂണയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ബ്രസീലിലേക്ക് നാടുകടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ബ്രസീൽ സ്വദേശിയായ ബ്രൂണ ബി2 ടൂറിസ്റ്റ് വിസയിലാണ് യു.എസിലെത്തിയത്.
അതേസമയം, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അവരുടെ സഹോദരനും പ്രതികരിച്ചിട്ടില്ല. മകനാണ് തന്റെ പരിഗണനയെന്നും കുട്ടി ജനിച്ചതുമുതൽ ന്യൂ ഹാംഷെയറിൽ തന്നോടൊപ്പമാണ് താമസിക്കുന്നതെന്നും അമ്മയോടൊപ്പം കഴിഞ്ഞിട്ടേയില്ലെന്നും മൈക്കിൾ വ്യക്തമാക്കി.
അതേസമയം, ഡെഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ്(ഡി.എ.സി.എ)പ്രോഗ്രാമിന് കീഴിൽ നിയമപരമായി യു.എസിൽ എത്തിയതാണെന്നും ഗ്രീൻ കാർഡിനായുള്ള നടപടികളിലായിരുന്നുവെന്നും ബ്രൂണയുടെ അഭിഭാഷകൻ വാദിച്ചു. ഡി.എ.സി.എ പ്രകാരം കുട്ടികളായിരിക്കെ യു.എസിത്തിയ കുടിയേറ്റക്കാർക്ക് നാടുകടത്തലിൽ നിന്ന് സംരക്ഷണം ലഭിക്കും. നാടുകടത്തുന്നതിനെതിരായ നടപടികൾക്കെതിരെ പോരാടാൻ 30,000 ഡോളർ സമാഹരിക്കാൻ ബ്രൂണയുടെ സഹോദരി ഫണ്ട് സമാഹരണം തുടങ്ങി. നിലവിൽ 14,000 ഡോളറിലേറെ സമാഹരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.