അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലന്‍സ് പിടികൂടിയ അരക്കോടിയോളം രൂപ തിരികെ വേണമെന്ന മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ ഹർജിയിൽ വിധി പറയുന്നത് കോഴിക്കോട് വിജിലൻസ് കോടതി നവംബർ നാലിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് പണപ്പിരിവിൽ സംശയം പ്രകടിപ്പിച്ച കോടതി 20, 000 രൂപയുടെ രസീതിൽ പണം പിരിയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന് ഹർജി പരിഗണിക്കവേ ഷാജിയുടെ അഭിഭാഷകനോട് ചോദിച്ചു. കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത പണം തിരികെവേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കെ എം ഷാജിയുടെ ഹർജി പരിഗണിക്കവേയാണ് നിർണ്ണായക ചോദ്യം കോഴിക്കോട് വിജിലൻസ് കോടതിയിൽ നിന്നുണ്ടായത്. ഷാജി ഹാജരാക്കിയ രസീതുകളിൽ കൂടുതലും 20, 000 രൂപയുടേതാണ്. ഇത്തരത്തിൽ 20, 000 രൂപയുടെ രസീതിൽ പണം പിരിയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്നാണ് ഷാജിയുടെ അഭിഭാഷകനോട് വിജിലൻസ് ജഡ്ജ് ചോദിച്ചത്. 10, 000 രൂപ വരെ അല്ലെ അനുമതിയെന്നും കോടതി ആരാഞ്ഞു.
വലിയ തുകകളുടെ ഇടപാടുകൾ ബാങ്ക് വഴിയല്ലാതെ കെ എം ഷാജി നടത്തിയെന്ന് നേരത്തെ വിജിലൻസ് കോടതിയിൽ വാദിച്ചിരുന്നു. പണം തിരികെ നൽകരുതെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കഴിഞ്ഞ ദിവസം കോടതിയിൽ എതിർ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. ഷാജി ഹാജരാക്കിയ രസീതുകൾ വ്യാജമാണെന്നും പിടിച്ചെടുത്ത പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ വലിയ രീതിയിൽ ബാധിക്കുമെന്നുമാണ് വിജിലൻസ് നിലപാട്. എന്നാല്‍ പിടിച്ചെടുത്ത പണം തെരെഞ്ഞെടുപ്പ് ഫണ്ടാണെന്ന വാദം കെ എം ഷാജി ആവര്‍ത്തിച്ചു. 2016ൽ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലായിരുന്നു വിജിലന്‍സ് കഴിഞ്ഞ വര്‍ഷം കെ എം ഷാജിയുടെ കണ്ണൂരിലെ അഴീക്കോട്ടുള്ള വീട്ടില്‍ പരിശോധന നടത്തി പണം പിടിച്ചെടുത്തത്.
English Summary: Illegal property acquisition case: KM Shaji’s petition will be heard on the 4th
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.