ജനങ്ങൾക്ക് ന്യായവിലയിൽ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു വിലക്കയറ്റം പിടിച്ചു നിർത്താന്‍ ഭക്ഷ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ. രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി കഴിഞ്ഞ നാലു ദിവസത്തിനിടെ എത്തിച്ചത് 5,919 മെട്രിക് ടൺ നിത്യോപയോഗ സാധനങ്ങൾ. സംസ്ഥാനത്ത് ഉടനീളമുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ ഇവ വിതരണം ചെയ്യും.
1,800 ഓളം സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ യാതൊരു വിലവർധനവും ഇല്ലാതെയാണ് 13 ഇനം നിത്യോപയോഗ സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നു ഭക്ഷ്യ മന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മഴക്കെടുതിമൂലം സാധന ലഭ്യത കുറഞ്ഞതോടെ, സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തിൽ ചില ഉല്പന്നങ്ങളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതു പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്താൻ ഭക്ഷ്യവകുപ്പിനു കഴിഞ്ഞു.
5,919 മെട്രിക് ടൺ ഭക്ഷ്യോല്പന്നങ്ങള്‍ക്ക് പുറമേ 5,80,847 പാക്കറ്റ് വെളിച്ചെണ്ണയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ എത്തിക്കാനായി. സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്കു കൂടുതലായി എത്തിക്കുക വഴിയാണ് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനും വിപണി ഇടപെടൽ നടത്തുന്നതിനും കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും സപ്ലൈകോ വഴി സബ്സിഡി സാധനങ്ങൾ ലഭിക്കും.
വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനും സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്കു നേരിട്ടെത്തിക്കുന്നതിനും ജില്ലകൾ തോറും സപ്ലൈകോയുടെ മൊബൈൽ വില്പനശാലകൾ തുടങ്ങും. ഒരു ജില്ലയിൽ അഞ്ചു മൊബൈൽ യൂണിറ്റുകൾ എന്ന നിലയിൽ രണ്ടു ദിവസങ്ങളിലായി സാധനങ്ങൾ വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം 30നു തിരുവനന്തപുരത്തു നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
ഒരു മൊബൈൽ വാഹനം ഒരു ദിവസം ഒരു താലൂക്കിലെ അഞ്ചു കേന്ദ്രങ്ങളിൽ എത്തി റേഷൻ കാർഡ് ഉടമകൾക്ക് സാധനങ്ങൾ നൽകും. തീരദേശം, മലയോരം, ആദിവാസി ഊരുകൾ എന്നിവിടങ്ങൾക്കു മുൻഗണന നൽകിയാകും മൊബൈൽ വില്പനശാലകളുടെ യാത്ര. സംസ്ഥാനത്തെ അഞ്ചു മേഖലകളിലുള്ള 52 ഡിപ്പോകളിൽ സാധനങ്ങൾ സംഭരിച്ചാണ് പദ്ധതി നടപ്പാക്കുക.
പ്രകൃതിക്ഷോഭത്തെയും ഇന്ധനവിലവര്‍ധനയെയും തുടർന്ന് നിത്യോപയോഗ സാധനങ്ങൾക്കുണ്ടായ വിലക്കയറ്റത്തിന്റെ മറവിൽ കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും നടത്തുന്നവർക്ക് പിടിവീഴും. ഭക്ഷ്യസാധനങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നുണ്ടോ എന്നു പരിശോധിക്കാനും അളവിൽ കുറച്ചു സാധനങ്ങൾ വിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താനുമായി ജില്ലാതലത്തിൽ ലീഗൽ മെട്രോളജി സ്ക്വാഡുകൾ രൂപീകരിക്കും.
english summary;Immediate intervention of the Food Department to bring inflation to the people at fair prices
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.