
കുടിയേറ്റക്കാരെ സ്വീകരിക്കാത്തതിന് കൊളംബിയക്ക് മേൽ 25 ശതമാനം തീരുവ ചുമത്തി ഡോണാൾഡ് ട്രംപ്. കുടിയേറ്റക്കാരുമായുള്ള രണ്ട് യുഎസ് സൈനിക വിമാനങ്ങൾ രാജ്യത്ത് ഇറങ്ങുന്നത് കൊളംബിയൻ പ്രസിഡന്റ് തടഞ്ഞത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നടപടിയുണ്ടായിരിക്കുന്നത്.
കൊളംബിയയിൽ നിന്ന് യുഎസിലേക്ക് വരുന്ന എല്ലാ ഉൽപന്നങ്ങൾക്കും 25 ശതമാനം അധിക തീരുവ ബാധകമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ 25 ശതമാനം തീരുവ 50 ശതമാനമാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതിന് മറുപടിയായി യുഎസിനുമേൽ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞിരുന്നു.
നേരത്തെ സൈനിക വിമാനങ്ങളിൽ തങ്ങളുടെ പൗരൻമാരെ സ്വീകരിക്കില്ലെന്ന് കൊളംബിയൻ പ്രസിഡന്റ് പറഞ്ഞിരുന്നു. സിവിലിയൻ വിമാനങ്ങളിൽ അവരെ കൊളംബിയയിൽ എത്തിക്കണം. അവരുടെ ആത്മാഭിമാനം പരിഗണിക്കണം. അവർ ബഹുമാനം അർഹിക്കുന്നവരാണെന്നും കൊളംബിയയൻ പ്രസിഡന്റ് പറഞ്ഞു. യുഎസ് പ്രസിഡന്റായി അധികാരമേറ്റ് നാലുദിവസത്തിനകം കുടിയേറ്റക്കാരെ നാടുകടത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഡോണൾഡ് ട്രംപ് പാലിക്കുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കുടിയേറ്റവും പൗരത്വവുമായും ബന്ധപ്പെട്ട സുപ്രധാന ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചു.
രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽ നാടുകടത്തിത്തുടങ്ങിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിന്റെ ഉത്തരവ് പ്രകാരം 538 അനധികൃത കുടിയേറ്റക്കാർ അറസ്റ്റിലായതായും സൈനിക വിമാനങ്ങളിൽ നാടുകടത്താൻ തുടങ്ങിയതായും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിനെ ലീവിറ്റ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.