രാജ്യത്ത് അനധികൃത കുടിയേറ്റം തടയുക ലക്ഷ്യമിട്ട് കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കുന്നതിനും ഏകീകരിക്കുന്നതിനുമുള്ള ഇമിഗ്രേഷൻ ആന്റ് ഫോറിനേഴ്‌സ് ബിൽ 2025 ലോക്‌സഭ പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വേണ്ടി സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചത്. തുടർന്ന് മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം അമിത് ഷാ സംസാരിച്ചു.
ഇന്ത്യയുടെ വികസനത്തിൽ സഹായിക്കാൻ വരുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വരുന്നവർ, അവർ റോഹിങ്ക്യകളായാലും ബംഗ്ലാദേശികളായാലും ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങൾ, എന്തിനാണ് സന്ദർശിക്കുന്നത്, എത്ര കാലം താമസിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നിവയെല്ലാം കൃത്യമായി നിരീക്ഷിക്കാൻ ബിൽ സഹായിക്കും. ഇന്ത്യ സന്ദർശിക്കുന്ന ഓരോ വിദേശിയുടെയും വിവരങ്ങൾ അറിയേണ്ടത് അത്യാവശ്യമാണെന്നും ഇതൊരു ധര്‍മ്മശാലയല്ലെന്നും അമിത് ഷാ പറഞ്ഞു.
വിദേശികളും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലവിൽ നാല് നിയമങ്ങളിലൂടെയാണ് കൈകാര്യം ചെയ്യുന്നത്-പാസ്‌പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം 1920, വിദേശികളുടെ രജിസ്ട്രേഷൻ നിയമം 1939, വിദേശികളുടെ നിയമം 1946, ഇമിഗ്രേഷൻ (കാരിയേഴ്‌സ് ലയബിലിറ്റി) നിയമം 2000 എന്നിവയാണ് അവ. ഇവയെല്ലാം പുതിയ ബില്ലോടുകൂടി റദ്ദാക്കപ്പെടും. ഈ നാല് നിയങ്ങളിലെയും നിരവധി വ്യവസ്ഥകൾ പുതിയ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന പൊതു ആക്ഷേപം ചര്‍ച്ചയില്‍ ഉയര്‍ന്നു. മാത്രമല്ല ഈ വ്യവസ്ഥ ഒരു പ്രത്യേക വിഭാഗത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും അംഗങ്ങള്‍ ഉന്നയിച്ചു.
അതേസമയം രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വാരിക്കോരി നല്‍കുന്നെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രംഗത്തെത്തി. സിപിഐ രാജ്യസഭാ നേതാവ് പി സന്തോഷ് കുമാര്‍, പി പി സുനീര്‍ ഉള്‍പ്പെടെ ഇടതുപക്ഷ എംപിമാര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളെ രാഷ്ട്രീയമായി നേരിടുന്ന നടപടിയാണ് ധനമന്ത്രി നടത്തിയത്.
യുപിഎ ഭരണകാലത്ത് ഇത്ര, മോഡി ഭരണത്തിന്‍ കീഴില്‍ ഇത്ര എന്ന കണക്കുകളിലൂടെ ബിജെപി ഭരണത്തിന്റെ വമ്പത്തരം ഉയര്‍ത്താന്‍ ധനമന്ത്രി ശ്രമിച്ചതിനെതിരെ ഇടതംഗങ്ങള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തി. മന്ത്രിയുടെ മറുപടിക്കു ശേഷം രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.