29 September 2024, Sunday
KSFE Galaxy Chits Banner 2

ജഗ്ദീപ് ധന്‍ഖറിനെതിരെ ഇംപീച്ച്മെന്റ്; സമ്മേളനം നിര്‍ത്തി ഒളിച്ചോടി കേന്ദ്രം

സ്വന്തം ലേഖകന്‍ 
ന്യൂഡല്‍ഹി
August 9, 2024 11:39 pm

രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ഇംപീച്ച്മെന്റ് പ്രമേയ നീക്കത്തിന് പിന്നാലെ പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിച്ച് ഒളിച്ചോടി കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷ ആവശ്യങ്ങള്‍ അവഗണിച്ച് രാജ്യസഭയില്‍ ഏകാധിപത്യപരമായി പെരുമാറുന്ന അധ്യക്ഷന്റെ നിലപാടിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ അസാധാരണ നീക്കം. ബിജെപി അംഗം ഘനശ്യാം തിവാരി തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നും അതില്‍ അദ്ദേഹം മാപ്പുപറയണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടതോടെയാണ് രാജ്യസഭയില്‍ ഇന്നലെ തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. ആവശ്യം നിഷേധിച്ച അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍, തിവാരി ഖാര്‍ഗെയെ സംസ്കൃതത്തില്‍ പുകഴ്ത്തുകയായിരുന്നുവെന്ന് പറഞ്ഞു.

ചെയര്‍മാന്റെ മറുപടിയില്‍ എതിര്‍പ്പുന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയറാം രമേശിന് സംസാരിക്കാന്‍ അനുമതി നിഷേധിച്ച ധന്‍ഖറുടെ നടപടിയിലും പ്രതിഷേധമുയര്‍ന്നു. ഒടുവില്‍ ഡിഎംകെയുടെ തിരുച്ചി ശിവയ്ക്കും സമാജ്‌വാദി പാര്‍ട്ടി അംഗം ജയാബച്ചനും അവസരം നല്‍കി. “ബഹുമാനപ്പെട്ട അംഗങ്ങളേ, ജയ അമിതാഭ് ബച്ചനാണ് ഈ വിഷയത്തിൽ അവസാനമായി സംസാരിക്കുന്ന അംഗം. ദയവായി ആരംഭിക്കൂ, മാഡം” എന്നായിരുന്നു പരിഹാസ രൂപേണ ധൻഖറുടെ പരാമര്‍ശം. ഇതോടെ വീണ്ടും പ്രതിഷേധമയമായി. അധ്യക്ഷന്റെ ആംഗ്യങ്ങളും ശരീരഭാഷയും കണ്ടാല്‍ എല്ലാം മനസിലാകുമെന്ന് ജയാ ബച്ചന്‍ പറഞ്ഞു. ക്ഷുഭിതനായ ധന്‍ഖര്‍ അവര്‍ക്കെതിരെ കടുത്ത വാക്കുകളുമായി രംഗത്തെത്തി. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഭരണ‑പ്രതിപക്ഷ‑ചെയര്‍ ഭിന്നതകളെ തുടര്‍ന്ന് രാജ്യസഭ ആദ്യം രണ്ടു വരെയും പിന്നീട് 2.30, 3.30 വരെയും നിര്‍ത്തിവച്ചു. നാലു മണിയോടെ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. ജൂലൈ 22ന് തുടക്കം കുറിച്ച ബജറ്റ് സമ്മേളനം തിങ്കളാഴ്ച വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും നേരത്തെ പിരിയുകയാണുണ്ടായത്. തുടര്‍ന്ന് ലോക്‌സഭയും പിരിഞ്ഞു. അതേസമയം വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്നതിനുള്ള 21 അംഗ സംയുക്ത പാര്‍ലമെന്ററി സമിതിയിലേക്കുള്ള അംഗങ്ങളെ ഇന്നലെ പ്രഖ്യാപിച്ചു. ജഗദംബികാ പാല്‍, നിഷികാന്ത്, ദുബെ, തേജസ്വി സൂര്യ, അപരാജിതാ സാരംഗി, സഞ്ജയ് ജയ്‌സ്വാള്‍, ദിലീപ് സൈക്കിയ, അഭിജിത് ഗംഗോപാധ്യായ, ഡി കെ അരുണ, ഗൗരവ് ഗൊഗോയ്, ഇമ്രാന്‍ മസൂദ്, മുഹമ്മദ് ജാവേദ്, മൗലാന മൊഹിബുള്ള നദ്‌വി, കല്യാണ്‍ ബാനര്‍ജി, എ രാജ, ലവ ശ്രീകൃഷ്ണ ദേവരായലു, ദിലേശ്വര്‍ കാമത്ത്, അരവിന്ദ് സാവന്ത്, സുരേഷ് ഗോപിനാഥ്, നരേഷ് ഗണ്‍പത് മഹസ്‌കേ, അരുണ്‍ ഭാരതി, അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് സമിതി അംഗങ്ങള്‍.

87 എംപിമാര്‍ ഒപ്പിട്ടു

ഭരണഘടനയുടെ ആർട്ടിക്കിൾ 67 (ബി) പ്രകാരം രാജ്യസഭയ്ക്ക് ഉപരാഷ്ട്രപതിയെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കാനാകും. ഇതിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. രാജ്യസഭാധ്യക്ഷന്റെ ഏകാധിപത്യ നിലപാടിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം നേരത്തെ മുതല്‍ പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്‍ഡിഎ സഭാ നേതാവ് ജെ പി നഡ്ഡയെ രണ്ടുദിവസം മുമ്പ് ഇക്കാര്യം അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. രാജ്യസഭയില്‍ 87 അംഗങ്ങളുടെ പിന്തുണയാണ് ഇന്ത്യ സഖ്യത്തിനുള്ളത്. എല്ലാ എംപിമാരും മൂന്നുപേജുള്ള പ്രമേയത്തില്‍ ഒപ്പിട്ടതായി നേതാക്കള്‍ അറിയിച്ചു.

Eng­lish Sum­ma­ry: Impeach­ment against Jagdeep Dhankar; Stop the meet­ing and run away from the center

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.