
ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി 2020) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചട്ടക്കൂട് അനുസരിച്ച് മാത്രമേ നടപ്പിലാക്കാന്‍ സാധിക്കൂ എന്ന് വിവരാവകാശരേഖ. ഇതുസംബന്ധിച്ച് വിവിധ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങളും ആശങ്കകളും കേന്ദ്രസര്‍ക്കാര്‍ പാടേ അവഗണിച്ചതായി വിവരാവകാശരേഖയെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ ഫെഡറല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ തന്നെ എന്‍ഇപി സംബന്ധിച്ച് വ്യാപക ആശങ്കകളും എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. മേഘാലയ ഗവര്‍ണറായിരുന്ന അന്തരിച്ച സത്യപാല്‍ മാലിക്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരെന്‍, ഗോവ മുഖ്യമന്ത്രിയായിരുന്ന പ്രമോദ് സാവന്ത്, കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ ടി ജലീല്‍, ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജി അടക്കമുള്ളവര്‍ ഉന്നയിച്ച ആശങ്കകള്‍ ദൂരീകരിക്കുന്ന യാതൊന്നും തുടര്‍ ചര്‍ച്ചകളില്‍ ഉണ്ടായതായി രേഖയില്ലെന്ന് വിവരാവകാശ മറുപടിയില്‍ പറയുന്നു.
വിപുലമായ ചര്‍ച്ചകള്‍ക്കും ആശയ സംവാദത്തിനും ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതെന്ന കേന്ദ്ര വാദം ഇതോടെ പൊളിയുകയാണ്. പ്രാദേശികമായ പൊരുത്തപ്പെടുത്തല്‍ വേണ്ടതില്ലെന്നും കേന്ദ്രീകൃത ലക്ഷ്യങ്ങള്‍ നടപ്പിലാക്കുകയാണ് എന്‍ഇപി വഴി നടത്തേണ്ടതെന്നും 2023–24ല്‍ എന്‍ഇപി സോണല്‍ യോഗത്തില്‍ തീരുമാനിച്ചതായും വിവരാവകാശ മറുപടിയിലുണ്ട്. 2020 ജൂലൈ 29 ന് അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന രമേശ് പൊഖ്രിയാല്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചുവെന്ന് അവകാശപ്പെട്ടിരുന്നു. 2023 ഓഗസ്റ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മാല സീതാരാമനും ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തി. എന്‍ഇപി വഴക്കമുള്ളതാണെന്നും സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കലായി മാറില്ലെന്നും സംസ്ഥാന ആവശ്യം കണക്കിലെടുത്ത് ആവശ്യമായ ഭേദഗതി വരുത്താമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട് വാദങ്ങളും വാസ്തവവിരുദ്ധമാണെന്ന് വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.
ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട വിദ്യാഭ്യാസത്തെ എന്‍ഇപി വഴി കേന്ദ്രത്തിന്റെ കൈപ്പിടിയിലൊതുക്കുകയായിരുന്നുവെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ പ്ലാനിങ് ആന്റ് അഡ്മിനിസ്ട്രേഷന്‍ മുന്‍ വൈസ് ചാന്‍സിലര്‍ എന്‍ വി വര്‍ഗീസ് പറഞ്ഞു. എന്‍ഇപി വഴക്കമുള്ളതല്ല. സംസ്ഥാനങ്ങള്‍ക്ക് സിലബസ് പരിഷ്കരണം അടക്കം യാതൊരു മാറ്റവും പദ്ധതിയില്‍ വരുത്തുക സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്താണ് എന്‍ഇപി പൂര്‍ണമായി നടപ്പിലാക്കിയത്. പേപ്പര്‍ലെസ് സമീപനത്തിലുടെയായിരുന്ന പദ്ധതി നടപ്പാക്കല്‍. അതുവഴി കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കുകയായിരുന്നു ഉണ്ടായതെന്നും വിദ്യാഭ്യാസ വിദഗ്ധന്‍ അനിത് രാംപാല്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ചില ചോദ്യാവലികള്‍ അയച്ച് അവ പൂരിപ്പിച്ച് തിരിച്ചയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത് വിചിത്രമായ രീതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം എന്താണോ പറയുന്നത് അത് നടപ്പിലാക്കുക എന്നത് മാത്രമായി എന്‍ഇപി ചുരുങ്ങിയെന്നും ദ ഫെഡറല്‍ നേടിയ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.