
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഇന്ത്യ. പാകിസ്ഥാനില്‍ നിര്‍മ്മിക്കുന്ന സകല ഉല്പന്നങ്ങളും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് അടിയന്തരമായി വിലക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. പാകിസ്ഥാനില്‍ ഉല്പാദിപ്പിക്കുന്നതോ പാകിസ്ഥാന്‍ വഴി കടന്നു വരുന്നതോ ആയ ചരക്കുകള്‍ക്ക് പൂര്‍ണ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ പാകിസ്ഥാന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുന്നതും വിലക്കി. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ പാകിസ്ഥാന്‍ തുറമുഖങ്ങളിലേക്ക് പോകില്ല.
പാകിസ്ഥാനില്‍ നിന്നുള്ള കത്തുകളും പാഴ്‌സലുകളും ഇന്ത്യ നിരോധിച്ചു. രാജ്യ സുരക്ഷയെ മുൻ നിർത്തിയാണ് തീരുമാനമെന്ന് കേന്ദ്രം വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ഇറക്കുമതികളും അടിയന്തര പ്രാബല്യത്തോടെയാണ് വിലക്കിയിരിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള ഇളവുകൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമായും പഴം, സിമന്റ്, പെട്രോളിയം ഉല്പന്നങ്ങൾ, ധാതുക്കൾ എന്നിവയാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിൽ ഇന്ത്യയിലേക്ക് പാകിസ്ഥാനിൽ നിന്ന് 4.2 ലക്ഷം ഡോളറിന്റെ ഉല്പന്നങ്ങൾ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇതേ കാലയളവിൽ മുമ്പ് 28.6 ലക്ഷം ഡോളറിന്റെ ഉല്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. അന്താരാഷ്ട്ര പിന്തുണ ആര്‍ജിക്കാനുള്ള നടപടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു. പാകിസ്ഥാന് ലോക ബാങ്ക്, അന്താരാഷ്ട്ര നാണ്യ നിധി തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന ധനസഹായം നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്(എഫ്എടിഎഫ്)നോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെടും. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യ പാക് പൗരന്മാര്‍ക്കുള്ള വിസയും നിര്‍ത്തലാക്കിയിരുന്നു. പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാത നിഷേധിച്ചു. നയതന്ത്ര ബന്ധം നാമമാത്രമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.