19 December 2024, Thursday
KSFE Galaxy Chits Banner 2

കുറച്ചതിനേക്കാള്‍ കൂട്ടി; വാണിജ്യ പാചക വാതക സിലിണ്ടറിന് 209 രൂപ കൂട്ടി

Janayugom Webdesk
തിരുവനന്തപുരം
October 1, 2023 10:33 pm

വാണിജ്യ പാചകവാതക സിലിണ്ടറിലെ ആശ്വാസം വെറും ഒരു മാസത്തില്‍ ഒതുങ്ങി. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ മാസം 158 രൂപ കുറച്ചിരുന്നെങ്കിലും ഇന്നലെ 209 രൂപ വീണ്ടും കൂട്ടി. പ്രതിമാസ വില പുതുക്കലിന്റെ ഭാഗമായാണ് നടപടി. കൊച്ചിയില്‍ 1747.50 രൂപയാണ് ഒരു സിലിണ്ടറിന്റെ പുതിയ വില. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടർ വില 1731.50 രൂപയായി. മുംബൈയില്‍ 1898.50 രൂപയായും വില ഉയര്‍ന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഏവിയേഷന്‍ ഫ്യൂവലിന് അഞ്ച് ശതമാനം വില കൂട്ടി. വിമാനയാത്രാ നിരക്കുകള്‍ ഇനിയും ഉയരുന്നതിന് ഇത് ഇടയാക്കും. തുടര്‍ച്ചയായ നാലാം തവണയാണ് വ്യോമ ഇന്ധനത്തിന് വില ഉയര്‍ത്തുന്നത്. പ്രകൃതി വാതകത്തിന്റെ വില തുടർച്ചയായ രണ്ടാം മാസത്തിലും ഉയര്‍ത്തി. സെപ്റ്റംബറിലെ 8.60 ഡോളര്‍/എംഎംബിടിയു (മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റ്) എന്നതിൽ നിന്ന് 9.20 ഡോളര്‍/എംഎംബിടിയു ആയി വില ഉയര്‍ത്തി. സിഎന്‍ജി, പിഎന്‍ജി വിലകളിലെ വര്‍ധനയിലേക്ക് ഇത് നയിക്കും.

എല്ലാ മാസവും ഒന്നാം തീയതി രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. കഴിഞ്ഞ രണ്ട് തവണയും വിലയില്‍ കുറവ് വരുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വില വര്‍ധനവ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് എണ്ണക്കമ്പനികളുടെ നടപടി. അതേസമയം എണ്ണ വില ഇപ്പോഴത്തെ നിരക്കിന്റെ പകുതിയില്‍ താഴെയായിരുന്ന മുന്‍ മാസങ്ങളിലൊന്നും തുല്യമായ നിരക്കിളവ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല.
ഓഗസ്റ്റ് 30ന് ഗാര്‍ഹിക പാചകവാതകത്തിന് 200 രൂപയുടെ കുറവ് വരുത്തിയിരുന്നു. വില പരിഷ്കരണം എണ്ണക്കമ്പനികളുടെ നിയന്ത്രണത്തിലാണെന്ന ന്യായത്തോടെ കയ്യൊഴിയുന്ന കേന്ദ്രസര്‍ക്കാര്‍ ഇത് രാജ്യത്തെ സ്ത്രീകള്‍ക്ക് രക്ഷാബന്ധന്‍ പ്രമാണിച്ചുള്ള സമ്മാനമാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഇത്തവണയും ഗാര്‍ഹിക പാചകവാതകത്തിനും വില ഉയര്‍ത്തണമെന്ന നിലപാടെടുത്ത കമ്പനികളോട് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ വിലക്കുകയായിരുന്നുവെന്നാണ് സൂചന.

രാജ്യത്ത് പണപ്പെരുപ്പം ഇനിയും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ പാചകവാതക വിലക്കയറ്റം സാധാരണക്കാരെ ഏറെ പ്രതികൂലമായി ബാധിക്കും. ജൂലൈയിലെ 7.44 ശതമാനത്തില്‍ നിന്നും ഓഗസ്റ്റില്‍ 6.83 ആയി നേരിയ കുറവ് പണപ്പെരുപ്പം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും റിസര്‍വ് ബാങ്കിന്റെ സഹനപരിധിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ആറ് ശതമാനത്തിന് മുകളിലാണ്. കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ചേര്‍ന്നുള്ള ഒറ്റക്കെട്ടായ കൊള്ളയാണ് നടക്കുന്നതെന്നും ഇന്ധന വില നിർണയ നയം ജനങ്ങൾക്കെതിരെയുള്ള ബോധപൂര്‍വമായ കടന്നാക്രമണമാണെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. സർക്കാർ രചിച്ച തിരക്കഥയ്ക്കനുസരിച്ചാണ് ഇന്ധന കമ്പനികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Eng­lish Summary:In com­mer­cial cook­ing gas cylin­der price hike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.