5 December 2025, Friday

Related news

December 4, 2025
September 18, 2025
July 28, 2025
July 20, 2025
July 5, 2025
June 16, 2025
June 13, 2025
June 5, 2025
October 5, 2024
September 22, 2024

കോടതിവിധി കടലിലെറിഞ്ഞ് കേന്ദ്രം; ലക്ഷദ്വീപില്‍ കടലോര ഭൂമി കോര്‍പ്പറേറ്റിനുവേണ്ടി പിടിച്ചെടുക്കുന്നു

കെ രംഗനാഥ്
അഗത്തി (ലക്ഷദ്വീപ്)
May 14, 2024 8:50 pm

ഗുജറാത്തിലെ ടൂറിസം കോര്‍പറേറ്റ് ഭീമനായ പ്രവേഗ് ലിമിറ്റിനുവേണ്ടി കേന്ദ്രം ഹെെക്കോടതി വിധിയും അറബിക്കടലിലെറിയുന്നു. ആഡംബര കൂടാര നഗരങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രവേഗ് കമ്പനിക്കുവേണ്ടി ദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ കെെവശം വച്ചനുഭവിക്കുന്ന തീരഭൂമികള്‍ പിടിച്ചെടുക്കുന്നത് കോടതി സ്റ്റേ ചെയ്തിരുന്നു. വിധി വന്നതിനു പിന്നാലെ ഹെെക്കോടതി വേനലവധിക്കാലത്തേക്ക് കടന്നതിനിടെയാണ് കടലോരഭൂമികള്‍ പിടിച്ചെടുക്കുന്നത് പുനരാരംഭിച്ചിരിക്കുന്നത്.

കോടതിവിധി മറികടന്ന് അഗത്തി ദ്വീപില്‍ 5,000 ചതുരശ്രമീറ്റര്‍ തീരഭൂമിയില്‍ കുഴികളെടുത്തും പില്ലറുകള്‍ നാട്ടിയും കൂടാരനഗരങ്ങള്‍ സ്ഥാപിക്കാനുള്ള പണികള്‍ തകൃതിയില്‍ നടക്കുകയാണ്. അടുത്തയാഴ്ച മാത്രമേ കോടതി അവധി കഴിഞ്ഞ് തുറക്കൂ എന്നതിനാല്‍ അതിനുമുമ്പ് തൂണുകള്‍‍ വാര്‍ക്കാനാണ് നീക്കം. തീരത്തെ 400 മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന കേന്ദ്ര തീരദേശ പരിപാലന നിയമവും കോര്‍പറേറ്റുകള്‍ക്കുവേണ്ടി കാറ്റില്‍പ്പറത്തുന്നു. അഗത്തിയിലെ 50 നക്ഷത്ര കൂടാരങ്ങള്‍ക്ക് പുറമേ തിണ്ണ കരദ്വീപില്‍ 200, ബംഗാരം ദ്വീപില്‍ 150 ആഡംബര കൂടാരങ്ങള്‍ നിര്‍മ്മിക്കാനും പ്രവേഗ് ലിമിറ്റഡിന് അനുമതി നല്കി. ഇപ്പോഴത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഭരണത്തിലിരുന്ന ദാദ്ര‑നാഗര്‍ ഹാവേലി, ദാമന്‍-ദിയു, ചക്രതീര്‍ത്ഥ, ബിങ്ക്, ജാംപോര്‍ ബീച്ച് ഖോഗ്ലാ ബീച്ച് എന്നിവിടങ്ങളിലും ഒരു ആഡംബര കൂടാരത്തിന് ഒരു ദിവസത്തേക്ക് 25,000 രൂപ മുതല്‍ 40,000 രൂപ വരെയാണ് വാടക.

ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും ഉപജീവനമാര്‍ഗം മത്സ്യബന്ധനമാണ്. തൊഴിലാളികളുടെ വള്ളങ്ങളും ബോട്ടുകളും വലയുമടക്കം മത്സ്യബന്ധനോപകരണങ്ങളാകെ പിടിച്ചെടുത്താണ് കുടിയൊഴിപ്പിക്കല്. മീന്‍ ഉണക്കുന്ന ഭൂമിയും ഷെഡ്ഡുകളുമെല്ലാം കയ്യേറുന്നു. ദ്വീപിന്റെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനുള്ള മാര്‍ഗരേഖയായ സംയോജിത ദ്വീപ് മാനേജ്മെന്റ് പദ്ധതിപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ മേഖലകള്‍ പിടിച്ചെടുത്ത് നല്കിയ തീരഭൂമികളില്‍ വലിയ കുഴികളെടുത്തും കോണ്‍ക്രീറ്റ് അടിത്തറ പാകിയും പില്ലറുകള്‍ ഉയര്‍ത്തിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഭൂമികള്‍ പിടിച്ചെടുത്ത് ടൂറിസം കോര്പറേറ്റ് ഭീമന് നല്കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീരഭൂമി പിടിച്ചെടുക്കുന്നതിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ലക്ഷദ്വീപ് സിപിഐയ്ക്ക് പിന്തുണയുമായി നിരവധി സാമൂഹ്യക്ഷേമ സംഘടനകളും രംഗത്തുണ്ട്. കടലോരവും ദ്വീപുനിവാസികളുടെ ഉപജീവനമാര്‍ഗവും സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ സമരങ്ങളുടെ ഭാഗമായി സിപിഐ സംസ്ഥാന സെക്രട്ടറി സി ടി നജുമുദീന്‍, സംസ്ഥാന നേതാക്കളായ വാജിദ്, നസീര്‍, സെയ്തലവി ബിരേക്കല്‍ തുടങ്ങി നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. അവരെല്ലാം ജാമ്യത്തിലിറങ്ങി വീണ്ടും പോരാട്ടമുഖത്താണ്. വേനലവധി കഴിഞ്ഞ് കോടതി തുറക്കുമ്പോള്‍ കോടതിയലക്ഷ്യ കേസുമായി വീണ്ടും ഹെെക്കോടതിയെ സമീപിക്കുമെന്ന് നജുമുദീന്‍ ‘ജനയുഗ’ത്തോട് പറഞ്ഞു. എന്നാല്‍ അനധികൃത നിര്‍മ്മാണങ്ങള്‍ പിഴയൊടുക്കി ക്രമവല്ക്കരിച്ചു കാട്ടാനാണ് പ്രവേഗ് കമ്പനി നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദ്വീപ് നിവാസികളുടെ ജീവനും സ്വത്തിനും ഉപജീവനമാര്‍ഗത്തിനും ഭീഷണിയാകുന്ന കോര്‍പ്പറേറ്റ് പദ്ധതിക്കെതിരെ ദ്വീപുജനത വിജയം വരെ പൊരുതുമെന്നും നജുമുദീന്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: In Lak­shad­weep, coastal land is being acquired for cor­po­rate purposes

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.