23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 1, 2024
October 5, 2023
September 12, 2023
September 11, 2023
September 10, 2023
September 5, 2023
September 3, 2023
September 3, 2023
September 2, 2023
August 23, 2023

പുരുഷാരം മടങ്ങി; ഉമ്മന്‍ ചാണ്ടിയും

web desk
July 21, 2023 12:02 am

ഓര്‍മ്മകളുടെ തീരത്തേയ്ക്ക് ഉമ്മന്‍ ചാണ്ടിയെന്ന മഹാമനുഷ്യസ്നേഹിയെ യാത്രയാക്കി, പുതുപ്പള്ളിയിലേക്ക് ആര്‍ത്തിരമ്പിയെത്തിയ മനുഷ്യക്കടല്‍ ഉള്‍വലിഞ്ഞു. നാടിന്റെയാകെ സ്നേഹവായ്പുകളേറ്റുവാങ്ങി പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയും മണ്ണിലേക്കലിഞ്ഞു. വിശ്രമമില്ലാതെ ജനസേവനം നടത്തിയ മുന്‍ മുഖ്യമന്ത്രിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഇനി അന്ത്യവിശ്രമം. രാത്രി ഒമ്പതരയോടെ ആരംഭിച്ച സമാപന സംസ്കാര ശുശ്രൂഷകള്‍ മൂന്ന് ഘട്ടങ്ങളിലായി 11.30 വരെ നീണ്ടു.  ഭാര്യയും മക്കളും ചെറുമക്കളും മറ്റു ബന്ധുക്കളും അന്ത്യചുമ്പനം നല്‍കി. മകന്‍ ചാണ്ടി ഉമ്മന്‍, ഉമ്മന്‍ ചാണ്ടിയുടെ മുഖം കച്ചകൊണ്ട് മറച്ചു. കുടുംബാംഗങ്ങള്‍ക്കുവേണ്ടി ചാണ്ടി ഉമ്മന്‍ ബിഷപ്പുമാര്‍ക്കും ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്കും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവര്‍ക്കും നന്ദി അറിയിച്ചു. ശേഷം 11. 43ന് കബറടത്തിലേക്ക് കൊണ്ടുപോയി. അവിടെ നടന്ന നാലാംഘട്ട ശുശ്രൂഷയ്ക്കൊടുവില്‍ രാത്രി 12ന് ശവമഞ്ചം കബറിടത്തിലേക്കിറക്കി. കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും കബറിടത്തില്‍ മണ്ണിട്ടു. അന്തരീക്ഷത്തില്‍ അന്ത്യാഭിവാദ്യമുദ്രാവാക്യങ്ങള്‍ മുഴങ്ങി. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിലെ ഒരേടായി മാറിയ ഉമ്മന്‍ ചാണ്ടി ഇനി ഓര്‍മ്മകളില്‍ മാത്രം.

ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംസ്കാരചടങ്ങുകൾ തീരുമാനിച്ചിരുന്നത്. എന്നാൽ രാത്രി വൈകിയാണ് ചടങ്ങുകള്‍ നടന്നത്. സംസ്കാര ശുശ്രൂഷയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കതോലിക്ക നേതൃത്വം നൽകി. ഇരുപത് മെത്രാപ്പൊലീത്തന്മാരും വൈദികരും സഹകാര്‍മ്മികരായി. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരത്തുനിന്നും ആരംഭിച്ച വിലാപയാത്ര രാത്രി വൈകി കോട്ടയത്ത് എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജില്ലാ അതിർത്തിയിൽ യാത്ര പ്രവേശിച്ചപ്പോൾ നേരം പുലർന്നിരുന്നു. പെരുന്നയിലെത്തുമ്പോൾ പുലർച്ചെ ആറ് മണി.

ചങ്ങനാശേരിയിൽ നിന്നും അത്രയ്ക്ക് അകലെയല്ലാത്ത തിരുനക്കര മൈതാന നഗരിയിലേക്ക് എത്തുമ്പോൾ രാവിലെ 11 മണി കഴിഞ്ഞിരുന്നു. കണക്കുകൂട്ടലുകളും സമയക്രമങ്ങളുമെല്ലാം അർത്ഥമില്ലാതാകുന്ന കാഴ്ചകളാണ് വിലാപയാത്രയിലുടനീളം കാണാനായത്. ഒരുനോക്കു കാണാൻ കരഞ്ഞുകൊണ്ട് മൃതദേഹം വഹിച്ചുകൊണ്ടുവരുന്ന വാഹനത്തിനൊപ്പം ഓടുന്നവർ, തൊഴു കൈകളോടെ നിൽക്കുന്നവർ, ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നവർ അങ്ങനെയങ്ങനെ ഒരുപാട് കണ്ണീര്‍ക്കാഴ്ചകളായിരുന്നു കോട്ടയത്തിന്റെ വഴിയിലുടനീളം. അദ്ദേഹം പഠിച്ച എസ്‌ബി കോളജിന് മുന്നിലും വാഹനം നിർത്തി അന്തിമോപചാരത്തിന് അവസരമൊരുക്കി. തിരുനക്കരയില്‍ പൊതുദർശന വേദിയിലെ തിരക്ക് കാരണം മൃതദേഹം നിശ്ചിത സമയത്ത് എടുക്കാനായില്ല. അവസാനം പൊതുദർശനം നിർബന്ധപൂർവം രണ്ടരയോടെ അവസാനിപ്പിച്ച് പുതുപ്പള്ളിയിലേക്ക്. 2.35ഓടെ തിരുനക്കരയിൽ നിന്നും തുടങ്ങിയ യാത്ര ശാസ്ത്രി റോഡിൽ പി ടി ചാക്കോയുടെ പ്രതിമയ്ക്കു സമീപമെത്തിയപ്പോൾ മൂന്നുമണിയോടടുത്തു. ഏഴു കിലോമീറ്റര്‍ അകലെ പുതുപ്പള്ളി കവലയിൽ വിലാപയാത്രയെത്തുമ്പോൾ ജനസാഗരം പൊതിഞ്ഞു. അവിടെ നിന്നും മീറ്ററുകള്‍ മാത്രം അകലെ കരോട്ടെ വള്ളക്കാലില്‍ കുടുംബവീട്ടിലേക്ക് വാഹനം എത്താൻ മണിക്കൂറുകൾ വേണ്ടി വന്നു. ആറുമണിയും കഴിഞ്ഞാണ് പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ മൃതദേഹം എത്തിക്കാനായത്. പിന്നീട് അദ്ദേഹം പുതുതായി നിർമ്മിക്കുന്ന വീടിന് സമീപവും പൊതുദർശനം നടന്നു.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പൊതു ദർശനത്തിൽ ജില്ലയുടെ ചുമതല നിര്‍വഹിക്കുന്ന സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ, ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, കൃഷി മന്ത്രി പി പ്രസാദ്സാം, സ്കാരിക മന്ത്രി സജി ചെറിയാൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി അഞ്ചു മന്ത്രിമാരും ചേർന്ന് പുഷ്പ ചക്രം സമർപ്പിച്ചു.

പള്ളിയിലെ ചടങ്ങുകൾക്ക് മുമ്പ് പുതുപ്പള്ളി കവലയ്ക്കു സമീപം നിർമിച്ചു കൊണ്ടിരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ പുതിയ വസതിയിൽ എത്തി മന്ത്രിമാരായ വി എൻ വാസവനും പി പ്രസാദും നിയമസഭാ സ്പീക്കർ എ എൻ ഷംസീറും അന്ത്യോപചാരങ്ങൾ അർപ്പിച്ചിരുന്നു. ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, സി വി ആനന്ദബോസ്, പി എസ് ശ്രീധരൻ പിള്ള, കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എഐസിസി അംഗം രാഹുല്‍ ഗാന്ധി, മുൻ മുഖ്യമന്ത്രി എ കെ ആന്റണി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള ചലച്ചിത്ര താരങ്ങൾ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍, വിവിധ സാംസ്ക്കാരിക നേതാക്കൾ തുടങ്ങിയവർ വിവിധയിടങ്ങളിലെ പൊതുദർശന പരിപാടിയിലും പുതുപ്പളളിയിലെ ചടങ്ങുകളിലും പങ്കെടുത്തു.

Eng­lish Sam­mury:  funer­al cer­e­mo­ny com­plet­ed, In mem­o­ry of Oom­men Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.